ആദ്യ എലിമിനെറ്ററില്‍ ജയം കൊല്‍ക്കത്തയ്ക്ക് : രാജസ്ഥാന്‍ പുറത്ത്

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ എലിമിനെറ്ററില്‍ വിജയം കൊല്‍ക്കത്തയ്ക്ക്. ബൌളര്‍മാരുടെ മികവിലാണ് കൊല്‍ക്കത്ത മത്സരം കൈപ്പിടിയിലൊതുക്കിയത്. ഇന്നത്തെ തോല്‍വിയോടെ രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഫൈനലിലോട്ട് ഒരു മത്സരത്തിന്റെ ദൂരം കൂടെ ബാക്കിയായി. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ രഹനെയുടെ തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു ആദ്യ പകുതിയില്‍ രാജസ്ഥാന്‍ ബൌളര്‍മാരുടെ പ്രകടനം. 8 ഓവറില്‍ 4 വിക്കറ്റിനു 51 റന്‍സ് എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്നായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചു വരവ്. ശുഭം ഗില്ലുമായി ചേര്‍ന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ സമചിത്തതയോടെയുള്ള ഇന്നിങ്ങ്സാണ് കൊല്‍ക്കത്തയെ വീണ്ടും കളിയില്‍ ആധിപത്യം നേടാന്‍ സഹായിച്ചത്. ഗില്‍ പുറത്തായതിനു ശേഷം ക്രീസിലെത്തിയ റസ്സലും ഒട്ടും മോശമാക്കിയില്ല. പതിഞ്ഞ താളത്തില്‍ തുടങ്ങിയ റസ്സല്‍ പിന്നീട് കത്തിക്കയറി. 52 റണ്‍സെടുത്ത കാര്‍ത്തിക്കിന്റെയും 49 റണ്‍സെടുത്ത റസ്സലിന്റെയും മികവില്‍ കൊല്‍ക്കത്ത 20 ഓവറില്‍ 169 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജയിക്കാനായി ഉറച്ചു തന്നെയായിരുന്നു. ത്രിപാഠിയും രഹനെയും ചേര്‍ന്ന് മികച് തുടക്കമാണ്‌ രാജസ്ഥാനു നല്‍കിയത്. ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ ത്രിപാഠിയെ ചൌവ്ല വേഴ്തുംപോള്‍ സ്കോര്‍ 47നു ഒന്ന്. പിന്നീടു ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണും മോശമാക്കിയില്ല. പക്ഷെ കളി മുന്നോട്ടു പോകും തോറും ജയിക്കാനാവശ്യമുള്ള റണ്‍റേറ്റ് കൂടി വന്നു. അതിനെ തുടര്‍ന്നു റണ്‍റേറ്റ് ഉയര്‍ത്താനുള്ള സമ്മര്‍ദ്ധത്തില്‍ രഹാനെയും, സംസണും കൂടാരം കേറി. പിന്നീടു എല്ലാം ഒരു ചടങ്ങ് മാത്രമായി. ഇന്നിംഗ്സിലെ 20 ഓവറും പിന്നിട്ടപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 144ല്‍ ആവസാനിച്ചു. കൊല്‍ക്കത്തയ്ക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ 25 റണ്‍സ് ജയം. അതോടൊപ്പം രണ്ടാം ക്വാളിഫയര്‍ യോഗ്യതയും.

32 പന്തില്‍ 5 സിക്സറുകളുടെ അകമ്പടിയോടെ 49 റണ്‍സെടുക്കുകയും മികച് ബൌളിംഗ് കാഴ്ച വെയ്ക്കുകയും ചെയ്ത കൊല്‍ക്കത്തയുടെ കരീബിയന്‍ താരം ആന്ദ്രെ റസ്സലാണ് കളിയിലെ കേമന്‍. രണ്ടാം ക്വാളിഫയര്‍ ഈഡനില്‍ വെള്ളിയാഴ്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here