ലോകചാംപ്യന്മാർ വിജയവഴിയിൽ

ടോണി ക്രൂസ് തന്നെ വില്ലനും നായകനുമായ മത്സരത്തിൽ ജർമനിക്ക് സ്വീഡനുമേൽ 2-1ന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന സ്വീഡനെതിരെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയാണ് ജർമ്മനി വിജയ തീരമണഞ്ഞത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. നിരന്തരം അറ്റാക്കിങ് നടത്തുന്നതിനിടെ സ്വീഡന്റെ ബെർഗിനെ ജർമൻ ഡിഫൻഡർ ജെറോം ബോട്ടങ് ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചില്ല. VAR നു പോലും റെഫർ ചെയ്യാത്ത റഫറിയുടെ തീരുമാനം വരും ദിവസങ്ങളിൽ ചർച്ചയായേക്കും. 31ആം മിനിറ്റിലാണ് സ്വീഡന്റെ ഗോൾ വരുന്നത് ടോണി ക്രൂസ് പൊസഷൻ നഷ്ടപ്പെടുത്തിയത്തിലൂടെ സ്വീഡന്റെ ടോയ്‌വോനെൻ സ്കോർ ചെയ്തു. മാനുവൽ ന്യുയറിന്റെ തലയ്ക്ക് മുകളിലൂടെ കോരിയിട്ട മികച്ച ഫിനിഷിന്റെ ബലത്തിൽ സന്തോഷത്തോടെ സ്വീഡൻ ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ പൂർണമായും അറ്റാക്കിങ് ലക്ഷ്യമാക്കി ഇറങ്ങിയ ജർമനി കളി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ തന്നെ സ്വീഡിഷ് വല ചലിപ്പിച്ചു. വെർണറുടെ പാസിൽ നിന്നും റ്യുസിന്റെ ഫിനിഷ്. പിന്നീട് ജർമ്മനി നിരവധി തവണ ഗോളിനരികെ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഗോമെസിന്റെ ഷോട്ട് സ്വീഡിഷ് ഗോളി ഓൾസെൻ തട്ടിയകറ്റി. ബ്രാൻറ്റിന്റെ ബോക്സിനു വെളിയിൽ നിന്നുള്ള പവർഫുൾ സ്‌ട്രൈക്ക് പോസ്റ്റിൽ ഇടിച്ചു മടങ്ങി.

82ആം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ജെറോം ബോട്ടങ് പുറത്തായി. 10 പേരുമായി കളിക്കേണ്ടി വന്നെങ്കിലും ജർമനി ഡിഫെൻസിലേക്ക് വലിഞ്ഞില്ല. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ജർമനിയുടെ വിജയഗോളെത്തി. ബോക്സിന് ഇടതു വശത്ത് ലഭിച്ച ഫ്രീക്കിക്ക് നേരിട്ടുള്ള അംഗിളിൽ ഗോളാക്കാൻ ബുദ്ധിമുട്ടാണെന്നിരിക്കെ ഒരു മീറ്റർ മാത്രം മുൻപിൽ മാർക്കോ റ്യുസിന് പാസ്സ്, ബോൾ സ്വീകരിച്ച റ്യുസ്‌ ക്രൂസിന് ഷോട്ട് എടുക്കാൻ പാകത്തിന് ബോൾ സ്റ്റോപ് ചെയ്യുന്നു. ക്രൂസിന്റെ മികച്ച ഒരു ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചെരിഞ്ഞിറങ്ങി. വിജയത്തോടെ ജർമനി പ്രീ ക്വാർട്ടർ പ്രതീക്ഷകൾ ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here