ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം

50 ദിവസങ്ങൾക്കും, 59 മത്സരങ്ങൾക്കും ശേഷം IPL 2018 ചാമ്പ്യനെ ഇന്നറിയാം. എല്ലാ കണ്ണുകളും മുബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക്. അവശേഷിക്കുന്നത് രണ്ടേരണ്ട്‍ ടീമുകൾ, ചെന്നൈ സൂപ്പർകിങ്‌സും സൺറൈസേഴ്‌സ് ഹൈദെരാബാദും. സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ തമ്മിലാണ് ഫൈനൽ എന്ന പ്രത്യേകതയും ഉണ്ട്. 

9 സീസണിൽ നിന്നും 7ആം ഫൈനൽ മത്സരത്തിനാണ് ചെന്നൈ ഇറങ്ങുന്നത്. IPL ചരിത്രത്തിലെ ഏറ്റവും കൺസിസ്റ്റന്റ് ആയ ടീം. 2 വർഷത്തെ ഇടവേളയ്ക്കുശേഷം ധോണിയുടെ തന്നെ ക്യാപ്റ്റൻസിയിൽ ചെന്നൈ ഇറങ്ങിയപ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. ലേലത്തിനുശേഷം വയസൻ പട എന്ന് ആക്ഷേപിച്ചവർ സീസൺ തീരാറായപ്പോൾ ഓടിയൊളിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. IPL എക്സ്പീരിയൻസ് ഏറെയുള്ള താരനിര മാനേജ്മെന്റിന്റെ വിശ്വാസം കാത്തു. വെറ്ററൻ താരങ്ങളായ റെയ്ന, ധോണി, അമ്പാട്ടി റായിഡു, വാട്സൺ, ജഡേജ എന്നിവരെല്ലാം സമയാസമയങ്ങളിൽ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു. ലോക ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷർ എന്ന പേര് ഇപ്പോഴും തനിക്കുള്ളത് തന്നെ എന്നുറപ്പിക്കുന്ന പവർ ഹിറ്റുകളാണ് ക്യാപ്റ്റൻ കൂളിന്റെ ബാറ്റിൽനിന്നും പിറന്നത്. യുവതാരങ്ങളായ ലുങ്കി എങ്കിടിയും ദീപക് ചഹാറും ഉൾപ്പെടുന്ന ബോളിങ് നിരയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. എങ്കിടിയുടെ ബൗളിങ് ആയിരിക്കും സൺറൈസേഴ്‌സ് ഏറെ ഭയക്കുക. 2010,2011 വർഷങ്ങളിൽ കിരീടം നേടിയ ചെന്നൈ ഇന്ന് ജയിച്ചാൽ ഏറ്റവും കൂടുതൽ IPL കിരീടങ്ങൾ എന്ന മുംബൈയുടെ റെക്കോർഡിന് ഒപ്പമെത്താം. ക്വാളിഫയറിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെ ചെന്നൈ ഇറങ്ങാനാണ് സാധ്യത. 

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ആത്മവിശ്വാസവുമായി ഇറങ്ങിയ ഹൈദരാബാദ് ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തമായ ബൗളിങ് നിരയാണ് ഹൈദരാബാദിന്റെ ആശ്രയം. റഷീദ് ഖാൻ, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ എന്നിവർ സീസണിൽ ഉടനീളം ബാറ്സ്മാന്മാരെ വട്ടംകറക്കി. വിക്കറ്റു വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് റഷീദ് ഖാനും സിദ്ധാർഥ് കൗളും. ബാറ്റിങ്ങിൽ ധവാനെയും വില്യംസണെയും കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതാണ് സൺറൈസേഴ്സിനെ അലട്ടുന്ന പ്രശ്നം. 688 റണ്ണുമായി വില്യംസൺ ഈ സീസണിലെ ഓറഞ്ച് ക്യാപ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. മധ്യനിരയിൽ ഇതുവരെ ആരും താളം കണ്ടെത്തിയിട്ടില്ല. പണം വാരിയെറിഞ്ഞു വാങ്ങിയ മനീഷ് പാണ്ഡെ തീർത്തും നിരാശപ്പെടുത്തി. റാഷിദ്‌ ഖാന്റെ കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് പ്രകടനം സൺറൈസേഴ്സിന് തെല്ലൊരാശ്വാസം നൽകിയിട്ടുണ്ട്. എന്നിരുന്നാലും മികച്ച സ്കോർ നേടണമെങ്കിൽ ധവാൻ, വില്യംസൺ എന്നിവരിൽ ആരെങ്കിലും വലിയ സ്കോർ നേടണം. ഓപ്പണിങ് വിക്കറ്റിൽ ആരെ ഇറക്കും എന്നതും തലവേദനയാണ്. ക്വാളിഫയറിൽ സാഹയെ ഓപ്പണിങ് ഇറക്കിയ തീരുമാനം ഫലം കണ്ടിരുന്നില്ല. ക്വാളിഫയർ ലൈനപ്പിൽ നിന്നും രണ്ട് മാറ്റങ്ങളുമായി സൺറൈസേഴ്‌സ് ഇറങ്ങാനാണ് സാധ്യത. ദീപക് ഹൂഡയ്ക്ക് പകരം മനീഷ് പാണ്ഡേയും ഖലീൽ അഹമ്മദിന് പകരം സന്ദീപ് ശർമയും ടീമിൽ തിരിച്ചെത്താം. 

2018 സീസണിൽ ഹൈദരാബാദ് ബൗളിങ് നിരയെ തകർത്ത ഏക ടീം ചെന്നൈയാണ്. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോളും വിജയം ചെന്നൈക്കൊപ്പമായിരുന്നു. ആദ്യ ക്വാളിഫയർ മത്സരത്തിലേറ്റ തോൽവിക്ക് കണക്കുതീർക്കാനായിരിക്കും ഇന്ന് സൺറൈസേഴ്‌സ് ഇറങ്ങുക. സ്ഥിരം ക്യാപ്റ്റൻ ഡേവിഡ് വാർണറിനു വിലക്ക് ലഭിച്ചത് മൂലം പകരക്കാരനായി വന്ന് ടീമിനെ നയിച്ച വില്യംസൺ കിരീടമുയർത്തുമോ എന്ന് കാത്തിരുന്നു കാണാം 

LEAVE A REPLY

Please enter your comment!
Please enter your name here