ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ടോസ് സമ്പ്രദായം ഒഴിവാക്കാൻ സാധ്യത.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ടോസ് എടുത്തു കളയുന്നതിനെക്കുറിച്ചു ഐ.സി.സി ആലോചിക്കുന്നു. ഹോം ആൻഡ് എവേ ആനുകൂല്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.സി ഇങ്ങനെയൊരു മാറ്റം കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്. നിലവിൽ സ്വന്തം നാട്ടിൽ കളിക്കുന്ന ടെസ്‌റ്റുകളിൽ പിച്ച് ഒരുക്കുന്നതിനുള്ള സ്വാതന്ത്ര്യം അതാതു ബോർഡുകളിൽ നിക്ഷിപ്തമാണ്. അതിനു പുറമെ ടോസിന്റെ ആനുകൂല്യം കൂടെ ഹോം ടീമിന് കിട്ടാതിരിക്കാനാണ് ഐ.സി.സി ഇങ്ങനെയൊരു കാര്യത്തെ പറ്റി ആലോചിക്കുന്നത്.

തീരുമാനം നടപ്പാകുകയാണെങ്കിൽ 2 വർഷം കാലയളവ് കൊണ്ട് ഐ.സി.സി നടത്താനുദ്ദേശിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ആഷസ് പരമ്പരയിലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക. പുതിയ നിയമപ്രകാരം എവേ ടീമിന്റെ ക്യാപ്റ്റനായിരിക്കും ബാറ്റിങ്ങും ഫീല്ഡിങ്ങും തിരഞ്ഞെടുക്കാനുള്ള അവകാശം. കളിക്കുന്ന രണ്ടു രാജ്യങ്ങളുടെയും പുറത്തു നടക്കുന്ന മത്സരങ്ങളിൽ പക്ഷെ ഈ നിയമം ബാധകമാവില്ല.

 

 

2015 മുതലുള്ള സ്ഥിതി വിവരകണക്കെടുക്കുകയാണെങ്കിൽ നടന്നിട്ടുള്ള 150 ടെസ്റ്റുകളിൽ ഹോം ടീമുകൾ 80 വിജയങ്ങൾ നേടിയപ്പോൾ എവേ ടീമുകൾക്ക് 45 മത്സരങ്ങളെ വിജയിക്കാനായുള്ളു. 25 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നിലവിൽ തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മുതൽ ബോർഡിന് കീഴിൽ നടത്തി വരുന്ന ചതുർദിന ഡൊമസ്റ്റിക് മത്സരങ്ങൾക്ക് ഈ സംബ്രദായമാണ്‌ നടപ്പാക്കി വരുന്നത്.

മെയ് 28,29 ദിവസങ്ങളിൽ മുംബൈയിൽ നടക്കുന്ന ഐ.സി.സി യുടെ ക്രിക്കറ്റ് കമ്മിറ്റി മീറ്റിങ്ങിലായിരിക്കും ഇതിനെ സംബന്ധിക്കുന്ന ചർച്ച നടക്കുക. മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അനിൽ കുംബ്ലെ, ആൻഡ്രൂ സ്‌ട്രോസ്, മഹേള ജയവർധന, രാഹുൽ ദ്രാവിഡ്, ടിം മെയ്, ന്യൂസിലാന്റ് ക്രിക്കറ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ്, അമ്പയർ റിച്ചാർഡ് കെറ്റിൽബൊറോ, ഐ.സി.സി മാച്ച് റഫറിമാരായ രഞ്ജൻ മദുഗലെ, ഷോൺ പൊള്ളോക്ക്, ക്ലയർ കോണോർ എന്നിവരാണ് കമ്മറ്റിയിൽ ഉള്ളത്. തീരുമാനം നടപ്പാക്കുകയാണെങ്കിൽ 1877ലെ ഇംഗ്ളണ്ടും, ഓസ്‌ട്രേലിയേയും ഏറ്റു മുട്ടിയ ആദ്യ ടെസ്റ്റ് മുതൽ പിന്തുടരുന്ന കീഴ്‌വഴക്കമായിരിക്കും വഴി മാറുക.

LEAVE A REPLY

Please enter your comment!
Please enter your name here