അവസാന നിമിഷം ബെൽജിയം. ജപ്പാന് തലയുയർത്തി മടക്കം.

റഷ്യൻ ലോകകപ്പിലെ അവസാന ഏഷ്യൻ രാജ്യവും പുറത്ത്. ബെൽജിയത്തോട് ജപ്പാൻ പരാജയപ്പെട്ടത് 3-2ന്. ആവേശകരമായ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം വന്നത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ജപ്പാന്റെ മടക്കം തലയുയർത്തിപ്പിടിച്ചാണ്.

തുടക്കം മുതൽ കൗണ്ടർ അറ്റാക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ജപ്പാൻ ഇനുയിയിലൂടെ ചില മുന്നേറ്റങ്ങൾ നടത്തി. പ്രതിരോധം ഫലപ്രദമായി തന്നെ ബെൽജിയൻ അറ്റാക്കുകളെ തടയുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവുമധികം ഗോളുകൾ അടിച്ച ബെൽജിയത്തിന് ശുഭകരമായിരുന്നില്ല ആദ്യ പകുതി. ആദ്യപകുതി അവസാനിക്കുമ്പോൾ സ്കോർ 0-0.

രണ്ടാം പകുതിയിൽ ബെൽജിയത്തിന്റെ ഗോളുകൾ പ്രതീക്ഷിച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായി ജപ്പാന്റെ മുന്നേറ്റം. രണ്ടാം പകുതി തുടങ്ങി 7 മിനിറ്റിനുള്ളിൽ 2 ഗോളുകൾ. 48ആം മിനിറ്റിൽ ഷിബാസാക്കിയുടെ പാസിൽ നിന്നും ഹരാഗുച്ചി തൊടുത്ത ഷോട്ട് ബെൽജിയൻ ഗോളി കോർട്വായ്ക്ക് അവസരം നൽകാതെ വലയിൽ. 4 മിനിട്ടുകൾക്ക് ശേഷം ഇനുയ് ബോക്സിന് വെളിയിൽ നിന്നുള്ള ഷോട്ടിലൂടെ വീണ്ടും ലക്ഷ്യം കണ്ടു, സ്കോർ 2-0. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും ജപ്പാൻ പിന്നിലേക്ക് വലിഞ്ഞു കളിക്കാൻ ശ്രമിച്ചില്ല.

ഗോൾ തിരിച്ചടിക്കാൻ കിണഞ്ഞു പരിശ്രമിച്ച ബെൽജിയത്തിന് ഡിഫൻഡർ വെർട്ടോങ്കൻ 69ആം മിനിറ്റിൽ രക്ഷക്കെത്തി. മനോഹരമായി പ്ലെയ്‌സ് ചെയ്ത ഹെഡർ വലയിൽ. അടുത്ത ഊഴം പകരക്കാരനായി ഇറങ്ങിയ ഫെല്ലൈനിയുടേത് ആയിരുന്നു. 74ആം മിനിറ്റിൽ ഹസാർഡിന്റെ ക്രോസ്സ് ജപ്പാൻ ഡിഫൻഡറിന്റെ മുകളിൽ കൂടി ചാടി ഉള്ള ഹെഡർ. കളിയുടെ വിധിയെഴുത്ത് അധിക സമയത്തേക്ക് നീങ്ങും എന്ന് കരുത്തുമ്പോളാണ് ബെൽജിയത്തിന്റെ വിജയഗോൾ എത്തുന്നത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഡി ബ്ര്യൂണയിലൂടെ നടത്തിയ മികച്ച കൗണ്ടർ അറ്റാക്കിനോടുവിൽ പകരക്കാരനായി ഇറങ്ങിയ ചാഡ്ലിയുടെ ഫിനിഷ്.

LEAVE A REPLY

Please enter your comment!
Please enter your name here