ക്രോയേഷ്യ സെമിയിൽ.

ക്രൊയേഷ്യക്കെതിരെ വിജയം കൈവിട്ട് റഷ്യ. നിശ്ചിതസമയത്തും അധിക സമയത്തും മത്സരം 2-2 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ക്രോയേഷ്യയുടെ വിജയം 4-3ന്. ഇതോടെ 11ആം തീയതി നടക്കുന്ന രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യ ഇംഗ്ലണ്ടിനെ നേരിടും.

പതിഞ്ഞ താളത്തിലാണ് മത്സരം തുടങ്ങിയത്. പേരുകേട്ട ക്രോയേഷ്യൻ മധ്യനിരയെ അധികം മുന്നേറാൻ റഷ്യ അനുവദിച്ചില്ല. പൊസഷനിൽ മുന്നിട്ട് നിന്നെങ്കിലും ക്രോയേഷ്യ അധികം ആക്രമണം പുറത്തെടുത്തില്ല. കളിയുടെ ഒഴുക്കിന് വിപരീതമായി റഷ്യയാണ് ലീഡ് നേടിയത് 31ആം മിനിറ്റിൽ ചെറിഷേവിന്റെ ഒരു മികച്ച ലോങ്ങ് റേഞ്ചർ വലയിൽ. എന്നാൽ ക്രോയേഷ്യ തളർന്നില്ല 39ആം മിനിറ്റിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ക്രമാറിച്ചിന്റെ ഗോളെത്തി സ്കോർ 1-1

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ആവേശകരമായിരുന്നു ഇരുടീമുകളും ആക്രമണം കെട്ടഴിച്ചുവിട്ടു. പെരിസിച്ചിന്റെ ഷോട്ട് ഗോൾ വരയ്ക്ക് തൊട്ടടുത്തു കൂടി കടന്ന് പോയത് ക്രോയേഷ്യയ്ക്ക് നിര്ഭാഗ്യമായി. പിന്നീട് കുറെ സമയം ക്രോയേഷ്യയുടെ മധ്യനിരയും,മുന്നേറ്റനിരയും റഷ്യയുടെ പ്രതിരോധവും തമ്മിലുള്ള മത്സരമായിരുന്നു. ക്രോയേഷ്യ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയ ഗോൾ കണ്ടെത്താനായില്ല. 90 മിനിട്ടുകൾക്ക് ശേഷവും സ്കോർ 1-1.

എക്സ്ട്രാ ടൈമിൽ ക്രോയേഷ്യ ഗോളിനായി പൊരുതി റഷ്യ മുൻമൽസരത്തിലേത് പോലെ കളി ഷൂട്ട് ഔട്ടിലേക്ക് നീട്ടാൻ ശ്രമിച്ചു. ഇതിനിടെ ക്രോയേഷ്യൻ ഗോളി സുബസിച്ചിന്റെ ഹാംസ്ട്രിങിന് പരിക്കേറ്റു. 100ആം മിനിറ്റിൽ ക്രോയേഷ്യ കാത്തിരുന്ന ഗോളെത്തി. ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിന്റെ കോർണറിൽ നിന്നും വിദയുടെ ഗോൾ. എന്നാൽ 115ആം മിനിറ്റിൽ അതേ നാണയത്തിൽ തിരിച്ചടിച്ച റഷ്യ കളി വീണ്ടും സമനിലയിലാക്കി. ബോക്സിന് വെളിയിൽ നിന്ന് ലഭിച്ച ഫ്രീക്കിക്കിൽ ഹെർണാണ്ടസിന്റെ ഹെഡ്ർ. 120 മിനിറ്റുകൾ പിന്നിടുമ്പോൾ സ്കോർ 2-2.

ഷൂട്ട് ഔട്ടിൽ ക്രോയേഷ്യ നാലെണ്ണം ലക്ഷ്യത്തിലെത്തിച്ചപ്പോൾ റഷ്യക്ക് നേടാനായത് മൂന്ന് ഗോളുകൾ മാത്രം. റഷ്യയുടെ ഒരു ഷോട്ട് സുബസിച്ച് തടുത്തപ്പോൾ ഒരെണ്ണം വെളിയിലേക്ക്. ക്രോയേഷ്യയുടെ ഒരു ഷോട്ട് റഷ്യൻ ഗോളി അകിങ്ഫിഫ് തടുത്തിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here