ടെസ്റ്റ്‌ ക്രിക്കറ്റിലെ വരവറിയിച്ചു അയർലണ്ട്

ചരിത്രത്തിലാദ്യമായി ടെസ്റ്റ്‌ മത്സരം കളിച്ച അയർലണ്ട് പാകിസ്താനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ച്ചു. മത്സരം തോറ്റെങ്കിലും അയർലണ്ട് ആരാധകരുടെ മനസ്സ് കീഴടക്കി. ഏകദിന ക്രിക്കറ്റിൽ മുൻപ് പാകിസ്താനെ തോൽപ്പിച്ചിട്ടുള്ളതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ അയർലണ്ട് നിരാശപ്പെടുത്തിയില്ല. കൃത്യതയുള്ള ബൗളിങ്ങുമായി അയർലണ്ട് ബൗളർമാർ പാകിസ്താനെ പരീക്ഷിച്ചു. 7ആം വിക്കറ്റിൽ ഒത്തുചേർന്ന ശദാബ് ഖാൻ ഫഹീം അഷ്‌റഫ്‌ കൂട്ടുകെട്ടാണ് പാകിസ്താനെ കരകയറ്റിയത്‌. 310 റണ്ണുമായി പാകിസ്ഥാൻ ഒന്നാമിന്നിങ്‌സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലണ്ടിനെ പാകിസ്ഥാൻ എറിഞ്ഞിട്ടു. 40 റൺസ് എടുത്ത കെവിൻ ഒബ്രിയാൻ ആയിരുന്നു അയർലണ്ട് നിരയിലെ ടോപ് സ്‌കോറർ. മുഹമ്മദ്‌ അബ്ബാസ്, ശദാബ് ഖാൻ എന്നിവർ പാകിസ്ഥാൻ നിരയിൽ തിളങ്ങി. 


ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ പാകിസ്ഥാൻ അയർലണ്ടിനെ വീണ്ടും ബാറ്റിങിനയച്ചു.ഒന്നാമിന്നിങ്സിൽ കണ്ട അയര്ലണ്ടിനെയല്ല പിന്നീട് കണ്ടത്. എഡ് ജോയ്സും ക്യാപ്റ്റൻ പോർട്ടർഫീൽഡും ശ്രദ്ധയോടെ കളിച്ചു. മധ്യനിരയിൽ വിക്കറ്റുകൾ വീണശേഷം വന്ന കെവിൻ ഒബ്രയാൻ ഒന്നാമിന്നിങ്സിൽ അവസാനിപ്പിച്ചിടത്തുനിന്നു തുടങ്ങി. തോംപ്സനുമായി സെഞ്ചുറി കൂട്ടുകെട്ട്. വ്യക്തിഗത സെഞ്ചുറിയുമായി ഒബ്രയാൻ അയർലണ്ടിന്റെ റെക്കോർഡ് പുസ്തകങ്ങളിൽ ഇടംനേടി. പലതവണ ഭാഗ്യം പിന്തുണച്ച ഇന്നിംഗ്സ് അയർലൻഡിന് ലീഡ് നേടിക്കൊടുത്തു. 159 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ അയർലണ്ട് ബൗളേഴ്‌സ് നന്നായി പരീക്ഷിച്ചു. ഒരുഘട്ടത്തിൽ 3 വിക്കറ്റിന് 14 റൺ എന്ന നിലയിലായിരുന്നു പാകിസ്ഥാൻ. കരിയറിലെ ആദ്യ മത്സരം കളിക്കുന്ന ഇമാം ഉൾ ഹഖ് ബാബർ അസം ആയിച്ചേർന്ന് 126 റൺ കൂട്ടിച്ചേർത്തു. ബാബർ അസം പുറത്തായപ്പോഴേക്കും പാകിസ്ഥാൻ വിജയത്തിനോടടുത്തിരുന്നു. ഇമാം ഉൾ ഹഖ് 74 റണ്ണുമായി പുറത്താവാതെ നിന്ന് പാകിസ്താനെ വിജയിപ്പിച്ചു.

തോൽവിയിലും അയർലൻഡിന് അഭിമാനിക്കാൻ ഏറെയുണ്ട്. ഒന്നാമിന്നിങ്‌സ് തകർച്ചയ്‌ക്കുശേഷം അവർ നടത്തിയ പോരാട്ടം അഭിനന്ദനമർഹിക്കുന്നു. കെവിൻ ഒബ്രയാൻ ആണ് കളിയിലെ താരം. കുഞ്ഞൻ ടീമെന്ന് അയർലണ്ടിനെ എഴുതിത്തള്ളാനാവില്ലെന്ന് സാരം. ടെസ്റ്റ്‌ പദവിക്കായി കാത്തിരിക്കുന്ന മറ്റ് അസ്സോസിയേറ്റ് ടീമുകൾക്ക് അയർലണ്ടിന്റെ പ്രകടനം കരുത്തേകും. 

LEAVE A REPLY

Please enter your comment!
Please enter your name here