രണ്ടാം ഏകദിനം: റൂട്ട് അടിവേരായി, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച വിജയം

ലോർഡ്സിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 86 റൺസ് വിജയം. ഇംഗ്ലണ്ടിന്റെ 322 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 236 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയാൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർമാർ ഇത്തവണയും ക്യാപ്റ്റനെ നിരാശനാക്കിയില്ല, ഓപ്പണിങ് വിക്കറ്റിൽ 69 റൺസ്. ജേസൺ റോയ് 40ഉം ബെയർസ്റ്റോ 38 റൺസും നേടി. ഇരുവരും പുറത്തായ ശേഷം ഒത്തുചേർന്ന റൂട്ടും മോർഗനും ചേർന്നു ഇന്നിംഗ്സിനെ കെട്ടിപ്പടുത്തു. 51 പന്തിൽ 53 റൺസ് നേടിയ മോർഗൻ പുറത്താകുമ്പോൾ ഇംഗ്ലീഷ് സ്‌കോർ 3 വിക്കറ്റിന് 189. തുടർന്ന് 50 റൺസിനിടെ 3 വിക്കറ്റുകൾകൂടി വീണപ്പോൾ ഇംഗ്ലണ്ട് തകർച്ചയിലേക്ക് എന്നു തോന്നിച്ചെങ്കിലും റൂട്ട് അതിനൊരുക്കമായിരുന്നില്ല ഏഴാം വിക്കറ്റിൽ റൂട്ടും വില്ലിയും ചേർന്ന് 9 ഓവറിൽ 83 റൺസ് കൂട്ടിച്ചേർത്തു. വില്ലി 31 പന്തിൽ 50 റൺസ് നേടിയപ്പോൾ 116 പന്തിൽ 113 റൺസോടെ റൂട്ട് ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ നെടുംതൂണായി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ നിർലോഭം ഫുൾ ടോസുകൾ എറിഞ്ഞതും റൺ ഒഴുക്കിന് കാരണമായി. ഇന്ത്യയ്ക്കു വേണ്ടി കഴിഞ്ഞ കളിയിലെ താരം കുൽദീപ് യാദവ് 10 ഓവറിൽ 68 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

322 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കു പക്ഷെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇംഗ്ലീഷ് ബോളിങ് വിലങ്ങുതടിയായി. ഇന്ത്യൻ ഇന്നിംഗ്‌സിൽ ധവാൻ, കോഹ്ലി, റെയ്ന എന്നിവർക്കു നല്ല തുടക്കം കിട്ടിയെങ്കിലും അതു മുതലാക്കാനായില്ല. ശിഖർ ധവാൻ 36, കോഹ്ലി 45, റെയ്ന 46 എന്നിങ്ങനെ റൺസ് നേടി പുറത്തായി. വാലറ്റത്തെ കൂട്ടുപിടിച്ച് ഒരു ചെറുത്തുനില്പിന് ധോണി ശ്രമിച്ചെങ്കിലും കുത്തനെയുയർന്ന റൺറേറ്റ് പ്രതിസന്ധിയായി. ധോണി 59 പന്തിൽ 37 റൺസ് നേടി പുറത്തായി. ഹാർദിക് പാണ്ഡ്യ 21 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കെറ്റ് 10 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

സെഞ്ചുറി നേടിയ ജോ റൂട്ട് തന്നെയാണ് കളിയിലെ കേമൻ. ഫോമില്ലായ്മയാൽ വലഞ്ഞ റൂട്ടിന് ഈ ഇന്നിംഗ്സ് ആത്മവിശ്വാസം പകരും. ഇന്നത്തെ ജയത്തോടെ 3 മത്സര പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരം വീതം ജയിച്ചു സമനിലയിൽ എത്തി. ചൊവ്വാഴ്ച്ച ഹെഡിങ്‌ലിയിൽ നടക്കുന്ന അവസാന ഏകദിനത്തിന് ഇതോടെ ഫൈനലിന്റെ പ്രതീതി കൈവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here