വാങ്കഡേയിൽ ചെന്നൈയുടെ മധുരപ്രതികാരം

ഏകപക്ഷീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ സൺറൈസേഴ്സിനെ തകർത്തു ചെന്നൈ സൂപ്പർകിങ്സ്. സൺറൈസേഴ്സ് ഉയർത്തിയ 178 വിജയലക്ഷ്യം വെറും 2 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ഷെയിൻ വാട്സന്റെ സെഞ്ചുറിയാണ് ഹൈദരാബാദിനെ തറപറ്റിച്ചത്. 

ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ധവാനൊപ്പം ഗോസ്വാമിയാണ് ഇറങ്ങിയത്. ഇല്ലാത്ത റണ്ണിനോടി ഗോസ്വാമി തുടക്കത്തിൽ തന്നെ വിക്കറ്റ് തുലച്ചു. പിന്നീട് ഒത്തുചേർന്ന ഹൈദരാബാദിന്റെ സ്റ്റാർ കൂട്ടുകെട്ട് താളം കണ്ടെത്താൻ സമയമെടുത്തു. 26 റണ്ണുമായി ധവാൻ പുറത്തായെങ്കിലും സീസണിൽ ആദ്യമായി സൺറൈസേഴ്സ് മധ്യനിര താളംകണ്ടെത്തി. വില്യംസണിന്റെ വിക്കറ്റ് നഷ്ട്ടമായശേഷം യുസുഫ് പത്താൻ, ഷാകിബ് അൽ ഹസൻ, ബ്രാത്വൈറ്റ് എന്നിവർ വമ്പനടികളിലൂടെ സ്കോർ 178ൽ എത്തിച്ചു. 25 ബോളിൽ 45 റണ്ണെടുത്ത യുസുഫ് ആയിരുന്നു ഏറ്റവും അപകടകാരി. ചെന്നൈ ബോളിങ് നിരയിൽ ദീപക് ചഹാർ, ലുങ്കി എങ്കിടി എന്നിവർ റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്കുകാട്ടി. 

ചെന്നൈ ബാറ്റിംഗ് തുടക്കത്തിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു. 5 ഓവറിൽ ഡുപ്ലെസിയുടെ വിക്കറ്റ് നഷ്ടത്തിൽ വെറും 20 റണ്ണാണ് ചെന്നൈ നേടിയത്. മത്സരം ഹൈദരാബാദ് ബൗളേഴ്സ് കൈപ്പിടിയിൽ ഒതുക്കുമെന്ന് തോന്നിയ നിമിഷങ്ങൾ. 6ആം ഓവറിൽ സന്ദീപ് ശർമയെ ബൗണ്ടറി കടത്തിക്കൊണ്ട് വാട്സൺ മത്സരഗതി തിരിച്ചുവിട്ടു. പിന്നീടങ്ങോട്ട് വാട്സൺ സംഹാരതാണ്ഡവമാടുന്നതാണ് വാങ്കഡേയിൽ തടിച്ചുകൂടിയ ആരാധകർ സാക്ഷ്യംവഹിച്ചത്. റഷീദ് ഖാനും ഭുവനേശ്വർ കുമാറുമൊഴികെ മറ്റെല്ലാ ബൗളേഴ്സും കണക്കിന് തല്ലുവാങ്ങി. റഷീദ് ഖാനെ വാട്സൺ-റെയ്ന കൂട്ടുകെട്ട് തന്ത്രപരമായി നേരിട്ടു, റിസ്കി ഷോട്ടുകൾക്കു ശ്രമിക്കാതെ വിക്കറ്റ് കാത്തു. 14ആം ഓവറിൽ റെയ്ന പുറത്താകുമ്പോളേക്കും ചെന്നൈ വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. സീസണിലെ രണ്ടാം സെഞ്ചുറി നേടിയ വാട്സനാണ് കളിയിലെ കേമൻ. 

ഇന്നത്തെ വിജയത്തോടെ ചെന്നൈ തങ്ങളുടെ 3ആം കിരീടം സ്വന്തമാക്കി. വയസൻ പട എന്ന് ആക്ഷേപിച്ചവർക്കുള്ള മറുപടി ഇതിലും മനോഹരമായി എങ്ങനെ നൽകും. ധോണി എന്ന കൗശലക്കാരനായ ക്യാപ്ടന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു IPL കിരീടംകൂടി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചെന്നൈയെ അകമഴിഞ്ഞ് പിന്തുണച്ച ആരാധകർക്ക് ഇന്ന് ആർത്തുല്ലസിക്കാം. 

LEAVE A REPLY

Please enter your comment!
Please enter your name here