ലോക ചാമ്പ്യൻമാർക്ക് മെക്സിക്കോയോട് ഞെട്ടിക്കുന്ന തോൽവി.

ലോകകപ്പ് നിലനിർത്താൻ ഇറങ്ങിയ ജർമനിക്ക് മെക്സിക്കോയോട് 1-0ന്റെ ഞെട്ടിക്കുന്ന തോൽവി. ഹിർവിങ് ഈസാനോയാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. സന്നാഹമത്സരത്തിലെ മോശം പ്രകടനം ആദ്യ മത്സരത്തിലും ആവർത്തിച്ച ജർമ്മനിക്ക് ലോക ചാംപ്യൻമാർക്ക് ചേർന്ന പ്രകടനം പുറത്തെടുക്കാനായില്ല.

തുടക്കംമുതൽ ആക്രമിച്ചു കളിച്ച മെക്സിക്കോ പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും അവസാന ഷോട്ടിൽ മികവ് പുലർത്താനായില്ല. 35ആം മിനിറ്റിൽ ഹാവിയർ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച ഇസാനോ മെസ്യുട് ഓസിലിനെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് നിറയൊഴിച്ചു. രണ്ടുമിനിറ്റുകൾക്ക് അപ്പുറം ടോണി ക്രൂസിന് ബോക്സിന് വെളിയിൽ നിന്നു ലഭിച്ച ഫ്രീക്കിക് മെക്സിക്കൻ ഗോളി ഗിലർമോ ഒച്ചോവ തട്ടിയകറ്റി. കളിയിലുടനീളം മികച്ച സേവുകൾ നടത്തിയ ഒച്ചോവയാണ് ജർമൻ പ്രതീക്ഷകൾ തകർത്തത്.

രണ്ടാംപകുതിയിൽ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ജർമനിക്ക് ജോഷ്വ കിമ്മിച്ചിന്റെ ഓവർ ഹെഡ് കിക്കും ടിമോ വെർണറുടെ ക്ളോസ് റേഞ്ച് ഷോട്ടും പുറത്തേക്ക് പോയത് തിരിച്ചടിയായി. ഇതോടെ ശനിയാഴ്ച സ്വീഡനുമായി നടക്കുന്ന മത്സരം ജർമനിക്ക് നിർണായകമായി. മെക്സിക്കോയ്ക്ക് ദക്ഷിണ കൊറിയയെ തോൽപിച്ചാൽ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തിന് സാധ്യതയേറും.

 

LEAVE A REPLY

Please enter your comment!
Please enter your name here