ആദ്യ സെമി ഫൈനലിസ്റ്റുകളായി ഫ്രാന്‍സ്

റഷ്യന്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി ഫ്രാൻസ്. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വേയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് സെമി ഫൈനലിലെക്ക് മുന്നേറിയത്. ഫ്രാന്സിന് വേണ്ടി റാഫേൽ വരാൻ, ഗ്രീസ്മാൻ എന്നിവരാണ് ഗോൾ നേടിയത്.

പ്രീ ക്വാര്‍ട്ടര്‍ കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളുമായാണ് രണ്ടു ടീമുകളും ഇറങ്ങിയത്‌. ഫ്രഞ്ച് നിരയിൽ സസ്പെൻഷനിലായ മറ്റൗഡിക്ക് പകരം കോറൻടൈൻ ടൊലീസോ ആണ് ആദ്യ പതിനൊന്നിൽ ഇടംപിടിച്ചത്. സൂപ്പര്‍ താരം എഡിസന്‍ കവാനി പരിക്കിന്റെ പിടിയിലായതിനാല്‍ ക്രിസ്ത്യന്‍ സ്റ്റുവാനിക്കായിരുന്നു സുവാറസിനൊപ്പം ഉറുഗ്വേ ആക്രമണങ്ങളെ നയിക്കാനുള്ള ചുമതല. മത്സരത്തിന്റെ ആദ്യ പത്തുമിനിറ്റുകളിൽ ഇരുനിരകളും കാര്യമായ ആക്രമണനീക്കങ്ങൾ ഒന്നും തന്നെ നടത്തിയില്ല. ഫ്രാൻസിന്റെ ആദ്യ സുവർണ്ണാവസരം വീണുകിട്ടിയത് യുവ താരം എംബാപ്പെക്കായിരുന്നു. 15ആം മിനിറ്റിൽ ഹെഡ്ഡറിലൂടെ ജിറൗഡ് നൽകിയ പന്ത്, വേണ്ടുവോളം സമയം കൈവശമുണ്ടായിട്ടും ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചു വിടാന്‍  താരത്തിനായില്ല. മറുവശത്ത് കവാനിയുടെ അഭാവം വ്യക്തമായി നിഴലിച്ച ഉറുഗ്വേ ആക്രമണങ്ങൾക്ക് പതിവ് മൂർച്ച ഇല്ലായിരുന്നു.38ആം മിനിറ്റിൽ കോറൻടൈൻ ടൊലീസോയെ ബെന്റകുർ ഫൗൾ ചെയ്ത് വീഴ്ത്തിയ ഫ്രീകിക്കിൽ നിന്നുമാണ് ഫ്രഞ്ചുപട മത്സരത്തിലെ ആദ്യഗോൾ കണ്ടെത്തിയത്. ഗ്രീസ്മാൻ ബോക്സിലേക്കുയർത്തിവിട്ട പന്ത് റയൽമാഡ്രിഡ്‌ താരം റാഫേല്‍ വരാന്‍ വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണ ശേഷം ഉറുഗ്വേ ഉണർന്നുകളിച്ചെങ്കിലും ആദ്യപകുതിയില്‍ പിന്നീടു ഗോളൊന്നും വീണില്ല. 44 ആം മിനിറ്റിൽ കാസെറസ്‌ ഗോളിലേക്ക് തൊടുത്ത ഹെഡ്ഡർ മുഴുനീള ഡൈവിലൂടെ ലോറിസ് തട്ടിയകറ്റിയതോടെ ഉറുഗ്യയുടെ വിധി എഴുതപ്പെട്ടിരുന്നു.രണ്ടാം പകുതിയില്‍ സമനില ഗോളിന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന ഉറുഗ്വെയയാണ്‌ കണ്ടത്. സ്റ്റുവാനിക്ക് പകരം മാക്സി ഗോമസിനെ കളത്തിലിറക്കിയ ഉറുഗ്വേ ഗോളടിക്കാന്‍ ആഞ്ഞുപരിശ്രമിച്ചെങ്കിലും ഗോളകന്നുനിന്നു. 61ആം മിനിറ്റിൽ, മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള ലാറ്റിനമേരിക്കൻ മോഹങ്ങളെ പാടെ തകർത്തുകൊണ്ട് ഫ്രാൻസ് രണ്ടാമതും വലകുലുക്കി. ഗോള്‍ കീപ്പര്‍ ഫെർണാണ്ടോ മുസ്‌ലേരയുടെ പിഴവാണ് ഉറുഗ്വേയ്ക്ക് ഇത്തവണ വിനയായത്. ബോക്സിന് പുറത്തുനിന്നും ഗ്രീസ്മാൻ തൊടുത്ത, ഒരു ഷോട്ട് മുസ്‌ലേരയുടെ കൈക്കുള്ളില്‍ നിന്ന് ചോരുകയായിരുന്നു. രണ്ടുഗോളിന്റെ ലീഡ് കൈവശപ്പെടുത്തിയതിന് ശേഷവും ഫ്രഞ്ചുപട നിരന്തരം ആക്രമണം അഴിച്ചു വിട്ടതോടെ ഉറുഗ്വേയ്ക്ക് ഒരുഘട്ടത്തിലും മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല.കോറൻടൈൻ ടൊലീസോയ്ക്ക് പകരം എൻസോൻസിയെ കളത്തിലിറക്കി ഫ്രാൻസ് മധ്യനിര കൂടുതൽ കരുത്തുറ്റതാക്കിയതോടെ ഉറുഗ്വേയുടെ വഴിയടഞ്ഞു. ഉറുഗ്വേക്കെതിരെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഫ്രാൻസ് വിജയം കണ്ടത്. വിജയത്തോടെ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. ബ്രസീൽ ബെൽജിയം മത്സരത്തിലെ വിജയികളെയാവും ഫ്രാൻസ് സെമിയിൽ നേരിടുക.2006ന് ശേഷം ആദ്യമായാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here