അർജന്റീന പുറത്ത്. ഫ്രാൻസ് ക്വാർട്ടറിൽ.

ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീനയ്ക്കെതിരെ ഫ്രാൻസിന് 4-3 എന്ന സ്കോറിന് വിജയം. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് 5 ഗോളുകൾ വന്നത്. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് ഗോൾ നേടാൻ സാധിക്കാതിരുന്ന മത്സരത്തിൽ ഫ്രാൻസ് യുവതാരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങി.

ഫ്രാൻസിന് മികച്ച സാധ്യതയുമായാണ് ആദ്യ പകുതി ആരംഭിച്ചത്. 4ആം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീക്കിക്ക് അർജന്റീനയുടെ പോസ്റ്റിലിടിച്ച് മടങ്ങി. 11ആം മിനിറ്റിൽ എംബാപ്പയെ ബോക്സിൽ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ ലക്ഷ്യത്തിലെത്തിച്ചു. ഫ്രാന്‍സിന് ഒരു ഗോൾ ലീഡുമായി ഇടവേളയ്ക്ക് പിരിയും എന്ന് കരുതുമ്പോൾ ഡി മരിയയുടെ സമനില ഗോളെത്തി. 41ആം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നും തൊടുത്ത ഒരു മികച്ച ലോങ് റേഞ്ചർ ലോറിസിനെ മറികടന്ന് വലയിൽ കയറി.

ഇടവേളയ്ക്ക് ശേഷം അർജന്റീന ആദ്യം സ്കോർ ചെയ്തു.48ആം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് മെർക്കാഡോയുടെ കാലിൽ തട്ടി വലയിൽ. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന ഫ്രാൻസ് തുടരെ മൂന്നു ഗോളുകൾ നേടി 4-2 ലീഡ് നേടുകയായിരുന്നു.

57ആം മിനിറ്റിൽ മികച്ചൊരു വോളിയിലൂടെ ഫ്രാൻസ് വിങ് ബാക്ക് പവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. പിന്നീട് തുടരെ രണ്ടു ഗോളുകൾ നേടിയ എംബാപ്പെ ഫ്രാൻസിനെ വിജയത്തിന്റെ പടിക്കൽ എത്തിച്ചു. 64,68 മിനിറ്റുകളിൽ ആയിരുന്നു എംബാപ്പെയുടെ ഗോളുകൾ. അർജന്റീന തോൽവിയിലേക്ക് നീങ്ങുമ്പോൾ അഗ്യുറോയുടെ ആശ്വാസ ഗോളെത്തി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മികച്ച ക്രോസ്സിൽ തകർപ്പൻ ഹെഡ്ഡർ. ഇന്ന് നടക്കുന്ന ഉറുഗ്വായ്, പോർച്ചുഗൽ പ്രീക്വാർട്ടർ മത്സരത്തിലെ വിജയികളെ ഫ്രാൻസ് ക്വാർട്ടറിൽ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here