ജര്‍മനിയെ തകര്‍ത്ത മെക്സിക്കന്‍ തിരമാല

വെളുത്ത വസ്ത്രം ധരിച്ച,സ്വർണ്ണത്തലമുടിയുള്ള ആ യുവതിയ്ക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്തൊക്കെയോ പറയാൻ ശ്രമിച്ചുവെങ്കിലും ആ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.അവൾ അപ്പോൾ കരച്ചിലിൻ്റെ വക്കിലായിരുന്നു. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്ന സകല മെക്സിക്കോ ആരാധകരുടെയും സ്ഥിതി അതുതന്നെയായിരുന്നു.അവരുടെ പ്രിയപ്പെട്ട ദേശീയ ടീം ജർമ്മനിയ്ക്കെതിരെ ലീഡ് സ്വന്തമാക്കിയ നിമിഷമായിരുന്നു അത് !

കളിയുടെ മുപ്പത്തിയഞ്ചാമത്തെ മിനുട്ടിലാണ് അത് സംഭവിച്ചത്. ഹിർവിങ് ലൊസാനോ ഗ്രൗണ്ടിൻ്റെ ഇടതുഭാഗത്തുകൂടി ജർമ്മൻ ഗോൾമുഖത്തേക്ക് ഒാടിയടുത്തു.ഇരുപത്തിരണ്ടാം നമ്പറുകാരനെ തങ്ങളുടെ പെനൽറ്റി ബോക്സിൽ കണ്ട ജർമ്മൻ ഡിഫൻ്റർമാർ പാഞ്ഞെത്തി. ആദ്യത്തെ പ്രതിരോധഭടനെ മറികടന്ന ലൊസാനോ തൻ്റെ മുന്നിൽക്കണ്ടത് മാനുവൽ നോയറിനെയായിരുന്നു.കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ഗ്ലൗ നേടിയ അതേ ഗോൾകീപ്പർ ! പച്ചക്കുപ്പായമിട്ട ധീരൻ പതറിയില്ല ! രണ്ടാമത്തെ ഡിഫൻ്റർ എത്തുന്നതിനു തൊട്ടുമുമ്പ് ഷോട്ട് തൊടുത്തു.നോയറിന് ഒരു സാദ്ധ്യതയും ഇല്ലായിരുന്നു.ഗോൾ….!

കണ്ണീരിറ്റുന്ന ആഹ്ലാദപ്രകടനമാണ് പിന്നീട് കണ്ടത്. 1986 ലോകകപ്പിനു ശേഷം ആദ്യമായി ജർമ്മനി ഒരു വേൾഡ് കപ്പിൻ്റെ ഒാപ്പണിങ്ങ് ഗെയിമിൽ പിന്നിലായി. പക്ഷേ ഇതൊരു താത്കാലിക പ്രതിഭാസമാണെന്ന് സകലരും കരുതി. ഏതുനിമിഷവും വെള്ളപ്പട തിരിച്ചുവരുമെന്ന് നാം കരുതി. പക്ഷേ ഒന്നും സംഭവിച്ചില്ല. കളി കഴിഞ്ഞപ്പോഴും സ്കോർകാർഡ് അതേപടി തന്നെ നിലകൊണ്ടു….

‘ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചു’ എന്ന തലക്കെട്ട് നാളത്തെ പത്രങ്ങളിൽ കണ്ടേക്കാം.പക്ഷേ അത് ജയിച്ച ടീമിനോടു ചെയ്യുന്ന അനീതിയാവുമെന്ന് തോന്നുന്നു.മെക്സിക്കോ ജർമ്മനിയെ ഞെട്ടിക്കുകയല്ല ; തോൽപ്പിക്കുക തന്നെയാണ് ചെയ്തത് !

ഈ മത്സരത്തിനിറങ്ങുംമുമ്പ് മെക്സിക്കോയുടെ അവസ്ഥയെന്തായിരുന്നു എന്ന് ആലോചിച്ചുനോക്കുക. നിലവിലെ ചാമ്പ്യൻമാരായ,താരനിബിഡമായ ജർമ്മനി. ഗോളടിയന്ത്രങ്ങളായ മുന്നേറ്റനിരക്കാർ. ബ്രസീലിന് സ്വന്തം മണ്ണിൽ അപമാനത്തിൻ്റെ കയ്പ്പുനീർ നൽകിയവർ.മറുപക്ഷത്ത് ഇന്നേവരെ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിനപ്പുറം പോയിട്ടില്ലാത്ത ഒരു പാവം മെക്സിക്കോ !

പക്ഷേ എതിരാളികളുടെ വലിപ്പം കണ്ട് അവർ ഭയന്നില്ല.മെക്സിക്കോയുടെ ഗോൾവല കാക്കുന്ന ഗിലർമോ ഒച്ചോവയുടെ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമായിരുന്നു.

”ജർമ്മനിയെപ്പോലൊരു ടീമിനെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്.ഇൗ മത്സരത്തിൽ നന്നായി കളിച്ച് മെക്സിക്കൻ ജനതയ്ക്ക് സന്തോഷം നൽകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു….”

ആ ടീമിൻ്റെ പ്രയത്നവും മനോനിലയും വിളിച്ചോതുന്ന വാക്കുകൾ !

കളിക്കു മുമ്പ് നടന്ന അഭിപ്രായവോട്ടെടുപ്പിൽ 87% പേരും പ്രവചിച്ചത് ജർമ്മനിയുടെ വിജയമാണ്. കുറേപ്പേർ സമനിലയാവുമെന്നും കരുതി. വളരെക്കുറച്ചു പേർ മാത്രമാണ് മെക്സിക്കോയെ അനുകൂലിച്ചത്. എല്ലാവർക്കുമുള്ള മറുപടിയെന്നോണം നോർത്ത് അമേരിക്കക്കാർ ജയിച്ചുകയറി.2026 ലോകകപ്പിൻ്റെ ആതിഥേയത്വം ലഭിച്ചതിൻ്റെ കൂടി സന്തോഷത്തിലാണ് മെക്സിക്കോക്കാർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്. വീറുറ്റ ഒരു പോരാട്ടം മാത്രമേ അവർ പ്രതീക്ഷിച്ചുകാണൂ. റിസൾട്ട് ആ ജനക്കൂട്ടത്തിന് ഇരട്ടിമധുരമായി.

ആദ്യ മിനുട്ട് മുതൽ അവർ ജർമ്മനിയുടെ കഴുത്തിൽ പിടിമുറുക്കിയതാണ്. ലൊസാനോയുടെ ഷോട്ട് നോയർ ബ്ലോക്ക് ചെയ്തതും അതിനെത്തുടർന്ന് ഉണ്ടായ കോർണറും ജർമ്മൻ ക്യാമ്പിൽ ഭീതി വിതച്ചതാണ്. കളി കഴിയുന്നത് വരെ അതങ്ങനെതന്നെ തുടർന്നു. രാജ്യത്തിൻ്റെ ടോപ്സകോററായ ഹാവിയർ ഹെർണാണ്ടസ് അവസരം തുലച്ചപ്പോൾ മെക്സിക്കോയ്ക്ക് മറ്റൊരു രക്ഷകൻ അവതരിച്ചു. യോഗ്യതാ റൗണ്ടിലെന്ന പോലെ ഇവിടെയും ലൊസാനോ തകർത്തുകളിച്ചു. അവസരങ്ങൾ തുലച്ചില്ലായിരുന്നുവെങ്കിൽ മെക്സിക്കോ വീണ്ടും സ്കോർ ചെയ്യുമായിരുന്നു. ഷോട്ടുകളിലും പന്തടക്കത്തിലുമെല്ലാം ജർമ്മനിയോട് അവർ ഒപ്പത്തിനൊപ്പം നിന്ന് പൊരുതി.

മത്സരത്തിലുടനീളം അവർ ജേതാക്കളപ്പോലെ കളിച്ചു.അതാണ് പ്രധാനം.ലീഡ് അനർഹമായി വീണുകിട്ടിയതാണെന്ന് ചിന്തിച്ചില്ല.അതിൽ കടിച്ചുതൂങ്ങാതെ അവർ പിന്നെയും സ്കോർ ചെയ്യാൻ ശ്രമിച്ചു.ജർമ്മൻ ഫാൻസ് ഇന്ന് നിരാശരാവും.പക്ഷേ ഫുട്ബോൾ ലോകം സന്തോഷിക്കും.ഇന്ന് ജയിച്ചത് ഈ ഗെയിമാണ്.ഇടയ്ക്ക് ഇത്തരം ഫലങ്ങളില്ലെങ്കിൽ ഇൗ മനോഹരമായ കളി വിരസമാവില്ലേ!?

മിന്നൽ സേവുകളുമായി ഒച്ചോവയും കളംനിറഞ്ഞു.ടോണി ക്രൂസിൻ്റെ ഫ്രീകിക്ക് തടുത്തതുപോലെ മത്സരത്തിലുടനീളം എത്ര രക്ഷപ്പെടുത്തലുകൾ !

പ്രിയ ഒച്ചോവ,നിങ്ങൾ തീർച്ചയായും സന്തോഷം നൽകിയിരിക്കുന്നു.മെക്സിക്കോയ്ക്കുമാത്രമല്ല,ഞങ്ങൾക്കെല്ലാവർക്കും….!

LEAVE A REPLY

Please enter your comment!
Please enter your name here