ഇഞ്ചുറി ടൈമിലെ ഗോളുകളിൽ ബ്രസീലിനു ജയം

90 മിനിറ്റും ബ്രസീലിനെ ചെറുത്തുനിന്ന കോസ്റ്റാറിക്കയ്‌ക്ക്‌ ഇഞ്ചുറി ടൈമിൽ പിഴച്ചു. 93ആം മിനിറ്റിൽ കൗട്ടീഞ്ഞോയും മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നെയ്മറും ബ്രസീലിനുവേണ്ടി ലക്ഷ്യം കണ്ടു. തുടർച്ചയായ 2ആം തോൽവിയോടെ കോസ്റ്റാറിക്ക ലോകകപ്പിൽനിന്നു പുറത്തായി.
ആദ്യപകുതിയിൽ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം ആക്രമിച്ചു കളിച്ചു. ബ്രസീൽ താരങ്ങൾ കിട്ടിയ അവസരങ്ങളെല്ലാം കളഞ്ഞുകുളിച്ചു. റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ കെയ്‌ലർ നവാസിന്റെ തകർപ്പൻ പ്രകടനംകൂടിയായപ്പോൾ ബ്രസീൽ ഗോൾ കണ്ടെത്താനാവാതെ വിഷമിച്ചു. 26ആം മിനിറ്റിൽ ഗബ്രിയേൽ ജീസസ് ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് ആയതിനാൽ റഫറി ഗോൾ നിഷേധിച്ചു. പന്ത് കൈവശം വയ്ക്കുന്നതിലും, ഷോട്ടുകളുടെ എണ്ണത്തിലും ബ്രസീൽ മുന്നിട്ടുനിന്നു. കൗട്ടീഞ്ഞോയും മാഴ്‌സെലോയും ലോങ്ങ്‌ ഷോട്ടുകളിലൂടെ ഗോളിനുവേണ്ടി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇരുടീമുകൾക്കും അനവധി അവസരങ്ങൾ ലഭിച്ചു. 57ആം മിനിറ്റിൽ നെയ്മറുടെ നാടകീയമായ വീഴ്ച ബ്രസീലിനു പെനാൽറ്റി നേടിക്കൊടുത്തെങ്കിലും VAR കോസ്റ്റാറിക്കയുടെ രക്ഷയ്ക്കെത്തി. മിനിറ്റുകൾക്കുള്ളിൽ തന്നെ റഫറിയുടെ തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതിനു നെയ്മറും, കൗട്ടീഞ്ഞോയും മഞ്ഞക്കാർഡ് വാങ്ങി. 91ആം മിനിറ്റിൽ ഫിർമിനോ ഉയർത്തിവിട്ട പന്ത് മനോഹരമായ ഫിനിഷിംഗിലൂടെ കൗട്ടീഞ്ഞോ വലയിലെത്തിച്ചു. സമനില ഗോളിനുവേണ്ടി കോസ്റ്റാറിക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും നെയ്മറുടെ ഗോൾ എല്ലാ സാധ്യതകളും അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here