അസൂറികളെ വഴികാട്ടാൻ മാഞ്ചിനി


മുൻ ഇന്റർമിലാൻ, മാഞ്ചസ്റ്റർ സിറ്റി കോച്ച് റോബർട്ടോ മാഞ്ചിനി ഇറ്റാലിയൻ ഫുട്ബോൾ ടീം കോച്ചായി ചുമതലയേറ്റു. 1958 നു ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടാതിരുന്നതിനെ തുടർന്ന് നവംബറിൽ പുറത്താക്കപ്പെട്ട ജിയാൻ പൈറോ വേണ്ടുറാക്കു പകരമാണ് നിയമനം.

 

നേരത്തെ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ കാർലോ അഞ്ചെലോട്ടിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം താല്പര്യം പ്രകടിപ്പിക്കാതിരുന്നതിനാലാണ് 53 കാരനായ മാഞ്ചിനിക്ക്‌ നറുക്ക് വീണത്.

 

ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ് ആയ 20ലാണ് ഇറ്റലി ഇപ്പോൾ. ലോക കപ്പ് യോഗ്യത പ്ലേയോഫിൽ സ്വീഡനോട് ഏറ്റ തോൽവിയാണ്‌ ഇറ്റലിയുടെ റാങ്കിങ് കൂപ്പുകുത്താൻ ഇടയാക്കിയത്. 2006-ൽ ലോകചാംപ്യന്മാരായതിനു ശേഷം ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നില്ല. 2010, 2014 ലോകകപ്പുകളിൽ നിരാശയായിരുന്നെങ്കിലും യൂറോപ്യൻ ചാമ്പ്യന്ഷിപ്പുകളിൽ ടീമിന്റെ പ്രകടനം ഭേദപ്പെട്ടത് ആയിരുന്നു. 2012-ൽ ഫൈനലിലും, 2016ൽ ക്വാട്ടറിലും ആയിരുന്നു ഇറ്റാലിയൻ ടീമിന്റെ പതനം. 

 

മഞ്ചിനിയെ ഇന്ന് ഫ്ലോറന്സില് നടക്കുന്ന ക്യാമ്പിൽ വെച്ച് ടീമംഗൾക്കു മുന്നിൽ പരിചയപ്പെടുത്തും.  മഞ്ചിനിയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു മാരിയോ ബലാറ്റലിയെ തിരിച്ചു വിളിക്കുക എന്നതായിരുന്നു. 2014 ശേഷം ആദ്യമായാണ് ബലോട്ടല്ലി ഇറ്റാലിയൻ ടീമിന്റെ പടിവാതിൽ കാണുന്നത്. 

 

ഇറ്റാലിയൻ ഇന്റർനാഷണൽ ആയിരുന്ന മാഞ്ചിനി തൊണ്ണൂറുകളിൽ ടീമിന്റെ അഭിവാജ്യഘടകമായിരുന്നു. ഇറ്റലിക്കായി 36 കളികളിൽ ബൂട്ട് കെട്ടിയ താരം 1990  ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും നിർഭാഗ്യവശാൽ കളത്തിലിറങ്ങിയില്ല. 

 

ഫിയറന്റിനയുടെ കോച്ചായി 2001ൽ തുടങ്ങിയതാണ് മഞ്ചിനിയുടെ കോച്ചിങ് കരിയർ. സാമ്പത്തിക പ്രശ്നങ്ങളിൽ ഉലഞ്ഞ ക്ലബ്ബിനെ ആ സീസണിൽ കോപ്പ ഇറ്റാലിയ ചാംപ്യന്മാരാക്കാൻ മാഞ്ചിനിക്കു സാധിച്ചു. പിന്നീട് ലാസിയോയിലേക്കും ഇന്റർമിലാനിലേക്കും കൂടുമാറിയ കോച്ചിന്‌ ഏറ്റവും വിജയകരമായ സമയം ഇന്ററിലെതായിരുന്നു. തുടർച്ചയായ മൂന്ന് സീരീ എ കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു.  ഇതിനു ശേഷമായിരുന്നു പുത്തൻപണത്തിന്റെ നിറവിലെത്തിയ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ഇദ്ദേഹത്തിന്റെ കൂടു മാറ്റം.  4 സീസണുകൾ നീണ്ട ഇംഗ്ലീഷ് ദൗത്യത്തിൽ ഒരു പ്രീമിയർ ലീഗും, ഒരു എഫ്. എ കപ്പും നേടാൻ ഇദ്ദേഹത്തിനായി. ഇതിനു ശേഷം ഗ്ളാറ്‌സറെ, ഇന്റർമിലാൻ സെനിത്, സെന്റ് പിറ്റേഴ്‌സ്‌ബെർഗ് എന്നീ ടീമുകളെ  പരിശീലിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here