ക്രിസ്റ്റ്യാനോ റൊണാൾഡോ: ആരവമൊഴിയുന്ന സാന്റിയാഗോ ബെർണബ്യു.

ജൂലൈ 6 2009, ആ ദിവസമാണ് സാന്റിയാഗോ ബെർണബ്യുവിൽ തിങ്ങി നിറഞ്ഞ 80000ൽ പരം കാണികളെ സാക്ഷിയാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന അന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളർ റയൽ മാഡ്രിഡിലേക്കുള്ള തന്റെ വരവറിയിച്ചത്. ഒൻപത് വർഷങ്ങൾക്കിപ്പുറം ആ ക്ലബ്ബിന്റെ പടി ഇറങ്ങുന്നതും ഒരു ജൂലൈ മാസത്തിൽ തന്നെ.

റൊണാൾഡോ വന്നിറങ്ങുമ്പോൾ റയൽ മാഡ്രിഡ് എന്ന ക്ലബ് സ്‌പെയിനിലും യൂറോപ്പിലും സ്ഥിരതയില്ലായ്മയാൽ വലയുകയായിരുന്നു. അതേ സമയം ബാഴ്സലോണ ആവട്ടെ പെപ്പ് ഗാർഡിയോളയുടെ നേതൃത്വത്തിൽ മികച്ച ഫോമിൽ ആയിരുന്നു. സാവി-ഇനിയെസ്റ്റ-ലയണൽ മെസ്സി എന്ന അച്ചുതണ്ടിൽ കറ്റാലൻ പട ചരിത്രം രചിക്കുകയായിരുന്നു. റൊണാള്‍ഡീഞ്ഞോ എന്നാ അതികായകന്‍ ഒഴിച്ചിട്ട സിംഹാസനത്തില്‍ ലയണല്‍ മെസ്സി എന്ന രാജകുമാരന്‍ അവരോഹിതനായി കൊണ്ടിരുന്ന സമയം. മറ്റേതൊരു താരമാണെങ്കിലും നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റെഡ് എന്ന സേഫ് സോണ്‍ വിട്ടുള്ള റൊണോയുടെ കൂടുമാറ്റം ഒരു പക്ഷെ ആത്മഹത്യാപരം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന അവസരം.
എന്നാൽ, അയാള്‍ വന്നത് മുതൽ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സാന്റിയാഗോ ബെർണബ്യു അതുവരെ കണ്ട എല്ലാ ഗോൾനേട്ട റെക്കോർഡുകളും അയാൾ തന്റെ പേരിന് കീഴിൽ കുറിച്ചു.

ലോക ഫുട്‌ബോളിൽ ബാഴ്സലോണയ്ക്ക് ഒപ്പവും, പല അവസരങ്ങളിലും അതിനേക്കാൾ മുകളിലും റയൽ മാഡ്രിഡ് എന്ന ക്ലബ്ബ് പിന്നീട് എത്തിച്ചേർന്നു. 451 ഗോളുകളും 120 അസിസ്റ്റുകളും ആ പ്രതിഭയ്ക്ക് അടിവരയിട്ടു. ഇക്കാലയളവിൽ 4 ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയ CR7 അത്രതന്നെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും തന്റെ ക്ലബിന് നേടി കൊടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. ഒരു ഘട്ടത്തിൽ നഷ്ടമായിരുന്ന ഖ്യാതി വീണ്ടെടുക്കുവാനും റയൽ മാഡ്രിഡിന് ഇക്കാലയളവിൽ സാധിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടര്‍ പോരാട്ടങ്ങളില്‍ സ്ഥിരമായി പുറത്തായി കൊണ്ടിരുന്ന ടീമിന് ചാമ്പ്യന്‍സ് ലീഗില്‍ വ്യക്തമായ ഒരു മേല്‍വിലാസം സൃഷ്ടിക്കുവാന്‍ ഇക്കാലയളവില്‍ സാധിച്ചു. അതില്‍ മറ്റാരെക്കാളും അവകാശം റൊണാള്‍ഡോയുടെ ഗോള്‍ സ്കോറിംഗ് പാടവത്തിനു തന്നെയെന്ന് നിസംശ്ശയം പറയാം.

ലോസ് ബ്ലാൻകോസ് മുടക്കിയ ഓരോ യൂറോയ്ക്കും അതിന്റെ പതിന്മടങ്ങു മൂല്യം ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന താരം തിരിച്ചു നൽകി. റൊണാൾഡോ നേടി കൊടുത്ത അംഗീകാരവും ആരാധകവൃന്ദവും മറ്റൊന്നിനോടും തുലനം ചെയ്യാനാവാത്തതാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രമെടുത്താൽ പോലും ഏറ്റവും മികച്ച കളിക്കാരുടെ നിരയിൽ വെറും 6 സീസണുകൾ മാത്രം അവിടെ കളിച്ച റൊണാൾഡോ ഉണ്ടാവും. 2 ക്ലബുകളിലായി ലോകത്തെ ഏറ്റവും മികച്ച 2 ലീഗുകളിൽ നിന്ന് ഒരു ഫുട്‌ബോളർക്ക് നേടാനാവുന്നത് എല്ലാം CR7 നേടിയിരിക്കുന്നു.

യുവന്റസിലേക്കുള്ള 105 കോടി യൂറോ ട്രാൻസ്‌ഫറോടെ ക്രിസ്റ്റിയാനൊ റയൽ മാഡ്രിഡിന്റെ പടി ഇറങ്ങുമ്പോൾ അവസാനമാകുന്നത് റയലിന്റെ ചരിത്രത്തിലെ തന്നെ അതിമനോഹരമായ ഒരു യുഗമാണ്.

ഈ ട്രാൻസ്ഫറിലൂടെ ഏറ്റവും നേട്ടം കൈവരിക്കുക യുവന്റസ് എന്ന ക്ലബ്ബും സീരി എയുമാണ്. ട്രാൻസ്ഫർ റൂമറുകൾ വന്നപ്പോൾ തന്നെ യുവന്റസ് ഓഹരികൾക്ക് ഉണ്ടായ കുതിപ്പ് തന്നെ ഇതിന് ഉത്തമ ഉദാഹരണം. 665 മില്യൻ യൂറോയിൽ നിന്ന് 815 മില്യനിലേക്കാണ് യുവന്റസ് ഓഹരി കുതിച്ചത്, അതായത് ട്രാൻസ്ഫർ തുകയേക്കാൾ ലാഭം യുവന്റസിന് ഉണ്ടാക്കി കൊടുക്കാൻ റൊണാൾഡോ എന്ന ആ പേര് ധാരാളമായിരുന്നു.1996ന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് നേട്ടം ലക്ഷ്യം വെയ്ക്കുന്ന യുവന്റസിന് ക്രിസ്ത്യാനോ എന്ന 33 വയസ്സുകാരൻ നൽകുന്ന ഊർജവും പ്രതീക്ഷയും വാനോളമാണ്. റൊണാൾഡോ എന്ന ഇതിഹാസതാരത്തിൽ നിന്ന് ആരാധകരും അതിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here