ചൈനീസ് തായ്പേയെ തറപറ്റിച്ചു ഇന്ത്യ

ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആദ്യ മത്സരത്തിൽ ചൈനീസ് തായ്പേയെ തകർത്തു ഇന്ത്യയുടെ ചുണക്കുട്ടികൾ. മുംബൈയിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ 5-0 എന്ന സ്കോറിനാണ് ഇന്ത്യ വിജയംകണ്ടത്. ഉദാന്ത സിംഗ്, പ്രണോയ് ഹാൽഡർ എന്നിവർ ഓരോ ഗോൾവീതം നേടി. 
4-2-3-1 എന്ന ഫോർമേഷനിൽ ഒട്ടേറെ പുതുമുഖങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്കുവേണ്ടി 14ആം മിനിറ്റിൽ ഛേത്രിയാണ് ആദ്യ ഗോൾ നേടിയത്. ജെജെ നീട്ടിക്കൊടുത്ത പാസ്സ് സ്വീകരിച്ച ഛേത്രി തായ്‌പേയ് ഗോളിയെ കബിളിപ്പിച്ചു ലക്ഷ്യം കണ്ടു. ഥാപ്പയും ജെജെയും നടത്തിയ മുന്നേറ്റത്തിൽനിന്നുമാണ് രണ്ടാമത്തെ ഗോൾ പിറന്നത്. ബോക്സിൽ നിന്നിരുന്ന ഛേത്രി ബുദ്ധിമുട്ടേറിയ ആംഗിളിൽനിന്നും ഗോൾ കണ്ടെത്തി. 
രണ്ടാംപകുതി തുടങ്ങി മിനിട്ടുകൾക്കകം ഉദാന്ത തന്നെ മാർക്‌ചെയ്യാൻ നിന്നിരുന്ന ഡിഫെൻഡറെ മനോഹരമായ ഫുട് വർക്കിലൂടെ മറികടന്ന് ഇന്ത്യയുടെ 3ആം ഗോൾ നേടി. ബോക്സിലേക്കുള്ള ഥാപ്പയുടെ പാസ്സിൽനിന്നും 62ആം മിനിറ്റിൽ ഛേത്രി ഹാട്രിക്ക് തികച്ചു, ഗോൾപോസ്റ്റിന്റെ മൂലയിലേക്ക് എണ്ണംപറഞ്ഞ ഒരു ഷോട്ട്. 78ആം മിനിറ്റിലെ പ്രണോയിയുടെ ഗോളിലൂടെ തായ്‌പേയുടെ പതനം പൂർത്തിയായി. ബോക്സിന്റെ ഇടതുവശത്തുനിന്നും വെടിയുണ്ടകണക്കെ പ്രണോയ് തൊടുത്ത ഷോട്ട് ഗോളിക്ക് അവസരമൊന്നും നൽകാതെ ഗോളിൽ കലാശിച്ചു. 
ജൂൺ 4ന് കെനിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

LEAVE A REPLY

Please enter your comment!
Please enter your name here