Infinite Iniesta – Adios Don

ഒരു യുഗത്തിന് കൂടി അന്ത്യം. കുറേ ദൃശ്യങ്ങൾ കണ്മുന്നിൽ മിന്നി മറയുന്നു. അതിൽ  സ്റ്റാംഫോഡ് ബ്രിഡ്ജിലെ അവസാന നിമിഷത്തെ ഗോളിന് അല്പം നിറം കൂടുതലുണ്ട്. ഒരു കളിക്കാരന്റെ കരിയർ കേവലം ഒരു ഗോളിൽ വർണിക്കാൻ ആവില്ല, പ്രത്യേകിച്ച് ആ കളിക്കാരന്റെ പേര് ഇനിയെസ്റ്റ എന്നാവുമ്പോൾ. താൻ മൈതാനത്തുള്ള ഓരോ നിമിഷവും ടീമിന് വേണ്ടി എന്തെങ്കിലും പ്രൊവൈഡ്‌ ചെയ്തുകൊണ്ടിരിക്കും ഇനിയെസ്റ്റ. ചിലപ്പോൾ കില്ലർ പാസുകളായി, ചിലപ്പോൾ സ്പേസ് കണ്ടെത്തി, ചിലപ്പോൾ ഗോളുകളായി.

 

കളിക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും കാണികൾക്ക് ഇത്രയ്ക്ക് പ്രിയങ്കരനായ മറ്റൊരു കളിക്കാരൻ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏറ്റവും വലിയ എതിരാളികളായ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യുവിൽ പോലും കാണികൾ അദ്ദേഹത്തിന് സ്റ്റാന്റിംഗ് ഓവേഷൻ നൽകുന്നത് എത്ര മനോഹരമായ കാഴ്ചയാണ്! നിങ്ങൾ ബാഴ്‌സ എന്ന ക്ലബ്ബിനെ വെറുക്കാം പക്ഷെ ഇനിയെസ്റ്റയുടെ പ്രതിഭയും കളിമികവും അവഗണിക്കാനാവില്ല.

ഒരു പ്ലെയറിന് നേടാൻ കഴിയുന്ന എല്ലാ കിരീടങ്ങളും നേടി കരിയർ അതിന്റെ പൂർണതയിൽ എത്തിച്ചാണ് അദ്ദേഹം ക്യാമ്പ് നൗവിൽ നിന്നും പടിയിറങ്ങുന്നത്. നീണ്ട 16 വർഷത്തെ കരിയറിൽ ക്ലബ്ബിനു വേണ്ടി 31 കിരീടങ്ങളാണ് നേടിയത്. 8 ലാ ലിഗ, 7  സ്പാനിഷ് സൂപ്പർ കപ്പ്, 4 ചാമ്പ്യൻസ് ലീഗ് , 3 യൂവേഫ സൂപ്പർ കപ്പ് ,3 ക്ലബ്ബ് വേൾഡ് കപ്പ്. 2010 ഇൽ ബാലൺ ഡി ഓർ കൈയകലത്ത് നഷ്ടമായി, പിന്നീട് 2012 ഇൽ മൂന്നാം സ്ഥാനത്ത് എത്തി.

 

റയൽ മാഡ്രിഡ് ആയിരുന്നു കുഞ്ഞ് ഇനിയെസ്റ്റയുടെ സ്വപ്നം. മാഡ്രിഡ് നഗരം ഇഷ്ടപ്പെടാത്ത മാതാപിതാക്കൾ അങ്ങനെ അവനെ ബാഴ്സയുടെ അക്കാഡമി ആയ ലാ മാസിയയിൽ എത്തിച്ചു. പുതിയൊരു ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു. 1999 ഇൽ നൈക് പ്രീമിയർ കപ്പിൽ ക്യാപ്റ്റനായി ബാഴ്‌സ U15 ടീമിനെ വിജയത്തിലേക്ക് നയിച്ചു. ആ കളി കണ്ട അന്നത്തെ ബാഴ്‌സലോണ ക്യാപ്റ്റൻ പെപ് ഗാർഡിയോള ഇതിഹാസം ചാവി ഹെർണാണ്ടസിനോട് പറഞ്ഞ വാക്കുകൾ “You’re going to retire me. This lad [Iniesta] is going to retire us all.” പിന്നീട് 2002ഇൽ ബാഴ്‌സയുടെ ഫസ്റ്റ് ടീമിൽ കളിക്കാൻ തുടങ്ങിയ ഇനിയെസ്റ്റ ഇതേ ഗാർഡിയോളക്കു കീഴിലാണ് സ്വപ്നതുല്യമായ പ്രകടനം കാഴ്ച വച്ചത്.

“Receive, pass, offer, receive, pass, offer.”

എന്നതാണ് തന്റെ ഫുട്ബോൾ ഫിലോസഫി എന്നു വെളിപ്പെടുത്തുന്ന ഇനിയെസ്റ്റ ത്രൂ ബോളുകൾ നൽകിയും ലേ ഓഫ് നടത്തിയും കളിക്കളം മുഴുവൻ നിറഞ്ഞു. ചാവിക്കും ബുസ്കറ്റ്‌സിനും ഒപ്പം കളി നിയന്ത്രിച്ച ഇനിയെസ്റ്റ ലോങ് ബോളുകൾ നൽകുന്നതിൽ അവർക്ക് ഒരു പടി മുന്നിൽ നിന്നു. തങ്ങൾ വലിക്കുന്ന ചരടിന്മേൽ എതിർ ടീം കളിക്കാരെ പ്രതിഷ്ഠിച്ച് കളിയുടെ കണ്ട്രോൾ മുഴുവനായി ഏറ്റെടുത്തു കളിക്കുന്ന മൂവരും ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച കാഴ്ചയായി.

ബാഴ്സക്കായി 57 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും മറക്കാനാവാത്തത് 2008-09 സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നേടിയ ഗോൾ തന്നെ. 25 വാര അകലെനിന്നുമുള്ള ഷോട്ടിൽ ബാഴ്‌സയുടെ ട്രെബിൾ സ്വപ്നത്തിന്റെ സാക്ഷാത്കാരമുണ്ടായിരുന്നു. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിഷ്പ്രഭരാക്കി ചാവിയും ഇനിയെസ്റ്റയും ചേർന്ന് നടത്തിയ കണ്ട്രോളിങ്  ഗെയിം എല്ലാ കാലത്തും ഓർമിക്കപ്പെടുന്ന ഒന്നാണ്. ആദ്യ ഗോളിന് വഴിയൊരുക്കിയതും മറ്റാരുമല്ല. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളർ എന്നാണ് ഫൈനലിന് ശേഷം ഇനിയെസ്റ്റയെ മാഞ്ചസ്റ്റർ താരം വെയ്ൻ റൂണി വിശേഷിപ്പിച്ചത്. അല്പം മുൻപ് ഗോഡ് മോഡിൽ കളിച്ച ചാവിയുടെയും മെസ്സിയുടെയും കളി തീർച്ചയായും റൂണി മൈതാനത്ത് നിന്ന് കണ്ടതാണ് പക്ഷെ ചിലപ്പോഴെങ്കിലും അവരെ പോലും പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഇനിയെസ്റ്റയുടേത്.

ബാഴ്സയിലെ തന്റെ അവസാന സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം പുറത്തായപ്പോൾ നിറകണ്ണുകളോടെ നിസ്സഹായനായി നിൽക്കുന്ന ഇനിയെസ്റ്റയെ നാം കണ്ടു. അവസാന കപ്പ് ഫൈനലായ കോപ്പ ഡെൽ റെയിൽ ഗോൾ അടിച്ചു 5-1 വിജയത്തിൽ നിർണായക സാന്നിധ്യമായെങ്കികും സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടത്തിനു ശേഷം മ്ലാനതയോടെ ഡഗ് ഔട്ടിൽ ഇരുന്ന ഇനിയെസ്റ്റ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നിരിക്കണം. ഇനി ബ്ലൗഗ്രാന ജേഴ്സിയിൽ ഒരു കപ്പ് ഫൈനലിൽ കൂടി താനില്ല എന്ന അപ്രിയസത്യം ഇനിയെസ്റ്റ അംഗീകരിച്ചിരിരുന്നിരിക്കും.

 

മധ്യനിരയിൽ ഇനിയെസ്റ്റ ഒഴിച്ചിച്ചിടുന്ന വിടവ് നികത്താൻ മാനേജ്‌മെന്റ് ബ്രസീൽ യുവതാരം കൂടീഞ്ഞോയെ പാളയത്തിലെത്തിച്ചിരുന്നു. കൂടിഞ്ഞോ ആയാലും ഡെനിസ് സുവാരസ് ആണെങ്കിലും ഒരിക്കലും ഇനിയെസ്റ്റയ്ക്ക് പകരക്കാരനാവുന്നില്ല. അവർ ഇനിയെസ്റ്റയുടെ  പൊസിഷനിൽ കളിക്കുന്ന മറ്റൊരു കളിക്കാരൻ മാത്രമാണ്.

അങ്ങ് ക്യാമ്പ്‌ നൗവിൽ ഇന്ന് രാത്രി നടക്കുന്ന സീസണിലെ അവസാന മത്സരത്തിൽ ഒരു ലക്ഷത്തോളം വരുന്ന ആരാധകർ അതിഗംഭീരമായ യാത്രയായപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. സെന്റ് ഓഫ് ടിഫോയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 90 മിനിട്ടുകൾക്ക് ശേഷം കളി അവസാനിക്കുമ്പോൾ ഞാനടക്കമുള്ള ഫുട്‌ബോൾ ആരാധകരുടെ കണ്ണുകൾ നനയുന്നെങ്കിൽ അതു ആന്ദ്രെ ഇനിയെസ്റ്റ ലുവാൻ എന്ന ആ മനുഷ്യൻ ലോകഫുട്‌ബോളിൽ ആരായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

 

മനസ്സിൽ ഒരു പിടി ഓർമ്മകൾ വിതറിയിട്ടു സ്വന്തം ഡോൺ ബ്ലോഗ്രാന ജേഴ്സിയിൽ നിന്ന് മായുകയാണ്. എന്ത് മനോഹര കാഴ്ചകൾക്കും ഒരു അന്ത്യം എന്നുള്ള സാമാന്യ തത്വം ഇവിടെയും പാലിക്കപ്പെടുന്നു. നന്ദി ഡോൺ. ഒരു യുഗത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here