കളി മതിയാക്കി ഇറാന്റെ ഭാവിതാരം

ഇറാനിയൻ മെസ്സി എന്നറിയപ്പെട്ടിരുന്ന സർദർ അസ്‌മൗൻ രാജ്യാന്തര മല്സരങ്ങളിൽനിന്ന് വിരമിച്ചു. ആരാധകരുടെ അതിരുകടന്ന മോശം പെരുമാറ്റവും അധിക്ഷേപവുമാണ് 23കാരനായ താരത്തിനെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത്. ഗോളടിക്കുന്നതിലെ മികവുമൂലമാണ് ‘ഇറാനിയൻ മെസ്സി’ എന്ന വിളിപ്പേര് താരത്തിന് ലഭിച്ചത്. 36 മത്സരങ്ങളിൽനിന്ന് 23 ഗോളുകൾ ഇതുവരെ സർദർ രാജ്യത്തിനുവേണ്ടി നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാറൗണ്ടിൽ 14 കളികളിൽനിന്ന് 11 ഗോളുകൾ അടിച്ചുകൂട്ടിയ സർദറിനുമേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ഇറാൻ ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ പുറത്തുപോവുകയും, സർദർ ഒരു ഗോളുപോലും നേടാതിരിക്കുകയും ചെയ്തതോടെയാണ് ആരാധകരുടെ രോഷം അണപൊട്ടിയത്.

ആരാധകരുടെ ഈ പെരുമാറ്റം തന്റെ കുടുംബത്തെ ബാധിച്ചതായി താരം പറഞ്ഞു. “എന്റെ അമ്മ വളരെ സീരിയസ് ആയ അസുഖത്തിൽ നിന്ന് സുഖംപ്രാപിച്ചതിൽ ഞാൻ സന്തോഷിച്ചിരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ ചിലരുടെ ക്രൂരമായ ശകാരങ്ങളും ശാപവാക്കുകളും അമ്മയെ വീണ്ടും തളർത്തി. ഞാനും എന്റെ സഹകളിക്കാരും ഒരിക്കലും അർഹിച്ചിരുന്ന കുത്തുവാക്കുകളല്ല ഞങ്ങൾക്കുനേരെ ഉണ്ടായത്. ഈ സാഹചര്യത്തിൽ എനിക്ക് വേറെ വഴിയില്ല”

ഇറാൻ ഫുട്ബോളിനേറ്റ കനത്ത തിരിച്ചടിയാണ് സർദറുടെ വിരമിക്കൽ പ്രഖ്യാപനം. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുമെന്ന് ഫുട്ബോൾ ലോകം വിലയിരുത്തിയിരുന്ന താരത്തിനെയാണ് ഇറാന് നഷ്ടമായത്. 23ആം വയസിൽത്തന്നെ ഇറാന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറര്മാരുടെ പട്ടികയിൽ 5ആമതാണ് സർദാർ.

LEAVE A REPLY

Please enter your comment!
Please enter your name here