നെയ്മറിന്റെ മടങ്ങിവരവില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്തു ബ്രസീല്‍

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ശക്തരായ ക്രൊയേഷ്യയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തകര്‍ത്തു കാനറികള്‍ വരവറിയിച്ചു. പരിക്ക് മാറി തിരിച്ചെത്തിയ സുപ്പര്‍ താരം നെയ്മറും, ഫിര്‍മിനോയുമാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന്റെ ഹോം സ്റ്റേഡിയമായ ആന്‍ഫീല്‍ഡിലായിരുന്നു മത്സരം നടന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ കളി ചൂട് പിടിച്ചത് രണ്ടാം പകുതിയില്‍ മാത്രമാണ്. പൗളിഞ്ഞോ, കാസമീറൊ, ഫെർണൻഡീഞ്ഞോ ത്രയത്തിന്റെ ആദ്യ ഇലവനില്‍ ഇറക്കിയ റ്റിറ്റെ ആദ്യ പകുതിയില്‍ എതിരാളിയുടെ ശക്തി അളക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ കൂട്ടിഞ്ഞോ മിഡ്ഫീല്‍ഡിലേക്ക് വന്നതിനു ശേഷം ആണ് ബ്രസീലിന്റെ ഭാഗത്ത്‌ നിന്ന് ഭാവനപൂര്‍ണമായ മുന്നേറ്റങ്ങള്‍ ഉണ്ടായത്. ൪൬ആം മിനുട്ടില്‍ ആണ് സുപ്പര്‍ താരം നെയ്മര്‍ കലതിളലിറങ്ങിയത്. പരിക്ക് പറ്റി ഇത്രയും നാള്‍ പുറത്തിരുന്നതിന്റെ യാതൊരു പ്രശ്നവും താരത്തിന്റെ കളിയില്‍ പ്രകടമായില്ല. ചെല്‍സി താരം വില്ല്യന്റെ മുന്നെറ്റത്തില്‍ നിന്നാണ് 69 ആം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നത്‌. പെനാല്‍റ്റി ബോക്സില്‍ നെയ്മറിനു മറിച്ചു കിട്ടിയ പാസ്‌ താരം രണ്ടു ഡിഫണ്ടര്‍മാരെ വെട്ടിയൊഴിഞ്ഞു പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ സ്കോര്‍ 1-0. ഗോൾ വീണതിനു ശേഷം രണ്ടു ടീമുകളും ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഒന്നും ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. കളിയുടെ അവസാന നിമിഷങ്ങളില്‍ ഫിര്‍മിനോയ്ക്ക് മാത്രമാണ് പിന്നീട് വല ചലിപ്പിക്കാന്‍ കഴിഞ്ഞത്.

ഈ മത്സരത്തോട് കൂടി ടിറ്റെയുടെ കീഴിൽ ബ്രസീൽ 20 മത്സരങ്ങള്‍ തികച്ചപ്പോള്‍ 16 ജയം, 3 സമനില, 1 തോല്‍വി എന്നിങ്ങനെയാണ് കണക്കുകള്‍. ബദ്ധവൈരികളായ അര്‍ജന്റീനയ്ക്ക് മാത്രമാണ് റ്റിറ്റെയുടെ ബ്രസീലിനെ തോല്പിക്കനായത്. ഈ മത്സരങ്ങളില്‍ 44 ഗോളുകള്‍ നേടിയ ടീം വഴങ്ങിയത് 5 ഗോളുകള്‍ മാത്രമാണ്. മാത്രമല്ല 15 ക്ലീന്‍ ഷീറ്റുകളും ഈ ടീമിന് സ്വന്തം കണക്കിലുണ്ട്. പത്താം തിയ്യതി ഓസ്ട്രിയക്കെതിരെയാണ് ബ്രസീലിനു അടുത്ത സന്നാഹ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here