മെക്സിക്കോയ്ക്ക് സ്വീഡിഷ് തിരിച്ചടി

ഗ്രൂപ്പ് എഫ്-ലെ അവസാന മത്സരത്തിൽ സ്വീഡന് മെക്സിക്കോയോട് ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ വിജയം. വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡൻ പ്രീ ക്വാർട്ടറിൽ കടന്നു. ലോകചാംപ്യന്മാരായ ജർമനി ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും ഇതോടെ സ്വീഡനും,മെക്സിക്കോയും പ്രീ ക്വാർട്ടറിൽ കടന്നു. ദക്ഷിണ കൊറിയയോട് തോറ്റ ജർമ്മനി പ്രീ ക്വാർട്ടർ കാണാതെ പുറത്ത്.

പ്രീ ക്വാർട്ടറിൽ കടക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന സ്വീഡൻ തുടക്കം മുതൽ ആക്രമണ ഫുട്‌ബോൾ അഴിച്ചുവിട്ടു. മെക്സിക്കൻ ഗോളി ഗിലർമോ ഒച്ചോവയാണ് സ്വീഡിഷ് മുന്നേറ്റങ്ങൾക്ക് വിലങ്ങുതടിയായത്. ഇടക്ക് ലഭിക്കുന്ന കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടാൻ മെക്സിക്കോയും ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയിൽ സ്വീഡന് അനുകൂലമായി വിധിച്ച പെനാൽറ്റി റഫറി VAR ന്റെ സഹായത്തോടെ പിൻവലിച്ചു.

ഇടവേളക്ക് ശേഷം 49ആം മിനിറ്റിൽ സ്വീഡൻ കാത്തിരുന്ന ഗോളെത്തി,ലെഫ്റ്റ് ബാക്ക് അഗസ്റ്റിൻസൺ മികച്ച വോളിയിലൂടെ ഒച്ചോവയെ മറികടന്നു. തുടർന്ന് 61ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗ്രാൻക്വിസ്റ് സ്വീഡന്റെ ലീഡ് രണ്ടായി ഉയർത്തി. 74ആം മിനിറ്റിൽ മെക്സിക്കൻ ഡിഫൻഡർ അൽവാരസ് വഴങ്ങിയ സെൽഫ് ഗോളോടെ മെക്സിക്കൻ തിരിച്ചുവരവ് അസാധ്യമായി.

സ്വീഡനോട് വലിയ മാർജിനിൽ പരാജയപ്പെട്ടെങ്കിലും ദക്ഷിണ കൊറിയ ജർമനിയെ പരാജയപ്പെടുത്തിയത്തിലൂടെ മെക്സിക്കോ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഇ യിലെ ഒന്നാം സ്ഥാനക്കാരെ മെക്സിക്കോയും, രണ്ടാം സ്ഥാനക്കാരെ സ്വീഡനും പ്രീ ക്വാർട്ടറിൽ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here