കാനറികൾ ക്വാർട്ടറിലേക്ക്

നെയ്മറിന്റെയും ഫിർമിനോയുടെയും ഗോളുകളുടെ മികവിൽ ബ്രസീൽ ക്വാർട്ടറിലേക്ക്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ജർമ്മനിയെ അട്ടിമറിച്ചു എത്തിയ മെക്സിക്കോയ്ക്ക് വീണ്ടും പ്രീ ക്വാർട്ടറിൽ തോറ്റുമടങ്ങാനായിരുന്നു വിധി. തുടർച്ചയായ 7ആം തവണയാണ് മെക്സിക്കോ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കടക്കാനാവാതെ പുറത്താകുന്നത്. 1 ഗോളും 1 അസിസ്റ്റുമായി സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

സമീപകാലത്തെ ബ്രസീലിനെതിരെയുള്ള മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ മെക്സിക്കോ ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പൊരുതി. കൗണ്ടർ അറ്റാക്കുകളിലൂടെ മെക്സിക്കോ ബ്രസീലിനെ പരീക്ഷിച്ചെങ്കിലും, ശക്തമായ ബ്രസീൽ പ്രതിരോധനിരയെ മറികടക്കാനായില്ല. ഗോൾരഹിത സമനിലയിലാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാംപകുതിയിൽ ബ്രസീലിന്റെ മേധാവിത്വമാണ് കണ്ടത്. 51ആം മിനിറ്റിൽ നെയ്മർ മെക്സിക്കോയുടെ വല കുലുക്കി. ഇടതുവിങ്ങിലൂടെ ഓടിക്കയറിയ വില്ലിയൻ നൽകിയ ക്രോസ്സ് നെയ്മർ ലക്ഷ്യത്തിലെത്തിച്ചു. പിന്നീടങ്ങോട്ട് ബ്രസീൽ കളി നിയന്ത്രിച്ചു. പകരക്കാരനായി ഇറങ്ങിയ ഫിർമിനോയുടെതായിരുന്നു അടുത്ത ഊഴം. 88ആം മിനിറ്റിലായിരുന്നു ഫിർമിനോയുടെ ഗോൾ. ടൂർണമെന്റിൽ ഉടനീളം തകർപ്പൻ ഫോം തുടർന്ന മെക്സിക്കൻ ഗോൾകീപ്പർ ഒച്ചോവയുടെ പ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്നു മെക്സിക്കോയെ രക്ഷിച്ചത്. നെയ്മറുടെ ഗോളോടെ ലോകകപ്പിൽ ഏറ്റവുമധികം ഗോളടിച്ച രാജ്യത്തിന്റെ റെക്കോർഡ് ഇനി ബ്രസീലിനു സ്വന്തം (227 ഗോളുകൾ). ജർമനിയെയാണ് ബ്രസീൽ മറികടന്നത് (226 ഗോളുകൾ).

ജപ്പാൻ – ബെൽജിയം മത്സരത്തിലെ വിജയിയാണ് ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here