മാഴ്സെലോ കളിക്കില്ല, കാനറികള്‍ക്കു തിരിച്ചടി : സാധ്യത ടീം ഇങ്ങനെ

ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ ഇന്ന് മെക്സിക്കോയെ നേരിടാനൊരുങ്ങുകയാണ് 5 വട്ടം ലോകചാമ്പ്യന്മാരായ ബ്രസീൽ. സെർബിയക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസത്തിലാണ്കാനറികള്‍ ഇന്ന് മെക്സിക്കോയെ നേരിടാനിറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറിനിറങ്ങുന്ന ബ്രസീൽ ടീമിൽ ലെഫ്റ്റ് ബായ്ക്ക് മാഴ്സലോ കാണില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുറം വേദനയെത്തുടർന്ന് കഴിഞ്ഞ മത്സരത്തിനിടെ പുറത്തേക്ക് പോകേണ്ടി വന്ന മാഴ്സലോ പൂർണമായും ഫിറ്റ് ആയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌ അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായിറങ്ങിയ അത്ലെട്ടിക്കോ മാഡ്രിഡ്‌ താരം ഫിലിപ്പെ ലൂയിസിന് ഇന്ന് ആദ്യ ഇലവനിൽ വീണ്ടും അവസരം ലഭിക്കും. തുടയ്ക്കേറ്റ പരിക്കിൽ മുക്തനായി റൈറ്റ് ബാക്ക് ഡാനിലോ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഫാഗ്നർ തന്നെ ഇന്നും കളിക്കാനാണ് സാധ്യത.

വില്ല്യനും, നെയ്മറും, ഗബ്രിയേൽ ജീസസും തന്നെയാവും മുന്നേറ്റ നിരയില്‍. പ്രതിരോധത്തിലെ ഉറച്ച കോട്ടയായ തിയാഗോ സിൽവയാണ് ഇന്ന് ബ്രസീലിയന്‍ ടീമിനെ നയിക്കുന്നത്. അതേ സമയം തങ്ങളുടെ പ്രതിരോധനിരയിലെ നെടുംതൂണായ ഹെക്ടർ മോറിനോയ്ക്ക് ഇന്ന് കളിക്കാനാവില്ലെന്നത് മെക്സിക്കോയ്ക്ക് മത്സരത്തിൽ തിരിച്ചടിയാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ചതാണ് താരത്തിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്. മോറിനോയ്ക്ക് പകരം ഹൂഗോ അയാളയായിരിക്കും പ്രീക്വാർട്ടറിൽ മെക്സിക്കൻ നിരയിലെത്തുക.

മത്സരത്തിനുള്ള ബ്രസീൽ സാധ്യതാ ടീം : അലിസൺ, ഫാഗ്നർ, തിയാഗോ സിൽവ, മിറാൻഡ, ഫിലിപ്പെ ലൂയിസ്, കാസിമിറോ, പൗളീഞ്ഞോ, കുട്ടീഞ്ഞോ, വില്ല്യൻ, നെയ്മർ, ഗബ്രിയേല്‍ ജീസസ്

LEAVE A REPLY

Please enter your comment!
Please enter your name here