“അതിജീവനത്തിന്റെ നാള്‍ വഴികള്‍” – റൊമേലു ലുക്കാക്കു

ദി പ്ലെയെഴ്സ് ട്രിബ്യുണ്‍ വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിന്റെ തർജമ

എന്റെ കുടുംബം പാപ്പരാണ് എന്നറിഞ്ഞ നിമിഷം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ അമ്മ ഞങ്ങളുടെ വീട്ടിലെ ഫ്രിഡ്ജിന്റെ അടുത്ത് നിസ്സഹായയായി എന്നെ നോക്കി നില്‍ക്കുന്നത് ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഉണ്ട്.

എനിക്ക് ആറു വയസുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്‌. ഒരു ദിവസം സ്കൂളിലെ ഇടവേളയ്ക്കിടയില്‍ ഉച്ചഭക്ഷണം കഴിക്കാനായി ഞാന്‍ വീട്ടിലെത്തിയിരിക്കുകയാണ്. എല്ലാ ദിവസവും എന്നെ കാത്ത് ഉച്ചഭക്ഷണമായി ബ്രെഡും പാലുമാണ് ഉണ്ടാവുക. അതെന്തു കൊണ്ടാണ് എന്ന് ചിന്തിക്കുവാന്‍ ഉള്ള പ്രായം ആന്നെനിക്കായിട്ടില്ല പക്ഷെ ഒന്ന് എനിക്കറിയാമായിരുന്നു. എന്റെ കുടുംബത്തിനു അതില്‍ കൂടുതല്‍ ചിലവഴിക്കുവാന്‍ ത്രാണിയില്ല എന്ന സത്യം.

പതിവ് പോലെ ഒരു ദിവസം സ്കൂള്‍ വിട്ടു ഞാന്‍ വീട്ടിലേയ്ക്കെത്തി. നേരെ ഓടിയത് അടുക്കളയിലെക്കാണ് എന്നത്തേയും പോലെ തന്നെ ഫ്രിഡ്ജിന്റെ അരികെ പാലുമായി നില്‍കുന്ന അമ്മയെ ആണ് ഞാന്‍ കണ്ടത്. പക്ഷെ അന്നത്തെ ദിവസം പാലിന്റെ കുപ്പിയില്‍ അമ്മ എന്തോ ചേര്‍ക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടു. ആ കുപ്പി അമ്മ ശക്തിയായി കുലുക്കി. എന്തിനാണ് അമ്മ അങ്ങനെ ചെയ്തത് എന്ന് എനിക്കപ്പോള്‍ മനസിലായില്ല. തീന്‍ മേശയില്‍ എന്റടുക്കലേയ്ക്ക് ഉച്ചഭക്ഷണവുമായി എത്തുമ്പോള്‍ അസാധാരണമായി ഒന്നും തന്നെയില്ല എന്ന് കാണിക്കുവാന്‍ അമ്മ ചിരിക്കുന്നുണ്ടായിരുന്നു. പക്ഷെ ആ ചിരിയുടെ ഉള്ളില്‍ അടക്കിപിടിച്ച വേദന പെട്ടെന്നെനിക്ക് മനസിലാക്കുവാന്‍ സാധിച്ചു.

അമ്മ ഞങ്ങള്‍ക്കുള്ള പാലില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. ഒരാഴ്ച്ചയിലേക്കുള്ള പാല് മേടിക്കുവാന്‍ ഉള്ള കാശ് പോലും എന്റെ കുടുംബത്തിനു വഹിക്കുവാന്‍ സാധിക്കാത്ത അവസ്ഥ എത്തിയിരിക്കുന്നു. പാവപ്പെട്ടവര്‍ എന്ന അവസ്ഥയില്‍ നിന്ന് ദാരിദ്യത്തിന്റെ പടുകുഴിയിലേക്ക് ഞങ്ങള്‍ വീണു പോയിരിക്കുന്നു.

എന്റെ അച്ചന്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നു. പക്ഷെ അദ്ദേഹം ആ കാലയളവില്‍ തന്റെ കരിയറിന്റെ അന്ത്യ ഘട്ടങ്ങളില്‍ എത്തിയിരുന്നു. ദാരിദ്യം ഞങ്ങളോട് ഇപ്പോള്‍ ഒരു സൗഹൃദം സ്ഥാപിച്ചിരിക്കുന്നു. അവന്‍ ആദ്യം ഞങ്ങളെ അകറ്റിയത് കേബിള്‍ ടി.വി യില്‍ നിന്നായിരുന്നു. എൻറെ വീട്ടിലെ കേബിൾ കണക്ഷൻ പണം അടക്കാത്തതിനാൽ കട്ട് ചെയ്യപ്പെട്ടു. അങ്ങനെ ആ സത്യം ഞാൻ മനസ്സിലാക്കി ഇനിമുതൽ ടിവിയിൽ ഫുട്ബോൾ കളി കാണാൻ പറ്റില്ല. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങൾ എനിക്ക് അന്യമായിരിക്കുന്നു.

ദാരിദ്ര്യത്തിന് കൂട്ടുകാർ ഓരോന്നായി വീട്ടില്‍ വിരുന്നെത്തിക്കൊണ്ടിരുന്നു. പിന്നീട് അവര്‍ വന്നത് പവർകട്ടിന്റെ രൂപത്തിലായിരുന്നു ചില സമയങ്ങളിൽ അവർ രണ്ടും മൂന്നും ആഴ്ചകൾ വരെ വീട്ടിൽ തങ്ങുമായിരുന്നു. പിന്നീട് എനിക്ക് അന്യമായത് ഞാൻ കുളിക്കാൻ പോകുമ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരുന്ന ചൂടുവെള്ളം ആയിരുന്നു. ചൂടുവെള്ളം ഒരു ആഡംബരം അല്ലാതിരുന്ന ബെൽജിയത്തിൽ എനിക്ക് അതും ഒരു ആഡംബരം ആയിരുന്നു. അമ്മ സ്റ്റൗവില്‍ തിളപ്പിച്ച വെള്ളം ബക്കറ്റിൽ ഒഴിച്ച് കുളിക്കേണ്ട അവസ്ഥ എനിക്ക് വന്നെത്തി.

ചില സമയങ്ങളിൽ ഞങ്ങൾക്ക് അന്നന്നു കഴിക്കേണ്ട ഭക്ഷണം പോലും കടം മേടിക്കേണ്ടി വന്നിരുന്നു. എന്നെയും എന്റെ അനിയനെയും അറിയാവുന്ന കാരുണ്യവാനായ ഒരു കടക്കാരന്‍ എന്റെ അമ്മയ്ക്ക് പണം പിന്നീടു തരും എന്ന വ്യവസ്ഥയിന്മേല്‍ ഭക്ഷണം നല്‍കിയിരുന്നു. എൻറെ കുടുംബം കഷ്ടപ്പാടിൽ ആണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അതിന്റെ തീവ്രത എനിക്ക് മനസ്സിലായിരുന്നില്ല. അത് ഞാൻ മനസ്സിലാക്കിയത് അമ്മ ഞങ്ങള്‍ക്ക് തരാനുള്ള പാലിൽ വെള്ളം ചേർത്ത് കണ്ടപ്പോഴാണ്.

ആ കാഴ്ച കണ്ട് ഞാനാകെ തളർന്നു പോയിരുന്നു. എനിക്ക് അതിനെക്കുറിച്ച് അമ്മയോട് ചോദിക്കുവാന്‍ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. പക്ഷെ അന്ന് ആ നിമിഷം ഞാന്‍ എന്റെ മനസില്‍ ഒരു തീരുമാനമെടുത്തു. എനിക്കറിയാമായിരുന്നു ഞാൻ എന്താണ് ചെയ്യേണ്ടതെന്നും ഞാന്‍ എന്താണ് ചെയ്യാൻ പോകുന്നതെന്നും. എന്റെ അമ്മയെ അങ്ങനെ ജീവിക്കുവാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കുകയില്ല എന്ന് അവിടെ വെച്ച് ഞാന്‍ തീരുമാനിച്ചു.

ഫുട്ബോളില്‍ ഒരു കളിക്കാരന് വേണ്ട ഏറ്റവും വലിയ ഗുണം മനസാന്നിധ്യം ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരികുന്നത് ലോകത്തില്‍ വെച്ചേറ്റവും മനസാന്നിധ്യമുള്ള ഫുട്ബോളറുടെതാണ്. ബാല്യ കാലത്ത് ഇരുട്ടിന്റെ മറവില്‍ അമ്മയും അനിയനും പ്രാര്‍ത്ഥനകള്‍ ഉരുവിടുംപോഴും ഞാന്‍ വിശ്വസിച്ചിരുന്നു. എന്റെ സമയം വരുമെന്നും. എല്ലാ കാര്യങ്ങളും ശരിയാകുമെന്നും.

ചില ദിവസങ്ങളില്‍ ഞാന്‍ സ്കൂൾ വിട്ടു വരുമ്പോള്‍ കാണുന്ന കാഴ്ച കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയുടെതായിരുന്നു. എത്രയൊക്കെ മാനസിക ശക്തിയും മനസാന്നിധ്യവും ഉണ്ടെങ്കിലും തകര്‍ന്നു പോകുന്ന കാഴ്ച. പക്ഷെ എന്നെ ഈ കാഴ്ചകള്‍ കൂടുതല്‍ നിശ്ചയദാര്‍ഡ്‌യം ഉള്ളവനാക്കി. ഒരു ദിവസം ഞാന്‍ അമ്മയോട് പറഞ്ഞു “അമ്മെ നമ്മുടെ ഈ അവസ്ഥ മാറും, ഒരു നാള്‍ ഞാന്‍
ആൻഡർലെറ്റിനു വേണ്ടി പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കും. അത് ഉടനെ തന്നെ സംഭവിക്കും, അമ്മയെ ഞാന്‍ പൊന്നു പോലെ നോക്കും.” എനിക്കന്നു ആറു വയസ് മാത്രമായിരുന്നു പ്രായം.

ഞാന്‍ അന്ന് എന്റെ അച്ഛനോട് ചോദിച്ചു “ പ്രൊഫഷനല്‍ ഫുട്ബാള്‍ കളിയ്ക്കാന്‍ എത്രെയാണ് പ്രായം ആകെണ്ടതെന്നു”

അച്ഛന്‍: “പതിനാറ്”
ഞാന്‍ ആ ദിവസം മനസില്‍ കുറിച്ചിട്ടു. എനിക്ക് പതിനാറു വയസ്സാകുന്ന ആ ദിവസം.

പിന്നീടങ്ങോട്ട്‌ ഞാന്‍ കളിച്ചിരുന്ന കളികള്‍ എല്ലാം എനിക്കൊരു ഫൈനല്‍ ആയിരുന്നു. ഞാന്‍ പാര്‍ക്കില്‍ കൂടുകാരുമായി കളിച്ചതും, കളരിയില്‍ കൂട്ടുകാരുമായി കളിച്ചതും എല്ലാം എന്റെ ജിവിതത്തില്‍ ഓരോ ഫൈനലുകള്‍ ആയിരുന്നു. ഓരോ പ്രാവശ്യവും ഫുട്ബോളില്‍ എന്റെ പാദങ്ങള്‍ സ്പര്‍ശിക്കുമ്പോഴും എന്റെ ശക്തി മുഴുവന്‍ പുറത്തെടുത്തു ഞാന്‍ ആഞ്ഞടിച്ചു.

സാഹചര്യങ്ങളോട് പടവെട്ടി ഞാന്‍ വളര്‍ന്നു കൊണ്ടിരുന്നു. എനിക്ക് എന്റെ സഹപാഠികളെക്കാള്‍ വലിയ ശരീര പ്രകൃതി ആയിരുന്നു. പലരും എന്റെ പ്രായം എത്രെയെന്നു അറിയാന്‍ വ്യഗ്രതപ്പെടുന്നത് കണ്ടിട്ടുണ്ട്.

എനിക്ക് ഏകദേശം 11 വയസുള്ളപോഴാണ് ഇത് നടക്കുന്നത്. ഞാനന്ന് ലിയെര്സ് യൂത്ത് ടീമിന്റെ കളിക്കാരനാണ്. ഒരു കളിയില്‍ വെച്ച് എതിര്‍ ടീമിലെ ഒരു കളിക്കാരന്റെ മാതാപിതാക്കള്‍ എന്നെ ഗ്രൗണ്ടിലിറങ്ങാന്‍ അനുവദിക്കുന്നില്ല. അവർക്ക് എൻറെ ഐഡി ആയിരുന്നു അവര്‍ക്ക് കാണേണ്ടത്. ഞാനെത്ര വയസുകാരൻ ആണെന്നും, ഞാനെവിടെ നിന്നുമാണ് വെരുന്നതെന്നുമായിരുന്നു അവർക്കറിയേണ്ടത്.

ഞാൻ മനസ്സിൽ ഓർത്തു ഞാൻ ലുക്കക്കു. ഞാന്‍ അന്റ്വേര്‍പ്പ്കാരനാണ്, ബെല്‍ജിയംകാരനാണ്.

എനിക്ക് വേണ്ടി നിലകൊള്ളാന്‍ എന്റെ അച്ഛൻ അവിടെ ഇല്ലായിരുന്നു, എന്റെ കളികളിലേക്ക് ഓടിച്ചു വരുവാന്‍ ഒരു കാർ ഇല്ലായിരുന്നു അദ്ദേഹത്തിന്. ഞാൻ ഒറ്റക്കായിരുന്നു, എനിക്ക് വേണ്ടി ഞാന്‍ നിലകൊള്ളണം എന്ന അവസ്ഥ. ഞാൻ രോഷത്തോട് കൂടി പോയി എന്റെ ബാഗിൽ നിന്ന് എന്റെ ഐഡി എടുത്തു. അത് അവിടെയുണ്ടായിരുന്ന എല്ലാ മാതാപിതാക്കളെയും കാണിച്ചു ബോധ്യപെടുത്തി അവരുടെ സംശയങ്ങള്‍ക്ക് അറുതി വരുത്തി.

ബെല്‍ജിയം കണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍ ആകുകയായിരുന്നു എന്റെ ലക്ഷ്യം. ഞാൻ കളിച്ചത് മുഴുവൻ അമര്‍ഷവും ഞാന്‍ കളിക്കളത്തില്‍ ആവേശത്തോടെ പ്രതിഫലിപ്പിച്ചു തീര്‍ത്തു. എന്റെ അമര്‍ഷത്തിനു പല കാരണങ്ങള്‍ ഉണ്ടായിരിന്നു… എലികൾ ഓടി നടക്കുന്ന ശോചനീയ അവസ്ഥയിൽ ഉള്ള എന്റെ അപ്പാർട്ട്മെന്റ്.. ഞാന്‍ ഏറെ ഇഷ്ടപെട്ടിരുന്ന ചാമ്പ്യൻസ് ലീഗ് കാണാൻ പറ്റാത്തത്… മറ്റുള്ള കുട്ടികളുടെ മാതാപിതാക്കളുടെ സംശയത്തോടെയുള്ള ഉള്ള നോട്ടം ഇതൊക്കെ അതിനു കാരണം ആയിരിന്നു.

അതെ ഞാന്‍ ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു.

പന്ത്രണ്ടാം വയസിൽ ഞാന്‍ കളിച്ചിരുന്ന ലീഗില്‍ 34 കളികളിൽ നിന്നും 76 ഗോളുകൾ നേടി. എന്റെ പിതാവിന്റെ ബൂട്ട് ധരിച്ചു കൊണ്ടായിരിന്നു ഞാൻ ഈ ഗോളുകളോക്കെയും നേടിയത്. ഞങ്ങളുടെ കാലുകൾ ഒരേ നീളം ആയപ്പോൾ മുതൽ ഞങ്ങൾ തമ്മില്‍ ബൂട്ട് പങ്കവെയ്ക്കുമായിരിന്നു..

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ എന്റെ അപ്പുപ്പനോട് (അമ്മയുടെ അച്ഛൻ) സംസാരിക്കുകയായിരിന്നു. അച്ഛന്റെയും അമ്മയുടേം ജന്മദേശമായ കോംഗോയും ആയി എന്നെ ബന്ധപെടുത്തുന്ന ഏക കണ്ണി ആയിരിന്നു അപ്പുപ്പൂൻ. അന്ന് ഞാൻ വളരെ ആവേശത്തോടെ 76 ഗോളുകൾ നേടിയ കാര്യവും രാജ്യത്തെ വമ്പൻ ടീമുകൾ എന്നെ നോട്ടം ഇട്ടു തുടങ്ങിയ കാര്യവും അദ്ദേഹവുമായി പങ്കു വെച്ച്. എന്നാൽ എല്ലാ തവണയും വളരെ താല്പര്യത്തോടെ എന്റെ വിശേഷങ്ങള്‍ കേൾക്കുന്ന അദ്ദേഹം പതിവിന് വിപരീതമായി വലിയ താല്പര്യം കാണിച്ചില്ല.

പകരം അദ്ദേഹം എന്നോട് ഒരുപകാരം ചെയ്യാമോ എന്ന് ചോദിച്ചു. തന്റെ മകളെ നോക്കാമോ എന്നു ആയിരിന്നു അദ്ദേഹം ചോദിച്ചത്. അമ്പരപ്പ് കലർന്ന ഒരു ആശങ്ക എന്നിൽ ഉണ്ടായി. “അമ്മയെയോ? ഞങ്ങൾ കുഴപ്പം ഒന്നും കൂടാതെ കടന്നു പോകുന്നുണ്ട് ” എന്നു അറിയിച്ചു. എന്നാൽ അദ്ദേഹത്തിന് അത് മാത്രം പോരായിരുന്നു. തനിക്കു വേണ്ടി ജീവിതകാലം മുഴുവൻ തന്റെ മകളെ വളരെ നല്ല രീതിയിൽ സംരക്ഷിക്കാം എന്ന ഉറപ്പ് വേണമായിരിന്നു അദ്ദേഹത്തിന്. മറ്റൊന്നും കാര്യമായി ചിന്തിക്കാതെ ഞാൻ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തു.

ഈ സംഭാഷണം കഴിഞ്ഞു 5 ദിവസം കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ മരിച്ചു. അന്ന് ആണ് അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നതിന്റെ അർത്ഥം പൂർണമായി എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.

ഇപ്പോഴും എനിക്ക് ആ സംഭാഷണം ഓര്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ട്. ഞാൻ ഇപ്പോഴും ആഗ്രഹിക്കാറുണ്ട് ഒരു നാല് കൊല്ലം കൂടി അദ്ദേഹം ജീവിച്ചിരിന്നെങ്കിലെന്നു.. വേറെ ഒന്നിനും അല്ല.. ആൻഡർലെറ്റ്ന് വേണ്ടി ഞാൻ കളിക്കുന്നത് കാണാൻ. ഞാൻ അദ്ദേഹത്തിന് നൽകിയ ഉറപ്പ് ഞാന്‍ പാലിച്ചു എന്ന് കാണാൻ. എല്ലാം നല്ല രീതിയിൽ എത്തി എന്നു കാണാൻ.

കൃത്യം 16ആം വയസിൽ ടീമിൽ കേറുമെന്ന് ഞാൻ അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു. എന്നാൽ അത് നിറവേറ്റുന്നതില്‍ ഒരു 11 ദിവസം താമസിച്ചു.

മെയ്‌ 24, 2009. ആൻഡർലെറ്റും സ്റ്റാൻഡേർഡ് ലിസേജും ആയിട്ടുള്ള പ്ലേയോഫ്‌ ഫൈനൽ.

എന്റെ ജീവിതത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ദിവസമായിരുന്നു അന്ന്. ആ വര്‍ഷം ഫുട്ബോള്‍ സീസണിന്റെ ആരംഭത്തിൽ ആൻഡർലെറ്റ് U-19 ഞാന്‍ കളിയ്ക്കാന്‍ തുടങ്ങിയിരുന്നു പക്ഷെ തുടക്ക സമയത്ത് ഞാന്‍ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥിരംഗമായിരുന്നില്ല. കോച്ച് വളരെ അപൂർവമായി മാത്രമേ എന്നെ കളിക്കാൻ അനുവദിച്ചിരിന്നുള്ളൂ. ഇങ്ങനെ വല്ലപ്പോഴും മാത്രം കളിച്ചാൽ എങ്ങനെയാണ് 16ആം ജന്മദിനത്തിൽ പ്രൊഫഷണല്‍ -കോൺട്രാക്റ്റിൽ ഒപ്പിടാനാകുക എന്നു ഞാൻ ആശങ്കപ്പെട്ടു. അതിനു ഞാന്‍ ഒരു വഴി കണ്ടുപിടിച്ചു.

കോച്ചുമായി പന്തയം വെയ്ക്കുക. എന്നെ കളിക്കാൻ സമ്മതിച്ചാൽ അടുത്ത ഡിസംബറിനുള്ളിൽ ഞാൻ ടീമിന് വേണ്ടി 25 ഗോളുകൾ നേടാം എന്നു അദ്ദേഹത്തോട് പറഞ്ഞു. അദേഹത്തിന്റെ മറുപടി ഒരു പൊട്ടിചിരി ആയിരിന്നു. അത്രെയും ഗൗരവമായി ഞാൻ പറഞ്ഞ കാര്യം അദ്ദേഹം ചിരിച്ചു തളളി.
അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഒരു പന്തയത്തിൽ എത്തി ചേർന്നു. എന്നെ ആദ്യ ഇലവനില്‍ കളിപ്പിക്കാം എന്ന് കോച്ച് സമ്മതിച്ചു. എന്നാൽ ഡിസംബറിനുള്ളിൽ 25 ഗോൾ നേടിയില്ല എങ്കിൽ തിരിച്ചു ബെഞ്ചിലോട്ട് തന്നെ പോകേണ്ടി വരുമെന്ന് അദ്ദേഹം എന്നെ ഓർമിപ്പിച്ചു. ഞാൻ അതിനു ശരി വെച്ചു. ഞാന്‍ പന്തയത്തില്‍ ജയിക്കുക ആണെങ്കിലും വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ഞാൻ വിജയിച്ചാൽ പ്ലയേഴ്‌സിനെ കൊണ്ട് പോകുന്ന മിനി വാനുകൾ എല്ലാം കോച്ച് വൃത്തിയാക്കണം എന്നും തങ്ങൾക്കു എല്ലാർക്കും പാൻകേക്ക് ഉണ്ടാക്കി തരാമെന്നും. അദ്ദേഹം അത് സമ്മതിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വിഡ്ഢിത്തമായ പന്തയം ആയിരുന്നിരിക്കണം അത്.

നവംബര്‍ മാസം തികയുന്നതിനു മുന്നേ തന്നെ ഞാൻ 25 ഗോളുകൾ നേടുകേയും ക്രിസ്തുമസ്സിന് മുമ്പ് തന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള പാൻകേക്ക് കോച്ച് പാകം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. വിശന്നു വലയുന്ന ഒരു ചെക്കനെ ഒരിക്കലും വെല്ലുവിളിക്കാൻ പാടില്ല എന്നൊരു പാഠം ഞാന്‍ എന്റെ കോച്ചിനെ പഠിപ്പിച്ചു. എന്റെ പിറന്നാളായ മെയ്‌ 13ന് ഞാൻ ആൻഡർലെറ്റുമായി പ്രൊഫഷണല്‍ കരാറില്‍ ഒപ്പ് വെച്ചു. അന്ന് തന്നെ ഏറ്റവും പുതിയ ഫിഫ ഗെയിമും ഒരു കേബിൾ പാക്കേജൂം വീട്ടിലെയ്ക്കായി ഞാന്‍ സ്വന്തമാക്കി. മേയ് മാസം ആയതിനാല്‍ സീസണിന്റെ അവസാന ദിനങ്ങൾ ആയിരിന്നു. അതിനാൽ തന്നെ ഞാൻ വീട്ടിൽ ഒഴിവ് സമയം ചിലവഴിക്കുകയായിരിന്നു. എന്നാൽ അതവണത്തെ ബെൽജിയൻ ലീഗ് വളരെ ആവേശമേറിയത് ആയിരിന്നു. ആൻഡർലെറ്റും സ്റ്റാൻഡേർഡ് ലിസേജും ഒരേ പോയിന്റിൽ ഫിനിഷ് ചെയതു. ലീഗിലെ വിജയികളെ തീരുമാനിക്കാന്‍ രണ്ടു പാദം ഉള്ള ഒരു പ്ലേയോഫ്‌ നടത്താനും തീരുമാനം ആയി.

പ്ലെയോഫിന്റെ ആദ്യ പാദം മറ്റു ഏതൊരു ഫുട്ബോള്‍ ആരാധകനേം പോലെ നിറഞ്ഞ ആവേശത്തോടെ ഞാനും ടീവിയിൽ കാണുകയായിരുന്നു. രണ്ടാം ഭാഗത്തിന്റെ തലേദിവസം അസംഭവ്യമായ ഒന്നും സംഭവിച്ചു. ഒരു ഫോണ്‍ കോള്‍ ആയിരുന്നു അത്. എന്റെ ടീമിന്റെ കോച്ചിൽ നിന്നാണ് ആ ഫോൺ കാൾ വരുന്നത്.

ഹലോ Rom.. നീ എന്ത് ചെയ്യുകയാണ് ?”
ഞാൻ പാർക്കിൽ ഫുട്ബോൾ കളിക്കാൻ പോകുകയായിരിന്നു
പറ്റില്ല പറ്റില്ല വേഗം തന്നെ നീ ബാഗ് പാക്ക് ചെയ്യണം
എന്തിനു ? ഞാൻ എന്താ ചെയ്തേ ?”
ഒന്നും പറയണ്ട! നീ വേഗം സ്റ്റേഡിയത്തിൽ എത്തണം! സീനിയര്‍ ടീമിന് നിന്നെ ആവശ്യമുണ്ട്
ഏഹ് ?? എന്നെയോ ?!”
അതെ നിന്നെ തന്നെ.. വേഗം വരണം

സന്തോഷത്താല്‍ കൊണ്ട് തുള്ളിച്ചാടിയ ഞാൻ അച്ഛന്റെ കിടപ്പ് മുറിയിലോട്ട് ഓടിയെത്തി. അച്ഛനോട് വേഗം എഴുന്നേറ്റു വരൂ നമുക്ക് ഒരു സ്ഥലത് എത്താനുണ്ട് എന്നു പറഞ്ഞു. അമ്പരപ്പോടെ അദ്ദേഹം എന്നെ നോക്കി എവിടെ എത്താനാ ഇത്രേം ആവേശം എന്നു ആരാഞ്ഞു. ഞാൻ ആവേശത്തോടെ അലറി ” ആൻഡർലെറ്റിലോട്ട്!”

ആ യാത്ര ഞാൻ ഒരിക്കലും മറക്കില്ല. സ്റ്റേഡിയത്തിൽ എത്തിയെ ഉടനെ ഞാൻ ഡ്രസിങ് റൂമിലോട്ടു ഓടി അപ്പോഴേക്കും ടീമിന്റെ കിറ്റ്മാന്‍ എന്നോട് ഏതു ജേര്‍സി നമ്പർ വേണം എന്നു ചോദിച്ചു.

എനിക്ക് പത്താം നമ്പർ മതി എന്ന് ഞാന്‍ പറഞ്ഞു.

എന്റെ മറുപടി അദേഹത്തെ സ്ഥബ്ധനക്കിയിരുന്നു. എന്താണ് ഞാന്‍ പറഞ്ഞെതെന്നോ ചോദിച്ചതെന്നോ മനസിലാക്കുവാനുള്ള പക്വത അന്ന് എനിക്ക് ഇല്ലായിരിന്നു. അത് പോലെ തന്നെ ഞാന്‍ വേറേതോ ഒരു മായിക ലോകത്തായിരുന്നു. എന്നോട് അക്കാദമി പ്ലയെർസ് 30ഓ അതിനു മുകളിലോ ഉള്ള നമ്പരാണ് സാധാരണയായി എടുക്കാറു എന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ 3ഉം 6ഉം കൂട്ടുമ്പോൾ 9 ആകുമെന്നും അത് ഒരു നല്ല നമ്പർ ആയോണ്ട് 36 മതി എന്നു ഞാന്‍ മറുപടി പറഞ്ഞു.

അന്ന് രാത്രി ടീം ഹോട്ടലിൽ വെച്ച് എന്നെ കൊണ്ട് ടീമിലെ സീനിയർ പ്ലയെർസ് പാട്ടു ഒകെ പാടിച്ചു.. ഏതു പാട്ടാണ് പാടിയത് എന്നു പോലും എനിക്ക് ഓർമ്മകിട്ടുന്നില്ല. ആവേശം കൊണ്ട് തല ചുറ്റുകയായിരിന്നു എനിക്കന്നു.

അടുത്ത ദിവസം വീട്ടിൽ എന്റെ കൂട്ടുകാരൻ എന്നെ ഫുട്ബോൾ കളിക്കാൻ വിളിക്കാൻ വന്നപ്പോൾ എന്റെ അമ്മ ഞാൻ പുറത്തു കളിക്കാൻ പോയിരിക്കയാണ് എന്നു പറഞ്ഞു. സംശയത്തോടെ അവന്‍ എവിടെയാണ് കളിക്കാൻ പോയത് എന്ന് കൂട്ടുകാരന്‍ അന്വേഷിച്ചു. അഭിമാനത്തോടെ അപ്പോൾ അമ്മ പറഞ്ഞു… ദി ഫൈനൽ!

സ്റ്റേഡിയത്തിൽ എല്ലാ പ്ലയേഴ്‌സും അകര്‍ഷണമേറിയതും വിലയേറിയതുമായ സ്യുട്ട് ധരിച്ചു ബസ് ഇറങ്ങിയപ്പോള്‍ ഞാന്‍ ധരിച്ചത് ഒട്ടും ആകർഷകമല്ലാത്ത ഒരു ട്രാക്ക് സ്യുട്ട് ആയിരിന്നു. ക്യാമറകൾ ഒകെ എന്റെ വരവും ഒപ്പിയെടുത്തു. ബസ് ഇറങ്ങി ലോക്കർ റൂമിലോട്ടു ഉള്ള നടത്തം മുന്ന് മിനിറ്റോളം ദൈര്‍ക്യംനിറഞ്ഞതായിരുന്നു. ലോക്കര്‍ റൂമിലോട്ടു കേറുമ്പോഴേക്കും എന്റെ ഫോൺ മെസ്സേജുകളും കോളുകൾ കൊണ്ടും നിറഞ്ഞു.

“ബ്രോ നിങ്ങൾ സ്റ്റേഡിയത്തിൽ എന്ത് ചെയുക ആണ്?”

എന്റെ ഉറ്റ സുഹൃത്തിന് മാത്രം ഞാൻ മറുപടി നല്കി..
“എന്താ നടക്കുന്നത് എന്നു എനിക്കും അറിയില്ല. കളിക്കാൻ സാധിക്കുമോ എന്നും അറിയില്ല. നീ ടീവി കാണുക “

അന്നത്തെ മത്സരത്തില്‍ 63ആം മിനുട്ടിൽ എന്നെ സബ്സ്റ്റിട്ട്യുട്ട് ആയി ഇറക്കി മാനേജർ. അങ്ങനെ 16 വയസും 11 ദിവസവും പ്രായമുള്ള ഞാൻ ആൻഡർലെറ്റിനു വേണ്ടി ഫീൽഡിൽ ഇറങ്ങി.

അന്ന് ഞങ്ങൾ ഫൈനലിൽ തോറ്റു പോയെങ്കിലും ഞാൻ സ്വർഗ്ഗതുല്യമായ അവസ്ഥയിൽ ആയിരിന്നു. എന്റെ അപ്പുപ്പനും, അമ്മയ്ക്കും കൊടുത്ത വാക്കുകള്‍ പാലിക്കാൻ പറ്റും എന്ന ഉറപ്പ് എനിക്ക് വന്നിരിക്കുന്നു. ഇനി പുതിയൊരു ജീവിതമാണ്‌ ഞങ്ങള്‍ക്ക് എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

അടുത്ത സീസണ്‍ ആയപ്പോഴേക്കും ഞാന്‍ ഞാൻ യുറോപ്പ ലീഗില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഒരേ സമയം കളിയും പഠനവുമായിരുന്നു എന്റെ ദിനചര്യ. രാവിലെ ഞാന്‍ എന്റെ സ്കൂളില്‍ പോകുകയും ഉച്ചക്ക് ഉള്ള ഫ്ലൈറ്റിനു യുറോപ്പ കളിയ്ക്കാന്‍ പോകുകയും ചെയ്ത ദിവസങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങൾ ആ വര്‍ഷം മികച്ച മാര്‍ജിനില്‍ ലീഗ് വിജയിക്കുകേം ഞാൻ ആ വർഷത്തെ മികച്ച ആഫ്രിക്കൻ പ്ലയെർ അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തത്തുകയും ചെയ്തു. അവിശ്വസനീയം ആയിരിന്നു എല്ലാം.

ഇങ്ങനെയൊക്കെ നടക്കും എന്നു എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഇത്രേം പെട്ടെന്ന് നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പൊടുന്നനെ മീഡിയ എന്നിലേക്ക് ഒരുപാട് പ്രതീക്ഷ അർപ്പിക്കാൻ തുടങ്ങിയിരിന്നു. പക്ഷെ അപ്പോഴും എന്റെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ അന്നും എനിക്ക് സാധിച്ചിരുന്നില്ല.

പക്ഷെ, അന്ന് ഞാൻ വെറും 17-18 വയസു പ്രായമുള്ള പയ്യനായിരുന്നു.

എല്ലാം നല്ല രീതിയിൽ പോകുന്ന സമയം എന്നെ പത്ര മാധ്യമങ്ങൾ ലുക്കാക്കു, ദി ബെൽജിയൻ സ്‌ട്രൈക്കർ എന്നു വിശേഷിപ്പിക്കാൻ തുടങ്ങി. എന്റെ മോശം സമയങ്ങളില്‍ വിശേഷണം ലുക്കാക്കു, കോംഗോ വംശജനായ ബെൽജിയൻ സ്‌ട്രൈക്കർ എന്ന് ആയതും ഞാൻ കണ്ടു.

ഞാൻ കളിക്കുന്ന രീതി നിങ്ങൾക്ക് എല്ലാർക്കും ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ല. അതില്‍ നിങ്ങള്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ എനിക്ക് പ്രശ്നം ഒന്നുമില്ല. പക്ഷെ ഞാൻ ബെല്‍ജിയകാരനാണ്, ഞാന്‍ ഈ രാജ്യത്താണ് ജനിച്ചതും വളർന്നതും ഒക്കെ. ഇവിടെ ആൻറ്വെർപ്പിലും, ലീജിലും, ബ്രസെൽസിലുമാണ് ഞാന്‍ വളർന്നത്.ആൻഡർലെറ്റിനു വേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. വിൻസെന്റ് കൊമ്പനിയെപ്പോലെയാകാൻ ആയിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. അതെ… ഞാൻ ഒരു ബെൽജിയൻ ആണ്.

നമ്മൾ എല്ലാരും ബെൽജിയൻ ആണ്..ആ വിശ്വാസമാണ് നമ്മുടെ ദേശത്തെ ശ്രേഷ്ഠം ആക്കുന്നത്.

ഈ രാഷ്ട്രത്തിൽ തന്നെ എന്റെ പതനം ആഗ്രഹിക്കുന്നവർ ഉണ്ട്. അതെന്തുകൊണ്ടാണ് എന്ന് എനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. ചെൽസിയിൽ പോയി നന്നായി കളിക്കാൻ സാധിക്കാതെ വന്നപ്പോഴും വെസ്റ്റ് ബ്രോമിലോട്ട് ലോണിൽ പോയപ്പോഴും ഒക്കെ അവർ എന്നെ നോക്കി ചിരിക്കുകയായിരുന്നു.

പക്ഷെ അവയൊന്നും എന്നെ ബാധിക്കുന്നവ അല്ല. എന്റെ കഷ്ടപാടുകളില്‍ ഒന്നും കൂടെ നിന്നിട്ടുള്ളവര്‍ അല്ല ഇവര്‍. പാൽ ഇല്ലാഞ്ഞതിനാൽ പ്രഭാത ഭക്ഷണം വെള്ളം ചേർത്ത് കഴിക്കേണ്ടി വന്നപ്പോൾ ഒന്നും അവർ എന്റെ കൂടെ ഉണ്ടായിരുന്നില്ല. എന്റെ കഷ്ടപ്പാടിൽ കൂടെ ഇല്ലാതിരുന്നവർക്ക് എന്നെയും മനസ്സിലാകില്ല.

നിങ്ങൾക്ക് രസകരമായ വേറെ ഒരു കാര്യം അറിയുമോ ? 10 വര്‍ഷത്തോളം ടിവിയില്‍ ചാമ്പ്യൻസ് ലീഗ് കാണാൻ ഉള്ള സാഹചര്യംഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് അതിന്റെ മാനക്കേട്‌ ഒരു ഫുട്ബോളറായ എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിന്നു. അന്നൊക്കെ സ്കൂളിൽ എല്ലാരും ആവേശത്തോടെ ഫൈനലിനെ പറ്റി ചർച്ച ചെയുമ്പോൾ നടന്നതിനെ പറ്റി ഒരു സൂചനയും ഇല്ലാതെ ഞാൻ നില്കുമായിരിന്നു.

എനിക്ക് ഇപ്പോഴും ഓർമയുണ്ട് 2002 യിലെ റയൽ മാഡ്രിഡ്‌ ബയേര്‍ ലെവര്‍കുസന്‍ ഫൈനല്‍ മാച്ച് കഴിഞ്ഞു എല്ലാരും അന്നത്തെ സിദാന്റെ ഐതിഹാസികമായ വോളിയെ പറ്റി ആവേശം കൊണ്ടപ്പോൾ അത് എനിക്കും അറിയാവുന്ന പോലെ അഭിനയിക്കേണ്ടി വന്നത്.

രണ്ട് ആഴ്ചയ്ക്കു ശേഷം സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ഒരു സുഹൃത്ത്‌ ആ വീഡിയോ ഡൌൺലോഡ് ചെയ്തപ്പോൾ ആണ് സിദാൻ ബോൾ ടോപ് ലെഫ്റ്റ് കോർണറിലേക്ക് പായിക്കുന അത്ഭുത കാഴ്ച കാണാൻ എനിക്ക് സാധിച്ചത്.

ആ വേനൽ കാലം ഞാൻ ആ സുഹൃത്തിന്റെ വീട്ടിൽ പോയി ആണ് വേൾഡ് കപ്പ്‌ ഫൈനലിൽ റൊണാൾഡോ ഫിനമിനോ കളിക്കുന്നത് കണ്ടത്. ടൂര്‍ണമെന്റിനെ പറ്റിയുള്ള ബാക്കി വിശേഷങ്ങൾ ഒക്കെ എനിക്ക് കേട്ടറിവ് മാത്രം ആയിരിന്നു.

2002 ൽ ഞാന്‍ ഇട്ടിരുന്ന എന്റെ ഷൂസിൽ ദ്വാരങ്ങൾ ഉണ്ടായിരുന്നു. വലിയ വലിയ ദ്വാരങ്ങൾ. പുതിയ ഷൂസുകള്‍ മേടിക്കാന്‍ എന്റെ കുടുംബത്തിനു പാങ്ങുണ്ടായിരുന്നില്ല. പക്ഷെ 12 വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ രാജ്യത്തിന്‌ വേണ്ടി വേൾഡ് കപ്പ്‌ കളിക്കുകയായിരിന്നു!

ഇതാ ഞാൻ അടുത്ത ലോകകപ്പ്‌ കളിക്കാൻ പോകുന്നു. ഇത്തവണ ഞാൻ ഇതൊരു ആഘോഷമാക്കാൻ ഓർമിക്കും. കാരണം ജീവിതം ചെറുതാണ്. അതിൽ ആവശ്യത്തിൽ അധികം മാനസിക പിരിമുറുക്കത്തിന്റെയോ നാടകങ്ങളുടെയോ ആവശ്യകത ഇല്ല. ആൾക്കാർക് എന്നേം എന്റെ ടീമിനേം പറ്റി എന്തും പറയാം. പക്ഷേ അവ ഞങ്ങളെ ബാധിക്കില്ല. ഞാന്‍ അവയ്ക്ക് ചെവി കൊള്ളുന്നില്ല.
ഞങ്ങൾ കുട്ടികൾ ആയിരിന്നപ്പോൾ തിയറി ഹെൻറി കളിക്കുന്ന മത്സരങ്ങള്‍ കാണാനുള്ള സാഹചര്യം എനിക്കില്ലായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം എന്റെ ദേശീയ ടീമിന്റെ പരിശീലകരില്‍ ഒരാളാണു. അദ്ദേഹത്തിൽ നിന്നും ഞാൻ അമൂല്യമായ പല പാഠങ്ങളും പഠിച്ചു കൊണ്ടിരിക്കുന്നു. ഒരു ഇതിഹാസം എന്നു പറയാവുന്ന അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നു. ഈ ലോകത്തു തന്നെ എന്നെക്കാളെറെ ഫുട്ബോൾ മത്സരങ്ങള്‍ കാണുന്നത് ചിലപ്പോൾ അദ്ദേഹം മാത്രം ആയിരിക്കും. ഞങ്ങൾ എല്ലാത്തിനെയും പറ്റി ചർച്ച ചെയ്യാറും തർക്കിക്കാറും ഉണ്ട്. ഞങ്ങൾ ജർമനിയിലെ സെക്കന്റ്‌ ഡിവിഷൻ ഫുട്ബോളിനെ പറ്റി വരെ ചില സമയങ്ങളില്‍ കലഹിക്കാറുണ്ട്.

ഒരു വട്ടം ഞാൻ അദ്ദേഹത്തിനോട് ഫോർട്ടൂ ഡസ്സെൽഡോർഫ്ന്റെ സെറ്റപ്പ് കണ്ടിട്ടുണ്ടോ എന്നു ആരാഞ്ഞു. മണ്ടത്തരം പറയല്ലേ, ഉറപ്പ് ആയും കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം മറുപടിയും തന്നു. ഇത്ര സൂക്ഷ്മമായ കാര്യങ്ങളില്‍ പോലും ശ്രദ്ധ പതിപ്പിക്കുന്നത് എന്നെ സംബന്ധിച്ചടുത്തോളം വളരെയധികം ആരാധന അർഹിക്കുന്ന കാര്യം ആണ്

ഇതൊക്കെ നേരിൽ കാണാൻ എന്റെ അപ്പുപ്പൻ കൂടെ ഉണ്ടായിരുനെങ്കിൽ എന്നു ഞാൻ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്. ഈ നിമിഷത്തിലും എന്റെ ഏറ്റവും വലിയ ആഗ്രഹം ഇതാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കേറിയതോ,ചാമ്പ്യൻസ് ലീഗോ,വേൾഡ് കപ്പോ ഒന്നുമല്ല ഞാൻ ഉദേശിക്കുന്നത്. ഇപ്പോഴത്തെ ഞങ്ങളുടെ ജീവിതം കാണുവാൻ. അദ്ദേഹത്തിനെ ഒന്ന് വിളിക്കാൻ പറ്റിയിരിന്നു എങ്കിൽ… അമ്മയ്ക്ക് കുഴപ്പം ഒന്നുമില്ലയെന്നും.. അപ്പാർട്മെന്റിൽ എലി ശല്യമോ നിലത്തു കിടന്നു ഉറങ്ങേണ്ടേ അവസ്ഥയോ ഇന്ന് ഇല്ല എന്നു അറിയിക്കാൻ.. ഞങ്ങൾക്ക് സുഖം ആണ് എന്നു പറയാൻ. ഇപ്പോൾ ഐ ഡി ചെക്ക് ചെയ്യാതെ തന്നെ എല്ലാര്‍ക്കും എന്റെ പേര് അറിയാം എന്നു പറയാൻ…

റൊമേലു ലുക്കാക്കു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here