ഫ്രാൻസ് ഫൈനലിൽ.

 

2018 റഷ്യൻ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ഫ്രാൻസ്. ആദ്യ സെമിഫൈനലിൽ ബെൽജിയത്തെ തോൽപിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്. 50ആം മിനിറ്റിൽ ഫ്രഞ്ച് ഡിഫൻഡർ സാമുവേൽ ഉംറ്റിറ്റിയാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. നാളെ നടക്കുന്ന രണ്ടാം സെമിയിലെ ഇംഗ്ലണ്ട് ക്രോയേഷ്യ മത്സര വിജയികളെ ഫ്രാൻസ് ഫൈനലിൽ നേരിടും.

 

ബെൽജിയത്തിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഇടത് വശത്ത് ക്യാപ്റ്റൻ ഹസാർഡും വലത് വശത്ത് ചാഡ്ലിയും മികച്ച മുന്നേറ്റങ്ങൾ നടത്തി. ഫ്രാൻസ് സെൻട്രൽ ഡിഫെൻഡർമാരായ വരാനും,ഉംറ്റിറ്റിയും ബെൽജിയത്തിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. ഇടക്ക് കെവിൻ ഡി ബ്രൃൂണയുടെ ഷോട്ട് ഫ്രാൻസ് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപെടുത്തി. ഫ്രാൻസിന്റെ കൗണ്ടർ അറ്റാക്കുകളിലെ അവസരങ്ങൾ മുതലെടുക്കാൻ ഒളിവർ ജിറൂഡിനും സാധിച്ചില്ല.

 

രണ്ടാം പകുതിയിൽ ആദ്യ 5 മിനിറ്റിൽ തന്നെ ഫ്രാൻസിന്റെ വിജയ ഗോളെത്തി. ഗ്രീസ്മാൻ എടുത്ത കോർണർ കിക്ക്‌ മാർക്ക് ചെയ്യാൻ വന്ന ഫെല്ലയ്‌നിയെ കബളിപ്പിച്ച് ഡിഫൻഡർ സാമുവേൽ ഉംറ്റിറ്റി വലയിലാക്കി. പിന്നീട് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രികരിച്ച ഫ്രാൻസ് മനോഹരമായി ബെൽജിയം ആക്രമണങ്ങൾക്ക് തടയിട്ടു. ഹസാർഡ്,മെർട്ടൻസ്,ഡി ബ്രൃൂണെ എന്നിവരുടെ മുന്നേറ്റങ്ങൾ ഒന്നും ലക്ഷ്യം കണ്ടില്ല. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാരനെ നിർണയിക്കുന്ന മത്സരത്തിൽ നാളെ തോൽക്കുന്നവരെ ബെൽജിയം നേരിടും.

 

ഇന്നത്തെ തോൽവിയോടെ ബെൽജിയത്തിന്റെ 24 മത്സരങ്ങളിൽ പരാജയം അറിയാതെയുള്ള മുന്നേറ്റത്തിന് അവസാനമായി. ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ് കളിക്കാരനായും കോച്ച് ആയും ലോകകപ്പ് നേടുന്ന മൂന്നാമത്തെ ആളാകാൻ അവസരമൊരുക്കി. 1998 ലോകകപ്പ് വിജയത്തിൽ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു ദെഷാംപ്സ്. മരിയോ സഗെല്ലോ, ഫ്രാൻസ് ബെക്കൻബോവർ എന്നിവരാണ് ആദ്യ രണ്ടു പേർ.

LEAVE A REPLY

Please enter your comment!
Please enter your name here