ഹെൻറി റിബെല്ലോ : ഇന്ത്യന്‍ അത്ലറ്റിക്ക്സിലെ മിന്നും താരം.

-ബേസില്‍ തങ്കച്ചന്‍ 

അഭിനവ് ബിന്ദ്ര ഷൂട്ടിംഗ് റേഞ്ചിലും സുശീൽ കുമാറിനെപ്പോലെയുള്ളവർ ഗുസ്തിപിടിച്ചും ഒളിമ്പിക്സ് എന്ന ലോകവേദിയിൽ ഇന്ത്യയുടെ അഭിമാനങ്ങളായി മാറിയിട്ടുണ്ട്. അതുപോലെ തന്നെ കണ്ണീരണിഞ്ഞ പി ടി ഉഷയുടെയും മിൽഖാ സിങിന്റെയും പ്രകടനങ്ങളും തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെപോലെ എത്രയോ താരങ്ങൾ ലോകകായിക വേദിയിൽ മികച്ച പ്രകടനം നടത്തിയിട്ട് വിസ്മൃതിയിലേക്ക് മാഞ്ഞു പോയവർ. അത്തരത്തിൽ ഒരാളാണ് മുന്‍ സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യ ഡയറക്ടറും വ്യോമസേന ഉദ്യോഗസ്ഥനായ ഹെൻറി റിബെല്ലോ.

1948 ലണ്ടൻ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു ഹെൻറി റിബെല്ലോ. കേവലം 19 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന ഹെന്‍റിയുടെ പേരിലായിരുന്നു ആ വർഷത്തെ ട്രിപ്പിൾ ജമ്പിലെ ഏറ്റവും മികച്ച പ്രകടനം. യോഗ്യതാ മാർക്ക് അനായാസം കടന്ന അദ്ദേഹം സ്വർണം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട താരവുമായിരുന്നു. എന്നാല്‍ വിധി അദ്ദേഹത്തിനായി കരുതി വെച്ചത് മറ്റൊന്നായിരുന്നു.

ലണ്ടനിലെ തണുത്തുറഞ്ഞ കാലാവസ്ഥയും പരിചയക്കുറവും അദ്ദേഹത്തിന് ഉറപ്പായിരുന്ന മെഡൽ നഷ്ടമാക്കി. ആദ്യ ചാട്ടത്തിനു മുൻപ് വാം അപ്പ് നടത്താത്തത് മൂലം ചാട്ടത്തിനിടയിൽ പിൻതുടയിൽ പേശീവലിവ് അനുഭവപ്പെട്ട ഹെന്രിക്ക് ചാട്ടം പൂർത്തീകരിക്കാനാവാതെ വരികയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ അദ്ദേഹത്തെ സ്‌ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ വേദനാജനകമായ പിന്മാറ്റത്തോടെ അത്ലറ്റിക്സിൽ ഒരു ഒളിമ്പിക് മെഡൽ എന്ന സ്വതന്ത്ര ഭാരതത്തിന്റെ സ്വപ്‌നം പൊലിഞ്ഞു, അത് ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നു. ഈ സംഭവത്തോടെ കായിക ലോകത്തോട് വിടപറഞ്ഞ അദ്ദേഹം വ്യോമസേനയിൽ ചേർന്ന് ശിഷ്ടകാലം രാജ്യസേവനം നടത്തി.

ഇത്തരത്തിൽ രാജ്യത്തിനു വേണ്ടി ലോകവേദികളിൽ മിന്നുംപ്രകടനം നടത്തി കപ്പിനും ചുണ്ടിനുമിടയിൽ വീണുപോയ അനേകം സുവർണ താരങ്ങളിൽ ഒരാൾ മാത്രമാണ് ഹെൻറി റിബെല്ലോ. 1980ല്‍ വ്യോമസേനയില്‍ നിന്ന് ഗ്രൂപ്പ് ക്യാപ്റ്റനായി റിട്ടയര്‍ ചെയ്ത ഹെന്‍റി 1984ല്‍ എന്‍.ഐ.എസ് സായ് എന്നാ പുതിയപേരില്‍ പുനര്‍ജ്ജന്മം കൊണ്ടപ്പോള്‍ സംഘടനയുടെ പ്രഥമ പ്രസിഡന്റായി അവരോധിതനായി. 2013 ഓഗസ്റ്റ്‌ 27നു അനോരോഗ്യത്തെ തുടര്‍ന്ന് ഹെന്‍റി ഈ ലോകത്ത് നിന്ന് എന്നെന്നേയ്ക്കുമായി വിട പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here