നാണം കെട്ട് അര്‍ജന്റീന

ക്രൊയേഷ്യക്ക് എതിരായ മത്സരത്തിൽ അർജന്റീനയ്ക്ക് കനത്ത പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാരെ ക്രോയേഷ്യ പരാജയപ്പെടുത്തിയത്. ക്രൊയേഷ്യക്ക് വേണ്ടി റെബിചും ലൂക്കാ മോഡ്രിച്ചും റാക്കറ്റിച്ചുമാണ് ഗോളുകളടിച്ചത് ഗോളടിച്ചത്. ഡിബാല, റോഹോ, ഏയ്‌ഞ്ചല്‍ ഡിമരിയ, എവര്‍ ബനേഗ, പാവോണ്‍ തുടങ്ങി പ്രമുഖ താരങ്ങളെയൊന്നും കളത്തിൽ ഇറക്കാതെയാണ് സാംപോളി മത്സരമാരംഭിച്ചത്.

നാലാം മിനിറ്റിലെ പെരിസിച്ചിന്റെ ഗോൾശ്രമം ഏറെ പണിപ്പെട്ടാണ് ഗോള്‍ കീപ്പര്‍ കബല്ലെറോ തട്ടിയകറ്റിയത്. ആദ്യ പത്തുമിനിട്ടിൽ തീർത്തും നിറംമങ്ങിയ അർജന്റീനിയൻ മധ്യനിര പിന്നീട് കളത്തിൽ നിറയാൻ തുടങ്ങിയെങ്കിലും അവസരങ്ങളധികം തുറന്നെടുക്കാനായില്ല. 30ആം മിനിറ്റിൽ ക്രൊയേഷ്യയുടെ പ്രതിരോധപ്പിഴവിൽ നിന്നും ലഭിച്ച സുവർണ്ണാവസരം പെരെസ് സൈഡ് നെറ്റിലേക്കടിച്ചു കളഞ്ഞത് അവിശ്വനീയമായ കാഴ്ചയായിരുന്നു. മൂന്നുമിനിട്ടിനകം അർജന്റീനയുടെ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിച്ച മാൻസൂക്കിച്ചിന്റെ ഹെഡ്ഡർ പോസ്റ്റിന് പുറത്തേക്ക് പോയി. ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്ത ആദ്യപകുതിയിൽ കളിയുടെ താളം നിലനിർത്താൻ റഫറിക്ക് ഏറെ പണിപ്പെടേണ്ടിവന്നു.

ക്രൊയേഷ്യയുടെ കൗണ്ടർഅറ്റാക്കിനുള്ള ശ്രമം ഫൗളിലൂടെ തടഞ്ഞ അര്‍ജന്റീനിയന്‍ ഡിഫണ്ടര്‍ മെർകാഡോയുടെ യെല്ലോകാർഡോടെയാണ് രണ്ടാംപകുതി തുടങ്ങിയത്. തൊട്ടു പിന്നാലെ അഗ്യൂറോ പോസ്റ്റിലേക്ക് ഷോട്ടുതിർത്തതോടെ അർജന്റീന ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന തോന്നലുയരവെയാണത് സംഭവിച്ചത്. തികച്ചും നിരുപദ്രവപരമായൊരു ബോൾ. തന്നിലേക്ക് വന്ന മൈനസ് പാസിനെ മധ്യവര കടത്താൻ ആവോളം സമയം കയ്യിലുണ്ടായിട്ടും കബല്ലെറോ ചെയ്തത് മറ്റൊന്ന്. ഓടിയെത്തിയ റെബിച്ചിന്റെ തലയ്ക്ക് മുകളിലൂടെ കോരിയിടാനുള്ള ശ്രമം പിഴച്ചപ്പോൾ പന്ത് തളികയിലെന്നവണ്ണം റെബിച്ചിന്റെ മുന്നിൽ. ഒന്നാന്തരമൊരു വോളിയിലൂടെ താരം വലകുലുക്കിയപ്പോൾ നിസ്സഹായനായി കബല്ലെറോ നോക്കിനിന്നു..

പിന്നീടു ഹിഗ്വയ്‌നും ഡിബാലയും കളത്തിലിറങ്ങിയെങ്കിലും ഗോൾമാത്രം അര്‍ജന്റീനയ്ക്ക് അകന്നുനിന്നു. ആല്‍ബിസെലസ്റ്റുകളുടെ തിരിച്ചുവരാനുള്ള പരിശ്രമങ്ങളെ പാടെ തകർത്തുകൊണ്ട് ഒന്നാന്തരമൊരു വലംകാലനടിയിലൂടെ മോഡ്രിച്ച് ക്രൊയേഷ്യയെ വീണ്ടും മുന്നിലെത്തിച്ചു. കളിയിലുടനീളം പാടെ പരാജയമായ പ്രതിരോധനിര ഓഫ്‌സൈഡ് വിളിയും കാത്തുനിൽക്കേ കൊവാച്ചിച്ചിന്റെ സെല്‍ഫ് ലെസ്സായ ഒരു പസ്സില്‍ നിന്ന് റാക്കിറ്റിച്ച് അർജന്റീനയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here