കഷ്ടിച്ച് കടന്നുകൂടി ഫ്രാൻസ്

ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ കഷ്ടിച്ച് വിജയം കണ്ടു ഫ്രാൻസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഫ്രാൻസിന്റെ ഗോളുകൾ ഗ്രീസ്മാനും പോഗ്ബയും നേടി. ഓസ്ട്രേലിയയുടെ ഗോൾ ക്യാപ്റ്റൻ ജെഡിനാക് നേടി.

കടലാസിൽ കരുത്തന്മാർ ആയിരുന്നു എങ്കിലും ഫ്രാൻസിന് അത് കളിക്കളത്തിൽ പുറത്തെടുക്കാനായില്ല. ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ച ആദ്യപകുതിക്ക് ശേഷം ഗോൾ നില 0-0 ആയിരുന്നു. രണ്ടാം പകുതിയിൽ പൊരുതാനുറച്ച് എത്തിയ ഫ്രാൻസ് തുടരെ ആക്രമണം അഴിച്ചുവിട്ടു.

വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം ആദ്യമായി ലോകകപ്പിൽ തേടിയതിലൂടെ ഫ്രാൻസിന് ലഭിച്ച പെനാൽറ്റി അന്റോണ് ഗ്രീസ്മാൻ വലയിലെത്തിച്ചു. ജോഷ് റിസ്‌ഡൻ 53ആം മിനിറ്റിൽ ഗ്രീസ്മാനെ ബോക്സിനകത്ത് വീഴ്ത്തിയതിനാണ് റഫറി വീഡിയോ അസിസ്റ്റ് ഉപയോഗിച്ചത്. ഗോൾ നേടിയെങ്കിലും ഫ്രാൻസിന്റെ സന്തോഷം അധികസമയം നീണ്ടു നിന്നില്ല. സാമുവേൽ ഉംറ്റിറ്റി ബോക്സിൽ വച്ചു പന്ത് കൈ കൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ജെഡിനാക് ഗോൾ ആക്കി.

ലീഡ് നേടുന്നതിനായി ഫ്രാൻസ് പിന്നീട് ഉണർന്നു കളിച്ചു. ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഗ്രീസ്മാന് പകരം ജിറൂഡിനെയും ഡെമ്പലേക്ക് പകരം ഫെകിറിനെയും ഫ്രഞ്ച് കോച്ച് ദെഷാംപ്സ് കളത്തിലിറക്കി. 82ആം മിനിറ്റിൽ നടന്ന ഒരു മുന്നേറ്റത്തിനൊടുവിൽ ജിറൂഡിന്റെ അസിസ്റ്റിൽ പോഗ്ബ ഫ്രാൻസിന്റെ വിജയഗോൾ നേടി

LEAVE A REPLY

Please enter your comment!
Please enter your name here