നൈജീരിയയുടെ ഹൃദയം തകർത്തു അർജന്റീന പ്രീ ക്വാർട്ടറിൽ

ഇനി അർജന്റീന ആരാധകർക്ക് ആഘോഷിക്കാം. നൈജീരിയയെ മറികടന്ന് അർജന്റീനയും മെസ്സിയും പ്രീ ക്വാർട്ടറിൽ സീറ്റ്‌ ഉറപ്പിച്ചു. ജയത്തിൽ കുറഞ്ഞൊന്നും രക്ഷയില്ലെന്ന നിലയിൽ മത്സരം തുടങ്ങിയ അർജന്റീന ആദ്യ പകുതിയിൽ നന്നായി തുടങ്ങി. ക്രോയേഷ്യയോട് നേരിട്ട തോൽവിക്കുശേഷം ഫോർമേഷൻ മാറ്റി 4-4-2 എന്ന രീതിയിലാണ് ടീം ഇറങ്ങിയത്. ഹിഗ്വേയ്‌നും ഡി മരിയയും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തി. 14ആം മിനിറ്റിൽ സൂപ്പർതാരം മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ബനേഗയുടെ അളന്നുമുറിച്ച പാസ്‌ മനോഹരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച മെസ്സി ഗോൾകീപ്പറെ മറികടന്ന് ലക്ഷ്യം കണ്ടു. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോൾ. മൂസയിലൂടെ നൈജീരിയ പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മമൂലം ഗോൾ മാത്രം വിട്ടുനിന്നു. 
രണ്ടാംപകുതിയുടെ തുടക്കത്തിൽ നൈജീരിയ താളംകണ്ടെത്തി. 49ആം മിനിറ്റിൽ മഷെറാനോ വരുത്തിയ ഫൗളിന് റഫറി നൈജീരിയക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത വിക്ടർ മോസസിന് പിഴച്ചില്ല. സമനിലഗോൾ വീണതോടെ അർജന്റീന സമ്മർദ്ദത്തിലായി. അവസരം മുതലെടുത്തു നൈജീരിയ അർജന്റീനയുടെ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് പെനാൽറ്റി ബോക്സിൽവച്ച് റോഹോയുടെ കയ്യിൽ പന്തുതട്ടിയെങ്കിലും VARന്റെ സഹായം തേടിയ റഫറി പെനാൽറ്റി അനുവദിച്ചില്ല. 
സമനില വഴങ്ങി അർജന്റീന പുറത്താക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്. രക്ഷകനെപ്പോലെ റോഹോ അവതരിച്ചു. 86ആം മിനിറ്റിൽ മെർകാഡോ ബോക്സിനുള്ളിലേക്ക് നീട്ടിയ ബോൾ അതിശക്തമായ വലംകാലൻ ഷോട്ടിലൂടെ റോഹോ ഗോളാക്കിമാറ്റിയപ്പോൾ അക്ഷരാർഥത്തിൽ ഗാലറി പൊട്ടിത്തെറിച്ചു. അവസാന മിനിറ്റുകളിൽ നൈജീരിയ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ജയത്തോടെ ക്രോയേഷ്യയ്ക്കു പിന്നിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here