കാനറികള്‍ പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പിലെ അവസാനറൗണ്ട് മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് മറികടന്ന ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അവസാനപതിനാറിൽ ഇടമുറപ്പിച്ചു. തുടര്‍ച്ചയായ 13ആം തവണയാണ് കാനറികള്‍ ആദ്യ റൗണ്ട് വിജയകരമായി പിന്നിട്ടു രണ്ടാം റൗണ്ടിലെത്തുന്നത്. അതോടൊപ്പം സ്വതന്ത്ര രാജ്യമയത്തിനു ശേഷം പങ്കെടുത്ത മൂന്ന് ടൂര്‍ണമെന്റുകളിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന്റെ മോശം റെക്കോര്‍ഡ് സെര്‍ബിയയേം തേടിയെത്തി.

കളി തുടങ്ങി ആദ്യനിമിഷങ്ങളിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ഇരുനിരകളും മധ്യനിരയിൽ മേധാവിത്വം സ്ഥാപിക്കാൻ മത്സരിച്ചതോടെ മത്സരം ചൂടുപിടിച്ചു. സ്വതസിദ്ധമായ ശൈലിയിൽ ബ്രസീല്‍ കളംനിറയാൻ തുടങ്ങിയെങ്കിലും പ്രതിരോധത്തിലെ മികവു കൊണ്ട് സെർബിയ പിടിച്ചുനിന്നു. പ്രതിരോധത്തെയും ആക്രമണത്തെയും സമന്വയിപ്പിക്കാറുള്ള റയല്‍ മാഡ്രിഡ്‌ താരം മാഴ്‌സെലോ മത്സരത്തിലെ ആദ്യ നിമിഷങ്ങളില്‍ തന്നെ പരുക്കേറ്റ് പുറത്തുപോയത് ബ്രസീൽ ആരാധകർ ആശങ്കയോടെയാണ് വീക്ഷിച്ചത്. എന്നാൽ പതിയെ കാനറികൾ കളിയിൽ പിടിമുറുക്കി.

37ആം മിനിറ്റിൽ മഞ്ഞപ്പട കാത്തിരുന്ന നിമിഷം വന്നെത്തി. സെര്‍ബിയന്‍ ഡിഫെണ്ടര്‍മാര്‍ക്കിടയിലൂടെ കുട്ടീഞ്ഞോ നല്‍കിയ അളന്നു കുറിച്ച ഒരു പാസ്‌ പൗളീഞ്ഞോ വലയിലെത്തിച്ചു. സെർബിയൻ ശ്രമങ്ങളൊക്കെയും കോർണറുകളിലൊതുങ്ങിയതോടെ ആദ്യപകുതി ബ്രസീലിന്റെ പേരിൽ കുറിക്കപ്പെട്ടു. നെയ്മറിന്റെ, പോസ്റ്റിനെ ഉരുമ്മിയെന്നവണ്ണം കടന്നുപോയ ഒന്നാന്തരമൊരു ഷോട്ടിലൂടെയാണ് ആദ്യപകുതി അവസാനിച്ചത്.

രണ്ടാംപകുതിയുടെ തുടക്കത്തിൽ കൂടുതൽ ഉണർവോടെ പന്തുതട്ടാൻ സെർബിയക്കായി. പത്തോളം മിനിറ്റ് തുടരെ ബ്രസീൽ ഗോൾമുഖം വിറപ്പിക്കാൻ കൊളറോവിനും കൂട്ടർക്കുമായെങ്കിലും ബെക്കറിനെ മറികടക്കാനായില്ല. 62 ആം മിനിറ്റിൽ സ്‌ട്രൈക്കർ മിത്രോവിച്ചിന് ലഭിച്ച സുവർണ്ണാവസരം തിയാഗോ സിൽവയുടെ കാലുകളിൽ തട്ടി മടങ്ങിയതോടെ സെർബിയയുടെ ആക്രമണങ്ങൾ ഏതാണ്ടവസാനിച്ചു. സ്വന്തം പോസ്റ്റിൽ രക്ഷകനായ സിൽവ ഏഴുമിനിറ്റുകൾക്കും ടീമിന് രണ്ടാംഗോളും നേടിക്കൊടുത്തു. നെയ്മർ തൊടുത്ത കോർണർ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് വഴിതിരിച്ചുവിട്ട സിൽവയിലൂടെ ബ്രസീൽ മത്സരം കൈപ്പിടിയിലൊതുക്കി. അവസാനമിനിറ്റുകളിൽ ഡസൻ കണക്കിന് അവസരങ്ങൾ വന്നുവീണെങ്കിലും ബ്രസീലിന് മൂന്നാംഗോൾ കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here