പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്. ക്വാർട്ടറിൽ എതിരാളി സ്വീഡൻ.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പെനാൽറ്റി ഷൂട്ടൗട്ട് ജയിച്ച ഇംഗ്ലണ്ട് ക്വാർട്ടറിൽ. കോളമ്പിയയുമായുള്ള മത്സരം നിശ്ചിത സമയത്തിലും അധിക സമയത്തിലും തുല്യത പാലിച്ചതിനാൽ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 4-3(1-1)എന്ന ഗോൾ നിലയ്ക്കാണ് ഇംഗ്ലീഷ് വിജയം. ജൂലൈ 7ആം തീയതി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് സ്വീഡനെ നേരിടും.

ബെൽജിയതിനെതിരെ വിശ്രമം അനുവദിച്ച ആദ്യ മത്സരത്തിലെ താരങ്ങൾ ഒക്കെ ഇംഗ്ലണ്ടിന് വേണ്ടി ഫസ്റ്റ് ഇലവനിൽ കളിക്കാനിറങ്ങി. കോളമ്പിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് പരിക്കിന്റെ പിടിയിൽ അകപ്പെട്ടതിനാൽ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. പരിക്കുകാരണം ഹാമിഷ് റോഡിഗ്രസ് കൊളംബിയൻ നിരയിൽ ഇറങ്ങിയില്ല. ആദ്യപകുതിയിൽ ഇരു ടീമുകളും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ പുറത്തെടുത്തു. ഹാരി കെയ്ന്റെ ഹെഡ്‌ഡർ ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കുമ്പോൾ കളി ഗോൾരഹിത സമനില.

രണ്ടാംപകുതിയിൽ ഇരു ടീമുകളും അല്പം പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ റഫറി തുടർച്ചയായി കാർഡ് പുറത്തെടുത്തു. തുടക്കം മുതൽ രംഗം കൂടുതൽ വഷളായതോടെ കൊളംബിയൻ താരങ്ങൾ മഞ്ഞക്കാർഡ് വാങ്ങിക്കൂട്ടാൻ മത്സരിച്ചു. ഇതിനിടെ 57ആം മിനിറ്റിൽ സാഞ്ചസിന്റെ ഫൗളിൽ നിന്നും ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ ഗോളാക്കി മാറ്റി. പിന്നീട് ലീഡുയർത്താൻ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും ഓസ്പിന വിളങ്ങുതടിയായി. കൊളമ്പിയയ്ക്ക് ലഭിച്ച അവസരം ക്വാഡ്രാഡ്രോ പുറത്തേക്ക് അടിച്ചതോടെ ഇംഗ്ലണ്ടിന്റെ ജയത്തിലേക്ക് മത്സരം നീങ്ങി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ലഭിച്ച കോർണർ കൊളംബിയൻ ഡിഫൻഡർ യെറി മിന മികച്ച ഹെഡറിലൂടെ വലയിലെത്തിച്ചു. അധിക സമയത്ത് ഇരു ടീമുകൾക്കും ഗോൽനിലയിൽ മാറ്റമൊന്നും വരുത്താൻ സാധിച്ചില്ല.

പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ ഇംഗ്ലണ്ടിനായി കെയ്ൻ,റാഷ്‌ഫോർഡ്,ട്രിപ്പിയർ,എറിക് ഡയർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹെൻഡേഴ്സന്റെ ഷോട്ട് കൊളംബിയൻ ഗോളി ഓസ്പിന രക്ഷപെടുത്തി. കൊളംബിയക്കായി ഷോട്ട് എടുത്ത ഫാൽക്കാവോ,ക്വാഡ്രാഡ്രോ,മുരിയെൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറിബെയുടെ ഷോട്ട് ബാറിലിടിച്ചു മടങ്ങി ബക്കയുടെ ഷോട്ട് പിക്ക്ഫോർഡ് മികച്ച ഡൈവിലൂടെ സേവ് ചെയ്തപ്പോൾ ഇംഗ്ളണ്ടിന് 4-3 വിജയവും ക്വാർട്ടർ പ്രവേശനവും.

LEAVE A REPLY

Please enter your comment!
Please enter your name here