സൺറൈസേഴ്സിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ.

ഐ പി എൽ പ്ലേ ഓഫ് ഘട്ടത്തിലെ ആദ്യ ക്വാളിഫയറിൽ  ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തറപറ്റിച്ചു. ഹൈദരാബാദ് ഉയർത്തിയ 140 റൺസ് വിജയലക്‌ഷ്യം ചെന്നൈ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ശെരിവെക്കുന്ന വിധത്തിൽ ചെന്നൈ ബൗളർമാർ പന്തെറിഞ്ഞപ്പോൾ ഹൈദരാബാദിന്റെ ബാറ്റിംഗ് നിര തകർന്നു. ഫോമിലുള്ള ഓപ്പണർ ശിഖർ ധവാൻ റൺസ് ഒന്നും എടുക്കാതെ ആദ്യ ബോളിൽ തന്നെ പുറത്ത്. പിന്നീട് വന്ന ക്യാപ്റ്റൻ വില്യംസൺ തകർത്തടിച്ചപ്പോൾ ഹൈദരാബാദ് തകർച്ചയിൽ നിന്ന് കര കയറുമെന്നു തോന്നിച്ചു,എന്നാൽ 2 റൺസിന്റെ ഇടവേളയിൽ ശ്രീവത്സ് ഗോസ്വാമിയും വില്യംസണും പുറത്തായപ്പോൾ സൺറൈസേഴ്‌സ് വീണ്ടും പരുങ്ങലിലായി. അവസാന ഓവറുകളിൽ ബ്രാത്വെയിറ്റ് നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ചെന്നൈക്ക് വേണ്ടി ലുങ്കി എങ്കിടി 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കെതിരെ ഹൈദരാബാദ് ബൗളർമാർ അതെ നാണയത്തിൽ തിരിച്ചടിച്ചു, സ്കോർബോര്ഡില് റൺ ഒന്നും എത്തുന്നതിനു മുൻപ് വാട്സൺ പുറത്ത്. പിന്നീടെത്തിയ സുരേഷ് റെയ്‌ന 13 ബോളിൽ 22 റൺസ് എടുത്തു പുറത്തായി. കഴിഞ്ഞ മത്സരങ്ങളിലെ സൂപ്പർസ്റ്റാർ അമ്പാട്ടി റായുഡുവും തൊട്ടടുത്ത ബോളിൽ പുറത്തായതോടെ ചെന്നൈ തോൽവി മണത്തു. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ചു ഫാഫ് ഡുപ്ലെസിയും  ശാർദൂൽ താക്കൂറും ചെന്നൈയെ വിജയത്തിൽ എത്തിച്ചു. 67 റൺസ് എടുത്ത ഡുപ്ലെസി തന്നെയാണ് കളിയിലെ കേമൻ. സൺറൈസേഴ്സിന് വേണ്ടി സിദ്ധാർഥ് കൗൾ, സന്ദീപ് ശർമ്മ, റഷീദ് ഖാൻ എന്നിവർ 2  വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നത്തെ ജയത്തോടെ സൂപ്പർ കിങ്‌സ് നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചു, എന്നാൽ പരാജയം നേരിട്ട ഹൈദരാബാദ് നാളെ കൊൽക്കത്തയും രാജസ്ഥാനും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ  വിജയികളെ ക്വാളിഫയർ 2ൽ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here