ജുവന്റസ്‌ വിടാനൊരുങ്ങി ബുഫൺ

17 വർഷം നീണ്ട കരിയറിനുശേഷം ജിയാൻ ലൂയിജി ബുഫൺ ജുവന്റസ്‌ വിടാനൊരുങ്ങുന്നു. ശനിയാഴ്ച ഹെല്ലാസ് വെറോണയ്ക്ക് എതിരെയാണ് ജുവന്റസിനുവേണ്ടി അവസാനമായി ഗോൾവലകാക്കാൻ ഇറങ്ങുക. നേരത്തെ ഈ സീസണിനുശേഷം കരിയർ അവസാനിപ്പിക്കുവാൻ തീരുമാനിചിരുന്നുവെങ്കിലും, പുതിയ അവസരങ്ങൾ പരിഗണിച്ചു തീരുമാനം നീട്ടി വയ്ക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. ലിവർപൂൾ, പിഎസ്ജി, അർജന്റീന ക്ലബ്‌ ബോക്ക ജൂനിയർസ് എന്നീ ക്ലബ്ബുകൾ താരത്തിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

ബുഫണിന്റെ മാതൃരാജ്യമായ ഇറ്റലിക്ക് റഷ്യയിൽ 2018ൽ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല  കഴിഞ്ഞ നവംബറിൽ വേൾഡ് കപ്പ്‌ യോഗ്യതാമത്സരത്തിൽ സ്വീഡനോട് നേരിട്ട തോൽവിക്കുശേഷം ബുഫൺ രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിരമിച്ചിരുന്നു. ഇറ്റലിക്കുവേണ്ടി 176 മത്സരങ്ങളിൽ ബുഫൺ ഗോൾവല കാത്തു. 2006ൽ ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിലും ബുഫൺ ഉണ്ടായിരുന്നു. സീരീ A ലീഗ് 9 തവണയും കോപ്പ ഇറ്റാലിയ 5 തവണയും ബുഫൺ നേടിയിട്ടുണ്ട്. 1999ൽ പാർമയ്ക്ക് വേണ്ടി കളിക്കുമ്പോൾ UEFA കപ്പ്‌ സ്വന്തമാക്കുവാനും ബുഫണിനായി. 


ക്ലബ്‌ ഫുട്ബോൾ ചരിത്രത്തിൽ ഒരു ഗോൾകീപ്പറിന് നൽകിയ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്കാണ് 2001ൽ പാർമയിൽനിന്ന് ബുഫൺ ജുവന്റസിലേക്ക് എത്തിയത് (53 മില്യൺ യൂറോസ്). 2006 ലോകകപ്പിലെ യാഷിൻ അവാർഡ് (ഇപ്പോഴത്തെ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം)നേടിയ ബുഫൺ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിന്റെ മാറ്റുകൂട്ടി. ഇറ്റാലിയൻ സീരീ A ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം 12 തവണയാണ് ബഫണിനെ തേടിയെത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here