മെക്സിക്കോ അവസാന പതിനാറിലേക്ക്??

ജർമ്മനിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായി എത്തിയ മെക്സിക്കോ ദക്ഷിണ കൊറിയയെ 2-1 എന്ന സ്കോറിനാണ് കീഴടക്കിയത്. കാർലോസ് വെലയും ഹാവിയർ ഹെർണാണ്ടസുമാണ് മെക്സിക്കോയുടെ ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിൽ സാൻ ഹ്യുൻ മിൻ ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ നേടി.

ആദ്യപകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ദക്ഷിണ കൊറിയയ്ക്കു സാധിച്ചില്ല. 20ആം മിനിറ്റിൽ രണ്ടുതവണ സാൻ മെക്സിക്കൻ ഗോൾമുഖത്തു ഷോട്ടുതിർത്തെങ്കിലും കാർലോസ് സൽസിഡോയും ഹെക്ടർ മൊറേനോയും മെക്സിക്കോയുടെ രക്ഷകരായി. 4 മിനിറ്റിനുശേഷം പെനാൽറ്റിയിലൂടെ വെല മെക്സിക്കോയെ മുന്നിലെത്തിച്ചു. ബോക്സിനുള്ളിൽ ആന്ദ്രെസ് ഗുർഡാഡോയുടെ ക്രോസ്സ് തടയുന്നതിനിടയിൽ ജങ് ഹ്യുൻ സോയുടെ കയ്യിൽ ബോൾ തട്ടുകയായിരുന്നു. ഒരു മിനിറ്റിനുശേഷം ലയുന് തൊടുത്ത ഷോട്ട് ക്രോസ്സ്ബാറിനെ തൊട്ടുരുമ്മി കടന്നുപോയി. കൊറിയയുടെ കൗണ്ടർ അറ്റാക്കുകൾ ഇടയ്ക്കിടെ മെക്സിക്കോയെ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു.

രണ്ടാം പകുതിയിൽ മെക്സിക്കോ ആക്രമിച്ചു തുടങ്ങി. 67ആം മിനിറ്റിൽ കൊറിയ ഗോളിനുവേണ്ടി മുന്നോട്ട് കയറി കളിച്ചു. ബോൾ തട്ടിയെടുത്ത മെക്സിക്കോ കൊറിയൻ ഗോൾമുഖത്തേക്ക് കയറി. കഴിഞ്ഞ മത്സരത്തിലെ ഗോൾ സ്‌കോറർ ലസാനോ നീട്ടിനൽകിയ പാസ്‌ സ്വീകരിച്ച ചിച്ചാരിറ്റോ ഡിഫെൻഡറെ കബിളിപ്പിച്ചു വലംകാലൻ ഷോട്ടിലൂടെ സ്കോർ 2-0 ആക്കി. ഇഞ്ചുറി ടൈമിൽ ബോക്സിനു പുറത്തുനിന്നുള്ള സോനിന്റെ കിടിലൻ ഷോട്ട് കാഴ്ചക്കാരനെപ്പോലെ നോക്കിനിൽക്കാനേ മെക്സിക്കൻ ഗോൾകീപ്പർക്കു കഴിഞ്ഞുള്ളു

LEAVE A REPLY

Please enter your comment!
Please enter your name here