സമനിലയില്‍ വീണ് കാനറിക്കൂട്ടവും

റഷ്യൻ ലോകകപ്പില്‍ സമനിലയുടെ പൂട്ട് അവസാനിക്കുന്നില്ല. സ്പെയ്ന്‍, അർജന്റീന എന്നിവരുടെ സമനിലയ്ക്കും ചാമ്പ്യന്മാരായ ജർമനിയുടെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനും തിരിച്ചടി നേരിട്ടിരിക്കുന്നു. ഗ്രൂപ്പ് ഇ യിലെ രണ്ടാം മത്സരത്തിൽ സ്വിറ്റ്‌സർലണ്ടാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്. സാംബാ താളം പ്രതീക്ഷിച്ചു കളി കണ്ട ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞ ഒരു മത്സരമായിരുന്നു സ്വിറ്റ്സര്‍ലാണ്ടിന്റെത്.

കിക്കോഫ്‌ കഴിഞ്ഞുള്ള നിമിഷങ്ങളില്‍ കളിയില്‍ ആധിപത്യം സ്ഥപിക്കുന്നതിന്റെതായ സൂചനകള്‍ കാണിച്ച ബ്രസീല്‍ സ്വിസ്സ് ഗോള്‍ മുഖത്ത് നിരന്തര ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. ആദ്യം കാനറികളോട് പൊരുതിനിന്ന സ്വിസ്‌ ടീം പതിയെ പതറിത്തുടങ്ങി. തുടരെ ഗോൾമുഖം വിറപ്പിച്ച ബ്രസീൽ ഒടുവിൽ ഫിലിപ്പെ കുടീഞ്ഞോയുടെ മാസ്മരികഗോളോടെ മുന്നിലെത്തി.

ഗോള്‍ വീണതിനു ശേഷം വിംഗുകളിലൂടെ കൂടുതല്‍ ആക്രമണം നടത്തിയ ബ്രസീലിനെതിരേ പലപ്പോഴും പരിക്കന്‍ അടവുകളാണ് സ്വിസ് ടീം പുറത്തെടുത്തത്. സൂപ്പര്‍ താരം നെയ്മറെ പൂട്ടി സ്വിസ്സ് താരങ്ങള്‍ ബ്രസീല്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചു. മെസ്സിയെ ഐസ്ലാന്‍ഡ് താരങ്ങള്‍ മാര്‍ക്ക് ചെയ്തതിനു സമാനമായ ഒന്നാണ് നെയ്മറിനും നേരിടേണ്ടി വന്നത്. മറുവശത്ത് യൂറോപ്യന്‍ മെസിയെന്ന് വിളിപ്പേരുള്ള ഷക്കീരിയുടെ ചില നീക്കങ്ങള്‍ ബ്രസീലിയന്‍ പ്രതിരോധത്തെ പരീക്ഷിക്കുന്നവയായിരുന്നു.

രണ്ടാം പകുതിയിൽ കൂടുതൽ ലക്ഷ്യബോധത്തോടെ പന്തുതട്ടാൻ തുടങ്ങി സ്വിറ്റ്സര്‍ലാണ്ടിനെയാണ് കാണാന്‍ സാധിച്ചത്. ബ്രസീലിയന്‍ പ്രതിരോധത്തിന് നിരന്തരം തലവേദയനയിരുന്ന സൂപ്പർതാരം ഷാക്വിരിയുടെ കോർണറിൽ നിന്നും സുബർ ടീമിന് സമനില സമ്മാനിച്ചു. കളിയുടെ ഒഴിക്കിനെതിരെ വീണ ഗോള്‍ സ്വിസ്സ് പോരാളികള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നേകി. ഗോള്‍ വീണ ശേഷം ബ്രസീല്‍ ഉണര്‍ന്നെങ്കിലും സ്വിസ്സ് പ്രതിരോധത്തെ പിളര്‍ത്താന്‍ റ്റിറ്റെയുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍ക്കായില്ല. അവസാന നിമിഷങ്ങളില്‍ ജീസസിനെ മാറ്റി പകരം ഫിര്‍മിനോയെ ഇറക്കി നോക്കിയെങ്കിലും മത്സരം സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പിലെ ആദ്യമത്സരം കോസ്റ്റാറിക്കയുമായി ജയിച്ച സെർബിയ ആണ് ഗ്രൂപ്പിൽ ഒന്നാമത്.

LEAVE A REPLY

Please enter your comment!
Please enter your name here