ഇംഗ്ലണ്ട് ടൂറിൽ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം

ഓസ്ട്രേലിയയെയും പാകിസ്താനെയും നിലംപരിശാക്കിയ ഇംഗ്ലണ്ട് നിരയെ തളച്ചു ഇന്ത്യ. 2 മാസത്തോളം നീണ്ടുനിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിൽ അനായാസം ഇന്ത്യ വിജയിച്ചു. KL രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. രാഹുൽ കരിയറിലെ രണ്ടാം സെഞ്ചുറി നേടിയപ്പോൾ ഇന്ത്യ തുടർച്ചയായ 7ആം ട്വന്റി ട്വന്റി മത്സരമാണ് ജയിച്ചത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ബട്ലറും ജേസൺ റോയിയും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. 5ആം ഓവറിൽ അർധസെഞ്ചുറി കൂട്ടുകെട്ട് നേടിയതിനു തൊട്ടുപുറകേ ഉമേഷ്‌ യാദവ് റോയിയെ 30(20) മടക്കിയയച്ചു. അലക്സ്‌ ഹെയ്ൽസുമായി ബട്ലർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുൽദീപ് യാദവ് രംഗത്തിറങ്ങിയതോടെ ഇംഗ്ലണ്ടിന്റെ കഷ്ടകാലം തുടങ്ങി. ഒന്നിനുപുറകെ ഒന്നായി ഇംഗ്ലണ്ട് മധ്യനിര കൂടാരം കയറി. 46 ബോളിൽ 69 റണ്ണെടുത്ത ബട്ലർ മാത്രം തന്റെ മിന്നും ഫോം തുടർന്നു. അവസാന ഓവറുകളിൽ വില്ലിയുടെ 29 റൺ കൂടിയായപ്പോൾ ഇംഗ്ലണ്ടിന്റെ സ്കോർ 158ലെത്തി. കുൽദീപ് യാദവാണ് ഇംഗ്ലണ്ട് നിരയിൽ ഏറ്റവും അപകടം വിതച്ചത്. 4 ഓവറിൽ 24 റൺ മാത്രം വഴങ്ങിയ കുൽദീപ് കരിയറിൽ ആദ്യമായി 5 വിക്കറ്റ് വീഴ്ത്തി. IPLലെ ഫോം തുടർന്ന ഉമേഷ്‌ യാദവ് 2 വിക്കറ്റുമായി കുൽദീപിനു കൂട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 1ആം ഓവറിൽത്തന്നെ ധവാനെ നഷ്ടമായി. പിന്നീട് വന്ന KL രാഹുൽ തുടക്കംമുതലേ ആക്രമിച്ചു കളിച്ചു. രോഹിത് – രാഹുൽ കൂട്ടുകെട്ട് 123 റൺ നേടി. 32റണ്ണുമായി രോഹിത് പുറത്താകുമ്പോഴേക്കും കളി ഇംഗ്ലണ്ടിന്റെ കൈവിട്ടു പോയിരുന്നു. അനായാസം ഇംഗ്ലണ്ട് ബോളിംഗ്‌നിരയെ നേരിട്ട രാഹുൽ 53 പന്തിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി കൂടുതൽ വിക്കറ്റ് നഷ്ടമൊന്നും വരുത്താതെ 19ആം ഓവറിൽ മോയിൻ അലിയെ ബൗണ്ടറി കടത്തിക്കൊണ്ട് കളി അവസാനിപ്പിച്ചു. ഇതോടെ 3 മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here