വിൻഡീസ് ബൗളിംഗിന് മുൻപിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. കണിശതയാർന്ന വിൻഡീസ് ബൗളിംഗിന് മുന്നിൽ ബംഗ്ലാദേശ് 43 റൺസിന് ഓൾ ഔട്ട് ആയി. 25 റൺസ് നേടിയ ഓപ്പണർ ലിറ്റൻ ദാസിനൊഴികെ ആർക്കും രണ്ടക്കം കടക്കാനായില്ല. ടീമിലെ നാല് ബാറ്സ്മാന്മാർ റൺസൊന്നും എടുക്കാതെ പുറത്തായി.

5ആം ഓവറിൽ വിൻഡീസ് പേസ് ബൗളർ കെമർ റോച്ച് ആണ് ബംഗ്ലാദേശ് തകർച്ചയ്ക്ക് തുടക്കമിട്ടത്. ഓവറിന്റെ അവസാന പന്തിൽ ഓപ്പണർ തമീം ഡൗറിച്ചിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ഒരു വശത്ത് നിന്നും തുടർച്ചയായി വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 7ആം ഓവറിൽ മോമിനുൾ ഹഖിനെ മടക്കിയ റോച്ച് 9ആം ഓവറിൽ ബംഗ്ലാദേശിന്റെ മൂന്ന് മുൻനിര ബാറ്സ്മാന്മാരെ പവലിയനിലേക്ക് അയച്ചു. റഹിം,ഷാഖിബ്,മഹമ്മദുള്ള എന്നിവരാണ് 9ആം ഓവറിലെ റോച്ചിന്റെ ഇരകൾ. ഈ മൂന്ന് വിക്കറ്റുകളോടെ റോച്ച് 5 വിക്കറ്റ് നേട്ടവും തികച്ചു.

അടുത്ത ഊഴം മിഗുവൽ കുമ്മിൻസിന്റേത് ആയിരുന്നു. ടോപ്പ് സ്‌കോറർ ലിറ്റൻ ദാസിനെ റോഷ്‌റ്റൻ ചേസിന്റെ കൈകളിൽ എത്തിച്ച കുമ്മിൻസ് തുടരെയുള്ള 2 ഓവറുകളിൽ 3 വിക്കറ്റുകൾ നേടി. അവശേഷിച്ച 2 വിക്കറ്റുകൾ ക്യാപ്റ്റൻ ജെസൺ ഹോൾഡർ നേടി. വെറും 18.4 ഓവറുകൾ മാത്രം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ടെസ്റ്റ് മാച്ച് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് പിറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here