ഒന്നാം ഏകദിനം: കറക്കിവീഴ്ത്തി കുൽദീപ്, അടിച്ചൊതുക്കി രോഹിത്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കു 8 വിക്കറ്റിന്റെ മികച്ച വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം ഇന്ത്യ 40.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബാറ്റിങ്ങിലും ബോളിംഗിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യയുടെ ജയം.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ബോളിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ശെരിവെക്കുന്നതായിരുന്നു പിന്നീട് ഇന്ത്യൻ ബോളർമാരുടെ പ്രകടനം. 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് എടുത്ത കുൽദീപ് യാദവ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ അക്ഷരാർത്ഥത്തിൽ കറക്കിയേറിഞ്ഞു. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജെസണ് റോയിയും ബെയർസ്റ്റോയും ചേർന്നു 73 റൺസിന്റെ മികച്ച തുടക്കമാണ് നല്കിയതെങ്കിലും പിന്നീട് വന്നവർക്ക് ആ തുടക്കം മുതലാക്കാനായില്ല. 38 റൺസ് വീതം നേടി ഇരുവരും പുറത്തായി. ഒരു ഘട്ടത്തിൽ തകർച്ചയിലേക്ക് എന്നു തോന്നിച്ച ഇംഗ്ലീഷ് ടീമിനെ 103 പന്തിൽ 50 റൺസ് നേടിയ ബെൻ സ്റ്റോക്‌സും 51 പന്തിൽ 53 റൺസ് നേടിയ ബട്ട്ലറും ചേർന്നാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഉമേഷ് യാദവ് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു ഒരു ഘട്ടത്തിലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഏകദിനത്തിലെ തന്റെ 18 ആം സെഞ്ചുറി കണ്ടെത്തിയ രോഹിത് ശർമ്മ നയിച്ച ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിനിറങ്ങിയ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഇംഗ്ലണ്ടിന്റെ സ്‌കോർ അനായാസമായി മറികടന്നു. രോഹിത് 114 പന്തിൽ 137 റൺസ് നേടി പുറത്താകാതെ നിന്നു. ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 40 റൺസ് എടുത്തു പുറത്തായി. പിന്നീട് വന്ന കോഹ്‌ലിയും രോഹിത് ശർമയും ചേർന്നു 167 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി. 82 പന്തിൽ 75 റൺസ് നേടിയ കോഹ്ലി പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയത്തിനടുത്ത് എത്തിയിരുന്നു.

ബോളിംഗിലെ താരം കുൽദീപ് യാദവ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ ഇന്ത്യ 3 മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ഏകദിനം ശെനിയാഴ്ച ലോർഡ്സിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here