ഗോളിൽ ആറാടി ഇംഗ്ലണ്ട്

പനമയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ത്രീ ലയൺസ്‌ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. ഹാരി കെയ്ന്റെ ഹാട്രിക്കും സ്റ്റോൺസിന്റെ ഇരട്ട ഗോളുകളുമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. അവശേഷിച്ച ഒരു ഗോൾ ലിൻഗാർഡ് നേടി.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോൺസ് എട്ടാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ട്രിപ്പിയറിന്റെ കോർണർ ഒരു ഹെഡ്ഡറിലൂടെ വലയിൽ കയറ്റുകയായിരുന്നു. 22ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കെയ്ൻ വലയിലെത്തിച്ചു. പിന്നാലെ ബോക്സിനു വെളിയിൽ നിന്നുള്ള ഒരു മികച്ച ഷോട്ടിലൂടെ ലിൻഗാർഡും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. 40 ആം മിനിറ്റിൽ ഹെഡ്ഡറിലൂടെ സ്റ്റോൺസ് തന്റെ തന്റെ ഗോൾ നേട്ടം രണ്ടായി ഉയർത്തി. ആദ്യപകുതിയുടെ അവസാനം ലഭിച്ച പെനാൽറ്റി ആദ്യ ഷോട്ടിന്റെ കാർബൺ കോപ്പി ഷോട്ടിൽ വീണ്ടും ഗോളാക്കിമാറ്റി. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് ഏകപക്ഷീയമായ 5 ഗോളിന് ലീഡ് ചെയ്തു.ഇടവേളയ്ക്ക് ശേഷവും മികവോടെ കളിച്ച ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ 62ആം മിനിറ്റിൽ ഹാട്രിക് തികച്ചു.  78ആം മിനിറ്റിൽ ബാലോയ് പനാമയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി. ഇതോടെ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരമായ ബെൽജിയം ഇംഗ്ലണ്ട് മത്സര വിജയികൾ ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ പ്രവേശിക്കും. ഹാട്രിക്ക് തികച്ച കെയ്ൻ ഗോൾഡൻ ബൂട്ടിനുള്ള മത്സരത്തിൽ 5 ഗോളുകളുമായി ഒന്നാമതെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here