ലെസ്റ്റർ സിറ്റിയുടെ സൂപ്പര്‍ താരത്തെ റാഞ്ചി മാഞ്ചസ്റ്റർ സിറ്റി

ലെസ്റ്റർ സിറ്റി താരം റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടു. അറുപതു ദശലക്ഷം യൂറോക്ക് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ താരത്തിന്റെ മെഡിക്കൽ പരിശോധനകൾ രണ്ടു ദിവസത്തിനുളളിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ റിയാദ് മെഹ്റസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി പരിശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഈ വര്‍ഷത്തെ ലെസ്റ്ററിന്റെ പ്രീ സീസൺ പര്യടനത്തിനുള്ള ടീമിനോടൊപ്പം മഹ്റസ്‌ ചേർന്നിട്ടില്ലാത്തതു ട്രാന്‍സ്ഫര്‍ നടക്കാന്‍ സാധ്യത ഉള്ളത് കൊണ്ടായിരുന്നു.


ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി മഹ്റസിനായി സമീപിച്ചപ്പോൾ നൂറു ദശലക്ഷം യൂറോയാണ് ലെസ്റ്റര്‍ സിറ്റി ആവശ്യപ്പെട്ടത്. ഇതോടെ സിറ്റി പിൻ വാങ്ങിയെങ്കിലും തന്റെ ട്രാൻസ്ഫർ നടക്കാത്തതിലുള്ള അതൃപ്തി മൂലം പത്തു ദിവസത്തോളം ടീമിന്റെ പരിശീലന സെഷനുകളില്‍ താരം പങ്കെടുത്തിരുന്നില്ല. എന്നാൽ പിന്നീട് പിണക്കം മറന്നു തിരിച്ചെത്തിയ താരം മിന്നുന്ന പ്രകടനമാണ് ക്ലബിനു വേണ്ടി കാഴ്ച വെച്ചത്. കഴിഞ്ഞ സീസണിൽ മുപ്പത്തിനാലു മത്സരങ്ങൾ ലെസ്റ്ററിന്റെ നീല കുപ്പായത്തില്‍ കളിച്ച അൾജീരിയൻ താരം പന്ത്രണ്ടു ഗോളുകളും പത്ത് അസിസ്റ്റുകളും ടീമിനായി നേടിയിട്ടുണ്ട്. ലെസ്റ്ററിനായി 139 മത്സരങ്ങൾ കളിച്ച താരം 39എതിര്‍ ഗോള്‍ വലയം ഭേദിച്ചു.

2016 ൽ പ്രീമിയർ ലീഗ് നേടിയ ലെസ്റ്റർ ടീമിന്റെ പ്രധാന താരമായിരുന്നു മഹ്റസ്. ആ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് യുറോപ്പിലെ മുന്‍ മുന്‍ നിര ക്ലബ്ബുകള്‍ നോട്ടമിട്ടെങ്കിലും ലെസ്റ്ററിനൊപ്പം തുടരാൻ മഹ്റസ് തീരുമാനിക്കുകയായിരുന്നു. മഹ്റസിനു പകരക്കാരനായി നോർവിച്ച് സിറ്റി താരം ജേംസ് മാഡിസണെ ലെസ്റ്റർ ടീമിലെത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here