ജയിംസ് ഫോക്നർ ബിഗ് ബാഷ് ലീഗിൽ കരാർ ഒപ്പിട്ടു

ഓസീസ് ഓൾറൗണ്ടർ ജെയിംസ് ഫോക്നർ ബിഗ് ബാഷ് ടീം ഹോബാർട്ട് ഹറിക്കെയ്ൻസുമായി 3 വർഷത്തേക്കുള്ള കരാർ ഒപ്പിട്ടു. കഴിഞ്ഞ 7 വർഷമായി മെൽബൺ സ്റ്റാർസുമായി കരാറിലായിരുന്ന താരത്തിന് തന്റെ ജന്മനാടായ ടാസ്മാനിയയിലേക്കുള്ള തിരിച്ചു വരവ് കൂടിയായി പുതിയ കരാർ.

2015 ലോകകപ്പ് ഓസ്‌ട്രേലിയയ്ക്കു നേടി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഫോക്നർ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഷെഫീൽഡ് ഷീൽഡ് ട്രോഫിയിൽ ടാസ്മാനിയയ്ക്കു വേണ്ടി കളിക്കുന്ന താരം ഓസ്‌ട്രേലിയൻ ടീമിൽ കയറിപറ്റാനുള്ള നിരന്തര പരിശ്രമത്തിലാണ്.

ടാസ്മാനിയയിലേക്ക് ഒരു മടങ്ങി വരവ് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതിനായി ഒരു സമയം വന്നെത്തുമെന്നും മനസിലാക്കിയിരുന്നു. ആ സമയം ഇതാ വന്നെത്തിയിരിക്കുന്നു. എന്റെ നാട്ടിൽ തിരിച്ചെത്തിയത്തിൽ ഞാൻ ഇപ്പോൾ അതീവ സന്തോഷവാനാണ്. ഹോബർട് ഹറിക്കെയ്ൻസ് ബിഗ് ബാഷിൽ നിർമിച്ചെടുത്ത സംസ്ക്കാരം ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. ടാസ്മാനിയൻ പ്രവിശ്യയും മുന്നേറ്റത്തിന്റെ പാതയിലാണ്. തിരിച്ചു വരാൻ ഉള്ള എന്റെ തീരുമാനം ടാസ്മാനിയൻ ക്രിക്കറ്റിന് ഒരു മുതൽക്കൂട്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ ഇത്രയും നാളും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന മെൽബൺ സ്റ്റാർസിന് എല്ലാ വിധ നന്ദിയും കടപ്പാടും ഈ നിമിഷത്തിൽ ഞാൻ രേഖപ്പെടുത്തുന്നു. ഫോക്നർ പറഞ്ഞു.

മെൽബണിനായി 47 കളികളിൽ 109.45 സ്‌ട്രൈക് റേറ്റോടെ 556 റൺസും, 26.48 ആവറേജോടെ 45 വിക്കറ്റുകളും ഫോക്നർ നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കായി 69 ഏകദിനങ്ങൾ കളിച്ചിട്ടുള്ള ഫോക്നർ ഇടം കൈയ്യൻ മീഡിയം പേസറും, മധ്യനിര ബാറ്റ്‌സ്മാനുമാണ്. ബ്രിട്ടനിൽ നടക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പിൽ ടീമിലെത്തുകയാണ് തന്റെ ലക്‌ഷ്യം എന്നും താരം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here