ഹിമാ ദാസ് : കാലം കരുതിവെച്ച ഹിമവസന്തം

“നിങ്ങൾ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ ഞാൻ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു.” ഫിൻലൻഡിലെ ടാംപിയറിൽ നടന്ന അണ്ടർ 20 IAAF ഗെയിംസിൽ 400 മീറ്റർ 51.46 സെക്കൻഡിൽ സ്വർണത്തിലേക്ക് കുതിച്ചെത്തി ചരിത്രം കുറിച്ച 18 വയസ്സുകാരി ഹിമാ ദാസിന്റേതാണ് ഈ വാക്കുകൾ. ചരിത്ര നേട്ടത്തിന് ശേഷം തന്റെ പിതാവിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ഹിമ.

ഹിമയുടെ വാക്കുകൾ ശെരിയായിരുന്നു. ഇന്ത്യ ആ സമയം ഉറങ്ങുകയായിരുന്നു, ഇംഗ്ലണ്ടിനുമേൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ വിജയത്തിന്റെ ആലസ്യത്തിൽ ആയിരുന്നു ആ രാത്രിയിൽ ഇന്ത്യൻ കായിക ലോകം. എന്നാൽ യൂറോപ്പിൽ തന്നെ മറ്റൊരിടത്തു കാലം അതേ ദിവസം ഇന്ത്യയ്ക്കായി കരുതി വെച്ചത് മറ്റൊന്നായിരുന്നു. ഇന്ത്യൻ കായിക ചരിത്രത്തിൽ എന്നും ഓർമിക്കപെടുന്ന ഒരു നേട്ടം. ലോക ട്രാക്ക് അത്ലറ്റിക്സിന്റെ ഭൂപടത്തിൽ ഇന്ത്യാമഹാരാജ്യത്തിന്റെ പേര് ഒരു 18 വയസുകാരി എഴുതിച്ചേർത്ത ദിവസം. ഒരു ആഗോള മീറ്റിൽ ട്രാക്ക് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ.

ഹിമയുടെ വാക്കുകൾക്കുള്ള പിതാവ് രഞ്ജിത് ദാസിന്റെ മറുപടി തന്നെയാണ് ഇന്ന് ഈ നേട്ടത്തിന് പിന്നിൽ. നീ ട്രാക്കിലിറങ്ങുമ്പോൾ ഞങ്ങൾ എല്ലാം നിനക്കായ് ഉണർന്നിരിക്കുകയായിരുന്നു. ആസ്സാമിലെ നാഗോൺ ജില്ലയിലെ ദിങ് എന്ന ഗ്രാമം മുഴുവൻ ഉറക്കം വെടിഞ്ഞു പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഈ നേട്ടം.

2 വർഷം മുൻപ് വരെ രാജ്യത്തിനായി ഫുട്ബോൾ കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന പെൺകുട്ടിയാണ് ഹിമ. ഫുട്ബോൾ കളിക്കുമ്പോഴുള്ള അവളുടെ വേഗത ശ്രദ്ധിച്ച ജവഹർ നവോദയ വിദ്യാലയത്തിലെ ശംഷുൾ ഷെയ്ഖ് എന്ന ട്രെയിനർ ആണ് ഹിമയെ ട്രാക്ക് അത്ലറ്റിക്സിലേക്ക് വഴി തിരിച്ചു വിട്ടത്. തന്റെ ഗ്രാമമായ ദിങ്ങിൽ നിന്ന് ഗുവാഹത്തിയിലേക്ക് മെച്ചപ്പെട്ട ട്രെയിനിങ്ങിനായി കോച്ചായ നിപോൺ ദാസിന്റെ നിർബന്ധപ്രകാരം അയക്കുമ്പോൾ മാതാപിതാക്കളും കരുതിയിരുന്നില്ല തങ്ങളുടെ മകൾ ഒരിക്കൽ രാജ്യത്തിന് വേണ്ടി ചരിത്രം രചിക്കുമെന്ന്.

ദാസ് കുടുംബത്തിലെ 5 മക്കളിൽ ഏറ്റവും ഇളയവളായ ഹിമ, തന്റെ അത്ലറ്റിക്സ് കരിയർ ആരംഭിച്ചത് 200 മീറ്ററിലാണ്. പിന്നീട് സീനിയർ കോച്ചിന്റെ നിർദേശപ്രകാരമാണ് 400 മീറ്ററിലേക്ക് ചുവടുമാറ്റിയത്. തന്റെ ആദ്യ മീറ്റായ ഫെഡറേഷൻ കപ്പിൽ തന്നെ ജേതാവായികൊണ്ടാണ് ഹിമ അത്ലറ്റിക്സിലേക്കുള്ള തന്റെ വരവറിയിച്ചത്. 2018 തുടക്കത്തിൽ നടന്ന ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഹിമ ആറാം സ്ഥാനത്ത് എത്തി.

കോച്ച് നിപോൺ ദാസിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ ” അവൾക്കു വരുന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടാൻ സാധിക്കും അതുപോലെ തന്നെ. 50 സെക്കൻഡിൽ താഴെ 400 മീറ്റർ ഓടി തീർക്കാനും കഴിയും”. അതെ, ആ വാക്കുകൾ വിശ്വസിക്കാതെ തരമില്ല. ഈ ചരിത്ര നേട്ടം സ്വന്തമാക്കുമ്പോൾ ഹിമയുടെ പ്രായം വെറും 18 വയസ്സ് മാത്രമാണെന്ന് ചിന്തിക്കുമ്പോൾ, ദേശീയ റെക്കോർഡ് ആയ 51.05 എന്നത് ഹിമയുടെ പേഴ്സണൽ ബെസ്റ്റ് ആയ 51.13 ൽ നിന്നും ഒട്ടും അകലെയല്ല എന്ന് തിരിച്ചറിയുമ്പോൾ.

ഹിമ രാജ്യത്തിനായി ചരിത്രം കുറിച്ചിരിക്കുന്നു, ഇനി ചെയ്യേണ്ടത് രാജ്യമാണ്, എവിടെയെങ്കിലും ഒരു സർക്കാർ ജോലിയുടെ സൗകര്യത്തിൽ തളച്ചിടാതെ, ആ പ്രതിഭയ്ക്ക് വേണ്ട പരിശീലനം നൽകുക, പ്രോത്സാഹനം നൽകുക. അതിന്റെ ആദ്യപടി കേന്ദ്രസർക്കാർ ചെയ്തു കഴിഞ്ഞു, 2020 ടോക്കിയോ ഒളിമ്പിക്സ് വരെയുള്ള ഹിമയുടെ എല്ലാ ചിലവുകളും സർക്കാർ ഏറ്റെടുത്തു. ഇതൊരു തുടക്കം മാത്രമാവട്ടെ, ഇനിയും ഒട്ടനവധി താരങ്ങൾ ഇവിടെ നിന്ന് ഉയർന്നു വരട്ടെ, വേഗതയുടെ പോരാട്ടങ്ങൾ ഇന്ത്യക്കാർക്ക് അപ്രാപ്യമെന്ന വാക്കുകൾ ഇനി ഒരിക്കലും ഉയരാതിരിക്കട്ടെ, നേട്ടങ്ങൾ തുടർക്കഥകൾ ആവട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here