ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ജേതാവ്

ഫോര്‍മുല വണ്‍ മത്സരങ്ങള്‍ അതിന്റെ അന്ത്യത്തോട്‌ അടുക്കുമ്പോള്‍ കിരീട പോരാട്ടം കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. ഇന്നലെ നടന്ന ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കിയത് മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. മത്സരത്തില്‍ പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ലൂയിസ് ഹാമിള്‍ട്ടണിനു കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ആദ്യ കോര്‍ണറില്‍ സെബാസ്റ്റ്യന്‍ വെറ്റലിന്റെ കൂട്ടിയിടിയും സഹായിച്ചു. മെഴ്സിഡസ് താരവും ഹാമിള്‍ട്ടണിന്റെ സഹ ഡ്രൈവറുമായ വാള്‍ട്ടേരി ബോത്താസിന്റെ വണ്ടിയുമായി സെബാസ്റ്റ്യന്‍ വെറ്റല്‍ ആദ്യ ലാപ്പില്‍ കൂട്ടിയിടിച്ചിരുന്നു. ഇതില്‍ നിന്ന് ശക്തമായി തിരിച്ചു വന്നെങ്കിലും റേസില്‍ അഞ്ചാമതായി മാത്രമേ വെറ്റലിനു ഫിനിഷ് ചെയ്യാനായുള്ളു. കൂട്ടയിടിയെ തുടര്‍ന്ന് വന്ന അഞ്ച് സെക്കന്‍ഡ് പെനാള്‍ട്ടിയാണ് വെറ്റലിനു തിരിച്ചടിയായത്.

റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പെന്‍ രണ്ടാം സ്ഥാനത്തും വെറ്റലിന്റെ സഹഡ്രൈവറായ ഫെറാരിയുടെ തന്നെ കിമി റൈക്കോൺ മൂന്നാമതായും റേസ് ഫിനിഷ് ചെയ്തു. ജയത്തോടെ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണ്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തി. രണ്ടാം സ്ഥാനത്തുള്ള സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 14 പോയിന്റെ ലീഡാണ് ഇപ്പോള്‍ ഹാമിള്‍ട്ടണുള്ളത്. കണ്‍സ്ട്രക്ട്ടെര്സ് ചാമ്പ്യന്‍ഷിപ്പില്‍ 237 പോയിന്റോടെ മെഴ്സിഡസും, 214 പോയിന്റോടെ ഫെറാരിയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here