എന്തുകൊണ്ടാണ് ഫുട്ബോൾ ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്ന ഒരു കളി ആകാൻ കാരണം? ഒരുപക്ഷെ ഓരോ നിമിഷവും ജയപരാജയങ്ങൾ മാറിമറിയാം എന്ന വസ്തുതകൊണ്ടാവാം. പ്രവചനാതീതമായ എന്തും എപ്പോഴും കാണികളെ ത്രസിപ്പിച്ചിട്ടേയുള്ളു. അങ്ങനെ നോക്കുമ്പോൾ ഒരുപക്ഷെ കളിക്കുന്ന 22 കളിക്കാരെക്കാളും പ്രാധാന്യം അർഹിക്കുന്നത് കളി നിയന്ത്രിക്കുന്ന റഫറി ആയിരിക്കും. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ചിലപ്പോൾ ഒരു കളിയുടെ മാത്രമല്ല ഒരു ടൂർണമെന്റിന്റെ തന്നെ ഗതി മാറ്റാൻ കെല്പുള്ളതാണ്.
ഗ്രൂപ്പ് ഡി ലെ അവസാന റൗണ്ട് പോരാട്ടം ആയിരുന്നു ഇന്നലെ എല്ലാവരും ഉറ്റുനോക്കിയത്. കാരണം മറ്റൊന്നുമല്ല, അഞ്ചു തവണ ലോകഫുട്ബോളർ ആയ മെസ്സിയുടേം അർജന്റീനയുടേയും ഭാവി തങ്ങളുടെ അവസാന മത്സരത്തിന്റെ ഫലം ആശ്രയിച്ചായിരുന്നു. ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുക എന്ന നാണക്കേട് താങ്ങാൻ കളിക്കുന്ന 11 പേർക്കോ ലോകം മുഴുവനുള്ള അർജന്റീന ആരാധകർക്കോ സാധിക്കുമായിരുന്നില്ല. അവർക്ക് കടക്കാനുള്ള കടമ്പയും വലുതായിരുന്നു. അവസാന കളി ഐസ്ലാൻഡിനെ തറപറ്റിച്ച ആത്മവിശ്വാസവുമായി വരുന്ന നൈജീരിയ. റഷ്യയിലെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ഒരോ ആരാധകർക്കും അറിയാമായിരുന്നു തങ്ങൾ ചരിത്രത്തിന്റെ ഒരു ഭാഗം ആവുകയാണെന്ന്.
കളിയിലെ 14ആം മിനുട്ടിൽ ഗോൾ അടിച്ച അർജന്റീന കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. പക്ഷെ കളി മാറിമറിഞ്ഞത് അപ്പോളായിരുന്നില്ല. മുഖത്തു ഒരു മുറിവും അതിൽ നിന്ന് ഒലിക്കുന്ന രക്തവും വെച്ച് കളിക്കുന്ന ഹവിയര്‍ മഷറാനോയെ ആർക്കും മറക്കാൻ പറ്റില്ല. കളിയിൽ ഉടനീളം അർജന്റീനയുടെ ഡിഫെൻസിനേയും അറ്റാക്കിനെയും ചേർത്തുപിടിച്ച കളിക്കാരൻ. ഡിഫെൻസിൽ നിന്ന് പന്ത് വാങ്ങി നൈജീരിയയെ കീറിമുറിച് പാസുകൾ ഇട്ട അർജന്റീന നിരയിലെ കഠിനാധ്വാനി. ഒരുപക്ഷെ ഇന്നലെ മെസ്സിക്കാൾ നന്നായികളിച്ച മറ്റൊരു അർജന്റീന കളിക്കാരൻ. പൊതുവെ ഡിഫെൻസിലെ തെറ്റുകൾ തലവേദന ആയിരുന്ന അർജന്റീനയ്ക്ക് മഷറാനോ ഇല്ലാതെ കളിക്കുക ചിന്തിക്കാൻ തന്നെ പ്രയാസം ആയിരുന്നു. ഇവിടെ ആയിരുന്നു റഫറി നൈജീരിയയുടെ വില്ലൻ ആയത്.
ഫിഫ നിയമപ്രകാരം ഒരു കളിക്കാരൻ രക്തം ഒലിച്ചുകൊണ്ടു കളിക്കളത്തിൽ ഉണ്ടാകാൻ പാടില്ല. അങ്ങെനെ ഒരാളെ കളിക്കാൻ ഒരിക്കലും റഫറി അംഗീകരിക്കാൻ പാടില്ല എന്ന് മാത്രമല്ല ചോര പറ്റിയ ജേഴ്സി പോലും മാറ്റിയിട്ടു മാത്രമേ അദ്ദേഹത്തെ കളികളത്തിലേക്ക് തിരികെ വിളിക്കാൻ പാടുള്ളു. മുറിവ് പരിചരിച്ചു കഴിഞ്ഞാൽ ചോരപ്പാടുകൾ പോലും കാണാൻ പാടില്ല എന്നും നിയമം ഉണ്ടെങ്കിൽ പോലും ഇതൊന്നും വകവെക്കാതെ ആയിരുന്നു ഇന്നലെ റഫറി മഷറാനോയെ കളിയിൽ തുടരാൻ അനുവദിച്ചത്. കളിയിൽ ഉടനീളം നൈജീരിയ്ക്ക് എതിരായ തീരുമാനങ്ങൾ എടുത്ത റഫറി അവസാനം വാർ ഉപയോഗിച്ച് ഒരു പെനാൽറ്റിയും നൈജീരിയക്ക് നിഷേധിച്ചു.
കളി സമനിലയിൽ പിടിച്ച നൈജീരിയ ഒടുവിൽ 86ആം മിനുട്ടിൽ ആയിരുന്നു ലീഡ് വഴങ്ങിയത്. മഷറാനോ വൈദ്യസഹായത്തിനായി വിട്ടുനില്‍ക്കുകയോ, പിന്‍വാങ്ങുകയോ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ അര്‍ജന്റീയ്ക്ക് കളിയുടെ കടിഞ്ഞാണ്‍ നഷ്ടപ്പെടുമായിരുന്നു. ഒരുപക്ഷേ കളിയുടെ വിധി തന്നെ മറ്റൊന്ന് ആകുമായിരുന്നു. ഇൗ ലോകകപ്പിൽ കണ്ടുവരുന്ന റഫറിമാരുടെ തെറ്റായ തീരുമാനങ്ങളുടെ ഒരു തുടർക്കഥ ആയിരുന്നു ഇന്നലെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയം സാക്ഷി ആയത്. ഇതിന് ഒരു മാറ്റം ഉടനെ വന്നില്ലെങ്കിൽ ഒരുപക്ഷേ നഷ്ടമാവുക ഫുട്ബോൾ എന്ന ഗെയിമിന്റെ അപ്രവചനീയത ആണ്. അതിന്റെ സൗന്ദര്യം ആണ്…