ചാമ്പ്യൻസ് ലീഗ് ആർക്കൊപ്പം??

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായ റയൽ മാഡ്രിഡും പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളും തമ്മിലുള്ള  ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം പുലർച്ചെ 12:15ന് കീവിലെ യുവേഫ  സ്റ്റേഡിയത്തിലാണ് മത്സരം. 70000 കാണികളെ സാക്ഷിയാക്കി ഇരുടീമുകളും കൊമ്പുകോർക്കും.

തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തുന്ന റയൽ മാഡ്രിഡും, ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ്‌ സലയുടെ തകർപ്പൻ ഫോമിന്റെ തോളിലേറി എത്തുന്ന ലിവർപൂളും ഏറ്റുമുട്ടുമ്പോൾ അക്ഷരാർത്ഥത്തിൽ തീപാറുമെന്ന് ഉറപ്പ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ റയൽ ബുണ്ടസ്‌ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കിനെയും, ലിവർപൂൾ ഇറ്റാലിയൻ വമ്പൻമാരായ A S റോമയെയുമാണ്  തോൽപ്പിച്ചത്. പതിമൂന്നാം കിരീടം മുന്നിൽകണ്ട് ഇറങ്ങുന്ന റയൽമാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ  ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ്. 5 തവണ ചാമ്പ്യൻസ് ലീഗ് നേടിയ ലിവർപൂൾ അവസാനമായി കിരീടം ഉയർത്തിയത് 2005ലാണ്. 2007ൽ ഫൈനലിൽ എത്തിയെങ്കിലും മിലാനോട് തോറ്റു മടങ്ങാനായിരുന്നു വിധി.


2017-18 ഫുട്ബോൾ സീസണിന് അവസാനമാകുമ്പോൾ എല്ലാ കണ്ണുകളും കീവിലെക്കാണ്. റൊണാൾഡോ-സലാഹ് പോരാട്ടവും സിനദിൻ സിദാന്റെയും യുർഗൻ ക്ളോപ്പിന്റെയും തന്ത്രങ്ങളും ആണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ലാലിഗയിൽ തുടക്കത്തിൽ പതറിയ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അത്യുജ്വല പ്രകടനമാണ് കാഴ്ചവച്ചത്. 15 ഗോളുകളാണ് ഇതുവരെ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ അടിച്ചുകൂട്ടിയത്. ലിവർപൂൾ താരങ്ങളും ഒട്ടും പിന്നിലല്ല. 10 വീതം ഗോളുകളുമായി സലായും ഫിർമിനോയുമാണ് ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 9 ഗോളുമായി മാനേ മൂന്നാം സ്ഥാനത്ത് ഉണ്ട്. റയൽ മാഡ്രിഡ്‌ റൊണാൾഡോയെ മാത്രം ആശ്രയിക്കുമ്പോൾ ലിവർപൂളിന്റെ ഗോളടി യന്ത്രങ്ങൾ മൂന്നുപേരും മാരക ഫോമിലാണ്. ആക്രമണ ഫുട്ബോൾ കളിക്കുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഗോൾ മഴ പെയ്യുമെന്ന് കരുതാതെ വയ്യ.

ലാലിഗയിൽ  മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സിദാന്റെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. സീസണിലെ ടോപ്പ് സ്കോറർ പദവി റൊണാൾഡോ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ലാലിഗയുടെ തുടക്കത്തിലെ മോശം പ്രകടനം സിദാന് നേരെ ആരാധകർ വിരൽ ചൂണ്ടുവാൻ കാരണമായെങ്കിലും, ചാമ്പ്യൻസ് ലീഗിലെ മികവുറ്റ പ്രകടനവുമായി സിദാൻ മാനേജ്മെന്റിന് തന്നിലുള്ള വിശ്വാസം കാത്തു. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരയും, ശക്തമായ ഡിഫൻസുമായാണ് റയൽ മാഡ്രിഡ് മത്സരത്തിനിറങ്ങുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർ കാസെമിറോയുടെ മികവിന്റെ കാര്യത്തിൽ മാത്രമാണ് കുറച്ചെങ്കിലും റയൽ മാഡ്രിഡിന് ആശങ്കയുള്ളത്. ശക്തമായ ടീമും, സിദാൻ എന്ന സൂത്രശാലിയായ കോച്ചിന്റെ തന്ത്രങ്ങളും കൂടിയാകുമ്പോൾ ലിവർപൂളിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.


അതിശക്തമായ മുന്നേറ്റനിരയാണ് ലിവർപൂളിന്റെ ശക്തി. സലാഹ്, മാനേ, ഫിർമിനോ മൂവരും ചേർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടിച്ചുകൂട്ടിയത് 57 ഗോളുകൾ. 32 ഗോളുമായി ഫുട്ബോൾ ലോകത്തെ പുത്തൻ താരോദയം മുഹമ്മദ് സലാഹ് ആണ് സീസണിലെ EPL ടോപ്സ്കോറർ. ശക്തമായ റയൽ മാഡ്രിഡ് ഡിഫൻസിന് മൂവരും നിരന്തരം തലവേദനകൾ സൃഷ്ടിക്കും. ലിവർപൂൾ മുന്നേറ്റനിരയെ പൂട്ടാൻ സിദാനും റയൽ മാഡ്രിഡും എന്ത് തന്ത്രമാണ് പ്രയോഗിക്കുക എന്ന് കാത്തിരുന്ന് കാണാം. 

റയൽ മുന്നേറ്റനിരയിൽ റൊണാൾഡോ ഒഴികെ മറ്റാർക്കും ഈ സീസണിൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മുന്നേറ്റനിരയിൽ പോരായ്മകൾ ഏറെയുണ്ട്. മുന്നേറ്റനിരയിൽ റൊണാൾഡോയ്ക്ക് ഒപ്പം സിദാൻ ആരെ പരീക്ഷിക്കുമെന്നത് മത്സരത്തിൽ നിർണായകമാകും. നിലവിൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള സൂപ്പർതാരം റൊണാൾഡോയിലാണ് ആരാധകരുടെ പ്രതീക്ഷ മുഴുവൻ. കടലാസിലെ കണക്കുകളിൽ റയൽമാഡ്രിഡ് മുന്നിലാണെങ്കിലും കളിക്കളത്തിൽ കാര്യങ്ങൾ ഏകപക്ഷീയമായിരിക്കില്ല. ക്ളോപ്പിന്റെയും സിദാന്റെയും തന്ത്രങ്ങൾ സൂപ്പർ താരങ്ങളായ റൊണാൾഡോയും സലായും കളിക്കളത്തിൽ നടപ്പിലാക്കുമ്പോൾ ഫുട്ബോൾ ആരാധകർക്ക് എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു മത്സരം ലഭിക്കട്ടെ. 

LEAVE A REPLY

Please enter your comment!
Please enter your name here