ജുആനിറ്റോ… റയല്‍ മാഡ്രിഡിന്റെ പ്രിയ പുത്രന്‍

അതേ..കാൽ നൂറ്റാണ്ട് കടന്നു പോയിരിക്കുന്നു… കൃത്യമായി പറഞ്ഞാൽ 25 വര്‍ഷം മുൻപ് ഇതേ പോലെ ഒരു ഏപ്രിൽ. പ്രാണവായുവിൽ പോലും ഫുട്ബാൾ നിറയുന്ന മാഡ്രിഡ് നഗരത്തിലെ അന്നത്തെ സായാഹ്നത്തിന് ഒരു നിഗൂഡ ഭാവമുണ്ടായിരുന്നോ..! എല്ലാ പാതകളിലൂടെയും സാന്റിയാഗോ ബെർണാബ്യൂവിലേക്ക് ഒഴുകികൊണ്ടിരുന്ന ആയിരങ്ങളുടെ കൂട്ടത്തിൽ എന്നത്തേയും പോലെ അയാളുമുണ്ടായിരുന്നു. മാജിക്കൽ യൂറോപ്യൻ നൈറ്റ് പ്രതീക്ഷിച്ചെത്തിയ ഒരു ലക്ഷത്തോളം വരുന്ന കാണികളുടെ ആരവങ്ങളിലേക്ക് ഒരിക്കൽ കൂടി അയാൾ ഇറങ്ങി വന്നു. യൂറോപ്പ്യൻ കപ്പ് സെമി ഫൈനലിന്റെ ഫസ്റ്റ് ലെഗിൽ ആതിഥേയരായ റയൽ മാഡ്രിഡ്‌ നേരിടുന്നത് ഇറ്റാലിയൻ കരുത്തരായ ടോറിനോയെ. പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാസഗ്രാൻഡയുടെ ഗോളിലൂടെ ടോറിനോ അപ്രതീക്ഷിതമായി ലീഡ് നേടി. ഗോൾ വഴങ്ങിയതോടെ ഉണർന്നെഴുന്നേറ്റ റയൽ മാഡ്രിഡ് ആർത്തു വിളിക്കുന്ന ബെർണാബ്യൂവിന്റെ പിന്തുണയോടെ എതിർ ബോക്സിലേക്ക് ഇരച്ചു കയറാൻ തുടങ്ങി, വെറും മൂന്ന് മിനിട്ടിനുള്ളിൽ ജോർജ് ഹാഗിയുടെ ക്ലിനിക്കൽ ഫിനിഷിലൂടെ ഇക്വലൈസർ വന്നു. പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു കൊണ്ട് കളിയുടെ പേസ് കുറക്കാൻ ടോറിനോ കിണഞ്ഞു ശ്രമിച്ചെങ്കിലും റയൽ മാഡ്രിഡ് വഴങ്ങിയില്ല.

 

തങ്ങളുടെ ‘Remontadas King’നെ സാക്ഷി നിർത്തി കൊണ്ട് അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ഫെർണാണ്ടോ ഹിയറോയിലൂടെ വിജയ ഗോളും കണ്ടെത്തി. പിന്നീട് ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. 2-1 എന്ന സ്കോർ ലൈനിൽ വിജയം പൂർത്തിയാക്കി കൊണ്ട് റയൽ തിരിച്ചു കയറുമ്പോൾ അഭിനന്ദങ്ങളുമായി ഹാർഷാരവം മുഴക്കുന്ന ഒരു ലക്ഷത്തോളം വരുന്ന കാണികളിൽ ഒരാളായി അയാൾ എഴുന്നേറ്റു, പതുക്കെ തിരിച്ചു നടക്കുമ്പോൾ അവസാനമായി ഒരു വട്ടം കൂടെ തിരിഞ്ഞു നോക്കി. ഒരിക്കലും മറക്കാനാവാത്ത ഒരായിരം ഓർമകൾ ഫ്ലാഷ് ബാക് പോലെ അയാളുടെ മനസ്സിലൂടെ കടന്ന് പോയിരിക്കണം… അതെ ഇവിടെ വെച്ചാണ് തന്റെ ജീവിതം സ്വപ്നത്തേക്കാൾ സുന്ദരമായത്.. ബാല്യത്തിൽ എല്ലാ കൂട്ടുകാരെയും പോലെ റയൽ സരഗോസയെ ആരാധിച്ചു നടന്ന ഫുയെൻഗിറോലയിലെ ഒരു സാധാരണ ബാലനിൽ നിന്നും ലക്ഷകണക്കിന് ആരാധകരുടെ സ്വപ്നനായകനായി “The genius of Fuengirola” എന്ന് താൻ വിളിക്കപ്പെട്ടത് ഇവിടെ വെച്ചാണ്… തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുമായി ചിലവഴിച്ച ബെർണാബ്യൂവിലെ ഡ്രെസ്സിംഗ് റൂമിൽ കൂടി അവസാനമായി അയാൾ എത്തി… വിജയത്തോടെ തിരിച്ചെത്തിയ തന്റെ പിൻഗാമികൾക്ക് അഭിനന്ദനങ്ങൾ ആശംസിച്ചു കൊണ്ട് തന്റെ സ്വപ്ന ഭൂമികയെ പിന്നിലാക്കി അയാൾ നടന്നകന്നു… “താങ്കളുടെ കാർ ടോളേഡോ മുനിസിപ്പാലിറ്റി N-5 ൽ വെച്ചു അപകടത്തിൽപെട്ടിരിക്കുന്നു. ഡ്രൈവർ ബ്രെയിൻ ഇഞ്ചുറിയോടെ ഹോസ്പിറ്റലൈസഡ് ചെയ്യപ്പെട്ടിരിക്കുകയാണ്, കൂടെയുള്ള ആൾ സ്പോട്ടിൽ കൊല്ലപ്പെട്ടിരിക്കുന്നു.” അർധരാത്രി 3 മണിക് തനിക്ക് വന്ന കാൾ അറ്റൻഡ് ചെയ്ത ഫുട്ബോൾ ക്ലബ് മെരിഡ പ്രസിഡന്റ് ജൊസേ കാർവഹാൽ നടുക്കത്തോടെ അലറി… ഓഹ്..ജൂആനിറ്റോ…

അതെ തന്റെ പ്രിയപ്പെട്ട മാഡ്രിഡ് നഗരത്തിന് 70 km മാത്രം അകലെ വെച്ചു 37ന്റെ ചെറുപ്പത്തിൽ അദ്ദേഹം മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു.. തങ്ങളുടെ ദേശീയ നായകനെ എന്നെന്നേക്കുമായി നഷ്ടമായി ദുരന്ത വാർത്ത കേട്ട് ഏപ്രിൽ 3ന്റെ പ്രഭാതത്തിൽ സ്പാനിഷ് ജനത ഉണർന്നെഴുന്നേറ്റത്.. ആരായിരുന്നു ജുആനിറ്റോ… ആൽഫ്രഡ് ഡിസ്റ്റെഫാനോയും റെയ്മോണ്ട് കോപ്പയും ഫ്രാറങ്ക് പുഷ്കാസും ഫ്രാൻസിസ്കോ ജെന്റോയും തുടങ്ങി എമിലിയോ ബുട്രേഗാനോയും സീനദിൻ സിദാനും റൗൾ ഗോൺസാലസും വരെയുള്ള ഇതിഹാസ താരങ്ങളാൽ സമൃദ്ധമായ റയൽ മാഡ്രിഡ് ലെജൻഡ്‌സിൽ എന്ത് കൊണ്ടാണ് ‘ജുആൻ ഗോമസ് ഗോൺസാലെസ്’ എന്ന ജുഅനിറ്റോ ഇത്രമേൽ സ്നേഹിക്കപ്പെട്ടത്.. തികച്ചും സ്വാഭാവികമെന്നു തോന്നുന്ന സംശയത്തിൽ നിന്ന് നിങ്ങൾ ജൂഅനിറ്റോ ആരായിരുന്നെന്നു അന്വേഷിച്ചിറങ്ങിയാൽ തീർച്ചയായും അന്വേഷണാന്തരം അയാള്‍ നിങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയിരിക്കും..

 

ആൻഡലുസ്യയിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ചു ലോക്കൽ ക്ലബായ ഫുയെൻഗിറോലയുടെ യൂത്ത് ടീമിലെ പെർഫോമൻസിലൂടെ അത്ലറ്റികോ മാഡ്രിഡ് യൂത്ത് ടീം വരെ എത്തിയ യൂത്ത് കരിയർ. പതിനെട്ടാം വയസിൽ മാഡ്രിഡ് നഗരത്തിലേക്ക് നടത്തിയ ആ യാത്രയാണ് പിന്നീടുള്ള ജൂഅനിറ്റോയുടെ ജീവിതം മാറ്റി മറിച്ചത്. യൂത്ത് ടീമിൽ കഴിവ് തെളിയിച്ച ജൂഅനിറ്റോ നിക്വാരാഗയിലെ ഭൂകമ്പബാധിതരെ സഹായിക്കാനായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ ബെൻഫിക്കകെതിരെയാണ് അത്ലറ്റികോ മാഡ്രിഡ് സീനിയർ ടീമിനായി അരങ്ങേറിയത്. രണ്ട് ഗോളുകളുമായി ആദ്യ മത്സരത്തിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ എതിർഗോളിയുമായി കൂട്ടിയിടിച്ചുണ്ടായ പരിക്ക് അദ്ദേഹത്തിന്റെ വിലപ്പെട്ട ഒരു വർഷം നഷ്ടപ്പെടുത്തി.

 

ഇഞ്ചുറിക്ക് ശേഷം തിരിച്ചു വന്നപ്പോൾ സെറ്റ് ആയ ടീമിൽ സ്ഥാനമില്ലെന്ന വാർത്തയാണ് അദ്ദേഹത്തെ കാത്തിരുന്നത്. അതോടെ സെക്കന്റ് ഡിവിഷൻ ക്ലബായ ബർഗോസ് fcയിലേക്ക് ലോൺ മൂവ് നടത്താൻ അദ്ദേഹം നിർബന്ധിതനായി. ജൂഅനിറ്റോയുടെ ടാലന്റ് തിരിച്ചറിഞ്ഞ ബർഗോസ് അദ്ദേഹത്തിന് പുതിയ കോൺട്രാക്ട് നൽകി. അവിടെ രണ്ടാമത്തെ സീസൺ അവസാനിക്കുമ്പോൾ ജൂഅനിറ്റോയുടെ മികവിൽ ബർഗോസ് സെഗുണ്ട ഡിവിഷൻ ജേതാക്കളായി ലാലിഗയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു. തുടർന്ന് ലാലിഗയിലും തന്റെ ഉജ്വല പ്രകടനം തുടർന്ന ജൂഅനിറ്റോ സീസണിലെ ഏറ്റവും മികച്ച സ്പാനിഷ് പ്ലേയർകുള്ള ഡോൺ ബാലൻ അവാർഡിന് അർഹനായി. അപ്പോഴേക്കും യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെയെല്ലാം പ്രൈം ടാർഗെറ്റ് ലിസ്റ്റിൽ ജൂഅനിറ്റോ സ്ഥാനം പിടിച്ചിരുന്നു..

1977ൽ 50 മില്യൺ ഓഫറുമായി ബാഴ്സലോണ മുന്നോട്ട് വന്നു. പക്ഷെ മാഡ്രിഡ് നഗരത്തിൽ എത്തിയത് മുതൽ ജൂആനിറ്റോയുടെ ഹൃദയാന്തരങ്ങളിൽ പതിഞ്ഞൊരു സ്വപ്നമുണ്ടായിരുന്നു. അതിന് വേണ്ടി അദ്ദേഹം കാത്തിരുന്നു. 1977 ജൂണിൽ 27 മില്യൺ ഓഫറുമായി തന്റെ ഡ്രീം ക്ലബ് റയൽ മാഡ്രിഡ് എത്തിയപ്പോൾ ജൂഅനിറ്റോയുടെ സ്വപ്‍നം സഫലീകരിക്കപ്പെടുകയായിരുന്നു. തന്റെ പ്രസന്റേഷൻ സെറിമണിയിൽ സാന്റിയാഗോ ബെർണബ്യൂവിൽ തടിച്ചു കൂടിയ പതിനായിരങ്ങളെ സാക്ഷി നിർത്തി കൊണ്ട് അദ്ദേഹം പറഞ്ഞു

“Playing for Real Madrid is like touching the sky, Real Madrid has always been my first choice as a team and Madrid has always been my favorite as a city”

അതൊരു തുടക്കം മാത്രമായിരുന്നു… 1979-80 സീസണിലെ യൂറോപ്യൻ കപ്പ് സെമി ഫൈനലിൽ സെൽറ്റിക്കിനെതിരെ ഫസ്റ്റ് ലെഗ് മാച്ച് ഗ്ലാസ്ഗോയിൽ 2-0 പരാജയപ്പെട്ടാണ് മാഡ്രിഡ് ബെർണാബ്യൂയിലേക്ക് തിരിച്ചെത്തിയത്. ഒരു ഗോൾ പോലും വഴങ്ങാതെ 3 ഗോൾ വ്യത്യാസത്തിലെങ്കിലും ജയിച്ചില്ലെങ്കിൽ പുറത്ത് പോകുമെന്ന സമ്മർദസാഹചര്യത്തിൽ ഇറങ്ങിയ മാഡ്രിഡിനെ ജൂഅനിറ്റോ മുന്നിൽ നിന്ന് നയിച്ചു. സാന്റില്ലാനയുടെയും സ്റ്റലൈകിന്റെയും ഗോളുകളിൽ തങ്ങളുടെ കടം വീട്ടിയ റയൽ ജൂഅനിറ്റോയുടെ ബുള്ളറ്റ് ഹെഡറിലൂടെ തിരിച് വരവ് പൂർത്തിയാക്കി. വിജയഗോൾ നേടിക്കൊണ്ട്‌ ബാരിക്കേഡുകൾക്ക് മുകളിലേക്ക് കുതിച്ചു കയറിയ ജൂഅനിറ്റോയുടെ ചിത്രം ബെർണാബ്യൂവിന്റെ ചരിത്രത്തിലെ മായാത്ത ഓർമകളിലിന്നും തിളങ്ങി നിൽക്കുന്നു.

ജൂഅനിറ്റോയുടെ നായകത്വത്തിൽ റയൽ മാഡ്രിഡ് കംബാക് ഒരു ശീലമാക്കി തുടങ്ങുകയായിരുന്നു. ഇതിനിടെ 1983-84 സീസണിൽ ടോപ് സ്‌കോറർക്കുള്ള പിച്ചിച്ചി ട്രോഫിയും ജൂഅനിറ്റോയുടെ ട്രോഫി ക്യാബിനെറ്റിൽ എത്തി. 1984-85ൽ പ്രീക്വർട്ടറിൽ ബെൽജിയൻ ചാമ്പ്യൻസ് ആയ ആൻഡർലഷ്റ്റിന്റെ ഗ്രൗണ്ടിൽ മറുപടി ഇല്ലാതെ 3 ഗോൾ വഴങ്ങി പരാജയപ്പെട്ടപ്പോൾ വീണ്ടും റയൽ മാഡ്രിഡിന്റെ പ്രതീക്ഷകൾ ജൂഅനിറ്റോയിലേക്ക് ഫോക്കസ് ചെയ്യപ്പെട്ടു. റിട്ടേൺ ലെഗിൽ 6-1ന്റെ വിജയുമായി ബെർണാബ്യൂവിൽ വിജയക്കൊടി നാട്ടുന്ന മാഡ്രിഡ് ടീമിനെയാണ് പിന്നെ ലോകം കണ്ടത്.. ഇതേ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കരുത്തരായ ഇന്റർമിലാനോട് സാൻസീറോയിൽ 2-0 ത്തിന്റെ തോൽവി വഴങ്ങിയപ്പോഴും മാഡ്രിഡിസ്റ്റാസ് പതറിയില്ല. അവരുടെ വിശ്വാസത്തെ കാത്തു സൂക്ഷിച്ചു കൊണ്ട് ബെർണാബ്യൂവിൽ ഏകപക്ഷീയമായ 3 ഗോൾ വിജയുമായി റയൽ മാഡ്രിഡ് ഒരിക്കൽ കൂടെ യുവേഫ കപ്പ് ഫൈനലിലേക്ക് കുതിച്ചു. പക്ഷെ പോരാട്ടങ്ങൾ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. 1985-86 യുവേഫ കപിന്റെ പ്രീക്വർട്ടറിൽ ഫസ്റ്റ് ലെഗിൽ ബൊറൂഷ്യക്കെതിരെ 5-1 എന്ന ബിഗ് മാർജിൻ തോൽവിയുമായി റയൽ ജർമനിയിൽ നിന്ന് മടങ്ങിയപ്പോൾ ജൂഅനിറ്റോ മാജിക്കിന് പോലും റയലിനെ തിരിച്ചു കൊണ്ട് വരാനാകില്ല എന്ന് ഫുട്ബാൾ ലോകം ഒന്നടങ്കം വിധിയെഴുതി. പക്ഷെ ഇരമ്പിയാർക്കുന്ന സാന്റിയാഗോ ബെർണബ്യൂവിനെ സാക്ഷി നിർത്തി കൊണ്ട് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവുകളിലൊന്നിലൂടെ റയൽ മാഡ്രിഡ് മുന്നോട്ട് കുതിച്ചപ്പോൾ ചാലകശക്തിയായി ജൂഅനിറ്റോ വീണ്ടും ഫുട്ബാൾ ലോകത്തെ അത്ഭുതപെടുത്തി.

 

പിന്നീട് സെമിയിൽ റയൽ മാഡ്രിഡിന് നേരിടാനുണ്ടായിരുന്നത് പ്രതികാരം തീർക്കാനെത്തിയ ഇന്റർമിലാനെയായിരുന്നു.. സാൻസീറോയിൽ നടന്ന ആദ്യ പാദത്തിൽ കണക്ക് തീർക്കാനുറച്ചു ഇറങ്ങിയ ഇന്റർ 3-1 ന്റെ നിർണായക വിജയംനേടി. പ്രതികാരനിർവാഹണത്തിന്റെ അമിതാഹ്ലാദവുമായി തിരിച്ചു കയറിയ ഇന്റർമിലാൻ ഡിഫെൻഡർ ഗ്രാസിയനോ ബിനിയോട് ജൂഅനിറ്റോ പറഞ്ഞു

 “90 minutes at the Bernabéu is a very long time”

അനശ്വരമായ ആ വാക്കുകൾ ഇന്നും പുലർന്നുകൊണ്ടിരിക്കുന്നു. ഇത്തവണ ഏതറ്റം വരെ പോയാലും തങ്ങൾ വിജയികളായെ മടങ്ങു എന്ന ദൃഢപ്രതിജ്ഞയുമായി എത്തിയ കരുത്തരായ ഇന്റർമിലാനെ 5-1 എന്ന സ്കോർ ലൈനിൽ തകർത്തെറിഞ്ഞു ഫുട്ബാൾ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച കംബാക്ക് കിംഗ്സ് തങ്ങളാണെന്നു പ്രഖ്യാപിച്ചു റയൽ മാഡ്രിഡ് ജൂഅനിറ്റോയുടെ വാക്കുകൾ സത്യപെടുത്തുന്നത് കണ്ട് ഫുട്ബാൾ ലോകം ഒരിക്കൽ കൂടി വിസ്മയിച്ചു. എന്ത് കൊണ്ട് ജൂഅനിറ്റോ ഇത്ര മാത്രം സ്നേഹിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഒരേയൊരു കാര്യം മനസിലാക്കിയാൽ മതി. ഒറ്റ കംബാക് വിജയത്തിലെ ഹീറോകൾ പോലും ഇന്ന് ആരാധകരുടെ ഹൃദയനായകനാകുമ്പോൾ അന്ന് ജൂഅനിറ്റോയുടെ നേതൃത്വത്തിൽ 15 തവണയാണ് ഫസ്റ്റ് ലെഗ് ഡെഫിസിറ്റ് റയൽ മാഡ്രിഡ് ഓവർട്യൂൺ ചെയ്തത്..അതെ ഫിഫ്റ്റീൻ ടൈംസ്!!

കൈമുതലായുള്ള തന്റെ അഗ്രെസ്സിവ് ആറ്റിട്യൂഡ് ചിലപ്പോഴൊക്കെ അദ്ദേഹത്തെ നികത്താനാകാത്ത നഷ്ടങ്ങളിലേക്കുമെത്തിച്ചു. സ്പെയിൻ-യൂഗോസ്ലാവ്യ മത്സരത്തിൽ ജൂഅനിറ്റോയിലൂടെ തുടങ്ങിയ മുന്നേറ്റം റൂബെൻ കാനോ ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ ഗോൾ ലൈൻ കടത്തിയപ്പോൾ അത് വിജയഗോൾ ആയി. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സബ് ചെയ്യപ്പെട്ട ജൂഅനിറ്റോ തിരിച് കയറുമ്പോൾ ഗാലറിയെ നോക്കി തമ്പ്‌സ് ഡൌൺ ചിഹ്നം കാണിച്ചു. അടുത്ത നിമിഷം അദ്ദേഹം ആക്രമിക്കപ്പെടുകയും ബോധരഹിതനാകുകയും ചെയ്തു. ഈ സംഭവത്തിന്‌ വെറും 4 ദിവസങ്ങൾക്ക് ശേഷം റയലിന് സീസണിലെ ഏറ്റവും കടുത്ത മത്സരമായ എൽക്ലാസികോയെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ജൂഅനിറ്റോയോട് വിശ്രമിക്കാൻ മെഡിക്കൽ ടീം നിർദ്ദേശിച്ചു. പക്ഷെ അവരുടെ നിർദേശം അവഗണിച്ചിറങ്ങിയ ജൂഅനിറ്റോ ഉജ്വല പ്രകടനവുമായി റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുത്തു കൊണ്ട് തന്റെ ആദ്യക്ലാസിക്കോ അവിസ്മരണീയമാക്കി.

 

പിന്നീടങ്ങോട്ട് ജൂഅനിറ്റോയുടെ ഫേവറിറ്റ് ഫിക്സ്ചറുകളിലൊന്നായി എൽക്ലാസിക്കോ മാറി. 1981-82 ക്ലാസിക്കോയിൽ കോർണറിൽ നിന്നും കയറി വന്നു തൊടുത്ത ലെഫ്റ്റ് ഫൂട്ട് സ്റ്റണ്ണർ ഗോൾ വല തുളച്ചപ്പോൾ അത് വരെ ആർത്തിരമ്പിയ ക്യാമ്പ്‌ന്യൂ ഒറ്റ സെക്കന്റ് കൊണ്ട് നിശബ്ദമായി.. 1982-83 ക്ലാസികോയിൽ ജൂഅനിറ്റോയും ജോണി മെത്ഗോഡും കൂട്ടായ നീകത്തിനോടുവിൽ കമ്പ്ലീറ്റ് ബാഴ്സ ഡിഫെൻസിനെ കീറി മുറിച്ചു കൊണ്ട് ബോക്സിനുള്ളിലേക്ക് കയറി ഗോൾകീപ്പർ ഉറുറ്റി കോയേഷ്യയുടെ മുകളിലൂടെ ചിപ്പ് ചെയ്‌തു നേടിയ നയന മനോഹരമായ ഗോൾ റയൽ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ചു. എൺപതുകളിൽ തുടർച്ചയായി രണ്ട് ലാലിഗ കിരീടങ്ങൾ നേടിയ റയൽ സോഷിഡാഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെതിരെ എസ്റ്റേഡിയോ അറ്റോച്ചയിൽ ഹാഫ് ലൈനിനപ്പുറത്ത് നിന്ന് പന്ത് കാലിൽ കൊരുത്തെടുത്ത് ഡിഫെൻഡ് ചെയ്യാൻ വന്ന സമൊറയെ സുന്ദരമായി നട്മെഗ് ചെയ്ത് കൊണ്ട് ബോക്സിലേക്ക് കുതിച്ചു കയറി തൊടുത്ത കണ്ണഞ്ചിപ്പിക്കുന്ന ലെഫ്റ്റ് ഫൂട്ട് സ്‌ട്രൈക്ക് എങ്ങനെ മറക്കാൻ കഴിയും..

1987ൽ ബയേൺ മ്യൂണിച് ആതിഥേയത്വം വഹിച്ച യൂറോപ്യൻ കപ്പ് മത്സരം ജൂഅനിറ്റോയുടെ കരിയറിലെ ടേണിങ് പോയിന്റായി മാറി. മത്സരത്തിൽ ലോതർ മത്താവൂസ് ഒരു ബ്രൂട്ടൽ ഫൗളിലൂടെ മാഡ്രിഡ് റൈറ്റ് ബാക് ചെന്റോയെ വീഴ്ത്തിയതോടെ സകല നിയന്ത്രണവും വിട്ട ജൂഅനിറ്റോ കുതിച്ചു വന്നു മത്താവൂസിനെ സ്‌റ്റോമ്പ് ചെയ്തു. ഡയറക്റ്റ് മാർച്ചിങ് ഓർഡറിനൊപ്പം യുവേഫ കോംപെറ്റീവ് മത്സരങ്ങളിൽ 5 വർഷം വിലക്കും പ്രഖ്യാപിക്കപ്പെട്ടത് ജൂഅനിറ്റോയുടെ സ്വപ്നസാദൃശ്യമായ മാഡ്രിഡ് കരിയറിന് അന്ത്യം കുറിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് റയൽ മാഡ്രിഡിൽ നിന്ന് മലാഗയിലേക്ക് മാറിയെങ്കിലും ജൂഅനിറ്റോയുടെ ഹൃദയം മാഡ്രിഡിൽ തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാണ് തന്നിൽ ഇനിയും ഫുട്ബാൾ ബാക്കി ഉണ്ടെന്നറിഞ്ഞിട്ടും രണ്ട് സീസണുകൾ പിന്നിട്ടപ്പോഴേക്ക് വിരമിക്കൽ പ്രഖ്യാപിച്ചത്. മാഡ്രിഡിലെ തന്റെ ഫെയർവെൽ സ്പീച്ചിൽ വിതുമ്പുന്ന ഹൃദയങ്ങളുമായി വന്ന പതിനായരകണക്കിന് മാഡ്രിഡ് ആരാധകരെ സാക്ഷി നിർത്തിക്കൊണ്ട് ജൂഅനിറ്റോ വാഗ്ദാനം ചെയ്തു.

“Now I’m off to Málaga, but I’ll come back here someday as a coach.”

വിരമിച്ച ഉടനെ കോച്ചിങ് പ്രൊഫെഷണനിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചത് വീണ്ടും തന്റെ സ്വപ്നഭൂമികയിലേക്കുള്ള ഒരു തിരിച്ചു വരവ് മോഹിച്ചായിരുന്നു. അങ്ങനെയാണ് ലോക്കൽ ക്ലബ് മെറിഡയുടെ പരിശീലകവേഷത്തിലേക്ക് ജൂഅനിറ്റോ വരുന്നത്.. പക്ഷെ 1992 ഏപ്രിൽ 2ന്റെ ആ ഇരുണ്ട രാത്രിയിൽ ജൂഅനിറ്റോ സ്വപ്‌നങ്ങൾ ബാക്കി വെച്ചു കൊണ്ട് തിരിച്ചു വരവില്ലാത്ത ലോകത്തേക്ക് യാത്രയായി. ഡെഡ്‌ലി പേസും അസാധാരണമായ ഡ്രിബ്ലിങ് പാടവവും ക്വാളിറ്റി ഫിനിഷിങ്ങും അദ്ദേഹത്തെ സാന്റിയാഗോ ബെർണാബ്യൂ ദർശിച്ച ക്ലാസ്സി വിങ്ങർമാരുടെ ശ്രേണിയിലേക്ക് ഉയർത്തി. തന്റെ ഫുട്ബോളിങ് സ്കിൽസിൽ ഉപരിയായി ജൂഅനിറ്റോ കാണിച്ച ഫൈറ്റിംഗ് സ്പിരിറ്റും കരിസ്മാറ്റിക്‌ ലീഡർഷിപ് ക്വാളിറ്റിയും അദ്ദേഹത്തെ ബെർണാബ്യൂവിന്റെ മാനസപുത്രനാക്കി..

 

കളിക്കളത്തിലെ സമ്മർദ സാഹചര്യങ്ങളിൽ അദ്ദേഹം കാണിച്ച മനസ്ഥൈര്യവും നിശ്ചയദാർഢ്യവും ടീമിനെ മുഴുവൻ പ്രചോദിതരാക്കി. റയൽ മാഡ്രിഡിനെ അദ്ദേഹം തന്റെ ജീവനേക്കാൾ സ്നേഹിച്ചു. മാഡ്രിഡ് പിന്നിട്ട് നിൽക്കുന്ന അവസരങ്ങളിൽ ജൂഅനിറ്റോയോടെ നെവേർ സെ ഡൈ ആറ്റിട്യൂഡ് ചരിത്രം തിരുത്തിയ പല വിജയങ്ങൾക്കും കാരണമായി. ആരാധകർ അദ്ദേഹത്തെ തങ്ങളുടെ ഹൃദയതാളത്തോട് ചേർത്തു വെച്ചു. ഒരു ദശകം നീണ്ടു നിന്ന തന്റെ റയൽ മാഡ്രിഡ് കരിയറിൽ 5 ലാലിഗയിലും 2 വീതം യുവേഫ കപ്പിലും കോപ ഡെൽറെയിലും ഒരു കോപ ഡി ലാലിഗയിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. റയലിൽ കളിച്ച അതെ പാഷനോടെ സ്പാനിഷ് നാഷണൽ ടീമിന് വേണ്ടി പോരാടിയ ജൂഅനിറ്റോ രണ്ട് വേൾഡ് കപ്പിൽ സ്പെയിനിനെ പ്രതിനിധീകരിച്ചു. വെംബ്ലിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്ത് കൊണ്ട് സ്പെയിൻ ഇംഗ്ലീഷ് മണ്ണിലെ തങ്ങളുടെ ആദ്യവിജയം കുറിക്കുമ്പോൾ വശ്യമനോഹരമായ രണ്ട് അസിസ്റ്റുകളുമായി മാൻ ഓഫ് ദി മാച്ച് ആയതും ജൂഅനിറ്റോ ആയിരുന്നു. റയൽ മാഡ്രിഡിന്റെ ചരിത്ര താളുകളിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഒട്ടനവധി മുഹൂർത്തങ്ങളിൽ നെടുനായകത്വം വഹിച്ച ജൂഅനിറ്റോ ഒരു ഇൻബോൺ ലീഡർ ആയിരുന്നു.

മാഡ്രിഡിസ്‌മോ എന്ന വികാരത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക തന്റെ ജീവിതം കൊണ്ട് അദ്ദേഹം വരച്ചിട്ടു. ജൂഅനിറ്റോ വിട വാങ്ങി പതിറ്റാണ്ടുകൾകിപ്പുറവും സാന്റിയാഗോ ബെർനബ്യൂവിലെ എല്ലാ മത്സരങ്ങളിലും ഏഴാം മിനുട്ടിൽ അൾട്രാസർസ് പാടുന്നു..

“ILLA ILLA ILLA JUANITO MARAVILLA”.

ജൂഅനിറ്റോ താങ്കളുടെ ലെഗസി ഒരിക്കലും മരിക്കുന്നില്ല. പിന്നിട്ട് നിൽക്കുന്ന വേളകളിൽ എതിരാളികളുടെ നെഞ്ചകങ്ങളിലേക്ക് വെടിയുണ്ട കണക്കുള്ള ഗോളുകൾ നേടിക്കൊണ്ട് വിജയസോപാനത്തിലേക്ക് കൈ പിടിച്ചുയർത്താൻ സെർജിയോ റാമോസ് എന്ന സിംഹഹൃദയനായ ആൻഡലൂസിയാക്കാരൻ ഇന്ന് ഞങ്ങളുടെ കപ്പിത്താനായുണ്ട്. ഫസ്റ്റ് ലെഗ് പരാജയങ്ങളിൽ ഞങ്ങൾ പതറുമ്പോൾ ഡെഫ്ലിക്റ്റുകൾ മറികടന്ന് കൊണ്ട് വിജയതീരങ്ങളിലേക്ക് വഴികാട്ടാൻ ഏഴാം നമ്പർ ജേഴ്സിയുടെ മാജിക്കൽ പ്രഭാവവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന കമാൻഡർ ഞങ്ങളോടൊപ്പമുണ്ട്.. നന്ദി ജൂഅനിറ്റോ താങ്കൾ സമ്മാനിച്ച അനശ്വരമായ ഓർമകൾക്ക്..മാജിക്കൽ യൂറോപ്യൻ നൈറ്റുകൾക്ക്.. താങ്കള്‍ ഞങ്ങളുടെ ഓർമ്മകളിൽ എന്നെന്നും ജീവിക്കുന്നു..

“ILLA ILLA ILLA JUANITO MARAVILLA.. SE NOTA ,SE SIENTE , JUANITO ESTA PRESENTE”

LEAVE A REPLY

Please enter your comment!
Please enter your name here