ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

 

രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിന്റെ ഗോളെത്തി. ബോക്സിന് വെളിയിൽ നിന്നും ലഭിച്ച ഫ്രീക്കിക്ക് മികച്ച രീതിയിൽ എടുത്ത ട്രിപ്പിയർ പോസ്റ്റിന്റെ മൂലയിലെത്തിച്ചു. പിന്നീട് ക്യാപ്റ്റൻ ഹാരി കെയ്‌നും ജെസ്സെ ലിൻഗാർഡും അവസരങ്ങൾ നഷ്ടപ്പെടുത്തി. ആദ്യ പകുതിയിൽ ക്രോയേഷ്യയുടെ ആന്റി റെബിക്കിനും ചില ആർധാവസരങ്ങൾ ലഭിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 1-0.

 

രണ്ടാം പകുതിയിൽ ക്രോയേഷ്യ അല്പംകൂടി ഉണർന്നു കളിച്ചു. ആദ്യ പകുതിയെ അപേക്ഷിച്ച് ഇംഗ്ലണ്ട് അല്പം പിന്നോട്ട് പോയപ്പോൾ ചില സമയങ്ങളിൽ കളി പൂർണമായും ക്രോയേഷ്യ ഏറ്റെടുത്തു. 68ആം മിനിറ്റിൽ ക്രോയേഷ്യയുടെ സമനില ഗോളെത്തി. വേഴ്സാൽക്കോയുടെ ക്രോസ്സിന് പെരിസിച്ച് ആയാസപ്പെട്ട് ഫിനിഷ് ചെയ്തു. പിന്നീട് മിനിട്ടുകൾക്കകം പെരിസിച്ചിന്റെ തന്നെ മറ്റൊരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. ഇംഗ്ലണ്ടിനായി സബ് ഇറങ്ങിയ റാഷ്ഫോർഡ് ചില മുന്നേറ്റങ്ങൾ നടത്തി. 90 മിനിറ്റിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല തുടരെ മൂന്നാം നോക്ക് ഔട്ട് മത്സരത്തിലും ക്രോയേഷ്യ എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് ലഭിച്ച കോർണർ സ്റ്റോൺസ് ഹെഡ് ചെയ്ത് ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോളായില്ല. ആദ്യ ഗോളിന് വഴിയൊരുക്കിയ വേഴ്സാൽക്കോ ഗോൾ ലൈനിൽ ഹെഡ്റിലൂടെ രക്ഷക്കെത്തി. പിന്നീട് മാൻസൂക്കിച്ചിന്റെ ഒരു അവസരം പിക്ഫോർഡും തടഞ്ഞു എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിച്ചപ്പോളും ഗോൾനില തുല്യം. തുടർച്ചയായ മൂന്നാം മത്സരത്തിലും ക്രോയേഷ്യയുടെ വിധി പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ആയിരിക്കും എന്ന് കരുതുമ്പോൾ അവരുടെ വിജയഗോളെത്തി പെരിസിച്ചിന്റെ ഹെഡ്റിൽ ഇംഗ്ലണ്ട് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത മാൻസൂക്കിച്ച് പിക്ഫോർഡിനെ മറികടന്നു. അങ്ങനെ ക്രോയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിൽ.

 

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ക്രോയേഷ്യ ഫ്രാൻസിനെ നേരിടും. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ബെൽജിയത്തെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here