കോസ്റ്റാറിക്കയുടെ ലോകകപ്പ്‌ താരത്തെ സൈന്‍ ചെയ്തു ഇന്ത്യന്‍ ക്ലബ്‌

റഷ്യൻ ലോകകപ്പിൽ കോസ്റ്റാറിക്കയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ പ്രതിരോധതാരം ജോണി അക്കോസ്റ്റയുമായി ഇന്ത്യൻ ക്ലബ്ബ് ഈസ്റ്റ് ബെംഗാൾ കരാറിലെത്തി. ഒരു വർഷത്തെ കരാറിലാണ് കോസ്റ്റാറിക്കൻ ഡിഫന്‍ഡര്‍ കൊല്‍കത്ത വമ്പന്മാരുടെ കൂടെ  ചേര്‍ന്നിരിക്കുന്നത്. കൊളംബിയയില്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബായ റിയോനെഗ്രോ അഗ്വിലയിൽ നിന്നാണ് മുപ്പത്തിനാലുകാരനായ താരം ഇന്ത്യയിലേക്കെത്തുന്നത്‌. 

കോസ്റ്റാറിക്കൻ ദേശീയ ടീമിനായി രണ്ട് ലോകകപ്പുള്‍ കളിച്ച താരം ദേശീയ ജേഴ്സിയില്‍ 72 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2011 മുതല്‍ ദേശീയ ടീമിലെ വിശ്വസ്തനായ താരം ഈ ലോകകപ്പിലെ കോസ്റ്ററിക്കയുടെ മൂന്നു മത്സരങ്ങളിലും കളത്തില്‍ ഇറങ്ങിയിരുന്നു. കോസ്റ്റാറിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ബ്രസീലിനെതിരായ ഗ്രൂപ്പ് തല മത്സരത്തില്‍ നെയ്മറിനെ മാര്‍ക്ക് ചെയ്ത അക്കോസ്റ്റയുടെ പ്രകടനം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അക്കൊസ്റ്റയുടെ വരവ് കൂടുതല്‍ മികച്ച താരങ്ങളെ ഇന്ത്യയിലേക്ക്‌ എത്തിക്കുന്നതിന് തുണയാകും എന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here