മഹേന്ദ്ര സിംഗ് ധോണി: സ്വപ്നങ്ങൾ ചുമലിലേറ്റിയ ഏഴാം നമ്പറുകാരൻ

മഹേന്ദ്ര സിംഗ് ധോണി, ആ പേര് ഇന്ത്യയിലെ ജനങ്ങൾക്കു ആവേശമായിട്ട് 14 വർഷങ്ങൾ കഴിഞ്ഞു. സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞാൽ ഇന്ത്യയിൽ ഇത്രത്തോളം ആരാധകരെ സൃഷ്ടിച്ച മറ്റൊരു കായിക താരം ധോണി മാത്രം. ഒരു പക്ഷെ ലോകത്തിൽ CR7 കഴിഞ്ഞാൽ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ഏഴാം നമ്പർ, MSD7.

14 വർഷത്തെ തന്റെ കരിയറിനിടെ ക്രിക്കറ്റിൽ പല നേട്ടങ്ങളും ധോണി തന്റെ കൈപ്പിടിയിലൊതുക്കി. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മഹേന്ദ്ര സിങ് ധോണി എന്ന ഇന്ത്യക്കാരുടെ മഹി തന്റെ ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഏകദിനത്തിൽ 10000 റൺസ് പിന്നിടുന്ന 4ാമത്തെ ഇന്ത്യക്കാരൻ, അന്താരാഷ്ട്ര തലത്തിൽ 12ാമൻ. തന്റെ 320ാമത്തെ ഏകദിനത്തിൽ 273 ഇന്നിംഗ്സുകളിൽ നിന്നാണ് മഹി ഈ നേട്ടത്തിലെത്തിയത്.
10000 റൺസ് നേട്ടം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതുമയല്ലെങ്കിലും, മഹിയുടെ ഈ നേട്ടത്തിന് മഹിമയേറെയാണ്. അത് ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ ചരിത്രമാണ്.

ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ ധോണിയുടെ പങ്ക് എത്രത്തോളമെന്നു വിളിച്ചറിയിക്കുന്നതാണ് ധോണിയുടെ ഈ നേട്ടം. കരിയറിന്റെ സിംഹഭാഗവും ആറാം നമ്പറിലോ അതിൽ താഴെയോ ആയിരുന്നു ധോണി ബാറ്റിങ്ങിനിറങ്ങിയത്. അങ്ങനെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കളിക്കാരനാണ് ധോണി. ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവരെല്ലാം ഓപ്പണിങ് വിക്കറ്റുകളിൽ ബാറ്റ് ചെയ്തവരാണ്.

തന്റെ കരിയറിലെ അഞ്ചാം ഏകദിനത്തിൽ തന്നെ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ നേടിയ 148 റൺസോടെ വെടിക്കെട്ട് ബാറ്സ്മാനായി ധോണി പേരെടുത്തു. അതേ വർഷം തന്നെ ശ്രീലങ്കയ്ക്കെതിരെ നേടിയ 183 റൺസ് ആ പേര് അരക്കിട്ടുറപ്പിച്ചു.

2007ൽ ദ്രാവിഡിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റുവാങ്ങിയതോടെയാണ് മഹി എന്ന നീളൻ മുടിക്കാരൻ ഇന്ത്യൻ യുവാക്കളുടെ ഹരമായത്. സ്വതസിദ്ധമായ ഫിയർലെസ് ബാറ്റിങ്ങിനെ ഉടച്ചുവാർത്തുകൊണ്ടാണ് ധോണി ആ ഉത്തരവാദിത്തം ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് മഹി ഇന്ത്യൻ ജനതയുടെ വിശ്വസ്ത ബാറ്റ്സ്മാനായി. ധോണി ക്രീസിലുണ്ടെങ്കിൽ ഏതു സ്കോറും നിസ്സാരമെന്നു ഇന്ത്യ പറഞ്ഞുതുടങ്ങി, ധോണിയുടെ വിക്കറ്റ്‌ ഇന്ത്യൻ ക്രിക്കറ്റിന്റെ മൂലക്കല്ലായി.

അവിടുന്നിങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണകാലമായി. ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ നേട്ടങ്ങളും ഇന്ത്യൻ ടീമിനെ തേടിയെത്തി. ഐ. സി.സി.യുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റനായി ധോണി. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 91 റൺസ് 121 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ പേറിയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ഒന്നാം റാങ്കിൽ എത്തിച്ചു.

ഇന്ത്യ അക്കാലയളവിൽ നേടിയ ഓരോ ട്രോഫിയിലും ധോണി എന്ന ക്യാപ്റ്റൻ കൂൾ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 2007 ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ജോഗീന്ദർ ശർമയെ ഏല്പിച്ചതും, ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇംഗ്ലണ്ട് വിജയത്തിനരികെ നിൽക്കെ ഇഷാന്ത് ശർമ്മയ്ക്ക് ബോളിങ് നൽകിയതും ഉദാഹരണങ്ങൾ മാത്രം. ഒരു പക്ഷെ ഫലം കണ്ടില്ലെങ്കിൽ തന്റെ കരിയർ തന്നെ നശിപ്പിക്കാവുന്ന തീരുമാനങ്ങൾ, പക്ഷെ ധോണി എന്ന കൂർമബുദ്ധിക്കാരൻ ക്യാപ്റ്റൻ സ്വന്തം നിലനിൽപ്പിനെ ഭയന്നില്ല, ടീമിന്റെ നേട്ടത്തിന് വേണ്ടി വിദൂരമായ അവസരങ്ങൾ പോലും വിനിയോഗിച്ചു.

മഹി എന്ന ബാറ്റ്സ്മാൻ ചോദ്യം ചെയ്യപ്പെട്ടാലും ധോണി എന്ന വിക്കറ്റ്കീപ്പറെ വിമർശിക്കുവാൻ ആരും ധൈര്യപ്പെടില്ല. ചടുലമായ സ്റ്റമ്പിങ്ങുകളും ക്യാച്ചുകളും നേടി ധോണി എന്നും ക്രിക്കറ്റിനെ വിസ്മയിപ്പിച്ചിട്ടുണ്ട്. രണ്ടാം ഏകദിനത്തിൽ തന്നെ നേടിയ 300 ക്യാച്ച് എന്ന നാഴികക്കല്ലും അതിന് തെളിവാണ്.

ധോണി ഇന്ത്യൻ ടീമിന് ഒരു ക്യാപ്റ്റൻ മാത്രമായിരുന്നില്ല, പുതുതലമുറ താരങ്ങൾക്കു കോച്ചും പ്രോത്സാഹനവുമായിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടും ധോണി ടീമിന് അപ്രഖ്യാപിത ക്യാപ്റ്റൻ തന്നെയാണ്. സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ വിരാട് കോഹ്‌ലി പലപ്പോഴും ധോണിയെ സമീപിക്കുന്നത് അതിന്റെ തെളിവാണ്.

14 വർഷം പിന്നിട്ട് മുന്നോട്ട് നീങ്ങുന്ന കരിയറിൽ ഭൂരിഭാഗം നേട്ടങ്ങളും ആഘോഷിക്കപ്പെടാതെ പോവുകയാണുണ്ടായത്. പല കിരീടനേട്ടങ്ങളും സഹതാരങ്ങൾ ആഘോഷിക്കുമ്പോൾ ധോണി ഒരു ചെറു പുഞ്ചിരിയിൽ മാത്രം ആഹ്ലാദങ്ങൾ ഒതുക്കി.

ഒരു നല്ല കളിക്കാരനും ക്യാപ്റ്റനും മാത്രമല്ല വിമർശനങ്ങളെ സമർഥമായി നേരിടുന്ന ഒരു വാഗ്മി കൂടെയാണ് ധോണി. തന്റെ റിട്ടയർമെന്റിനെപ്പറ്റി ചോദിച്ച റിപ്പോർട്ടറെ ചോദ്യങ്ങളാൽ കുഴക്കിയ ആ വീഡിയോ കായിക ലോകം മുഴുവൻ കണ്ട് ആസ്വദിച്ചതാണ്. ബാറ്റുകൊണ്ടും എക്കാലവും ധോണി വിമർശകരുടെ വായടപ്പിച്ചിട്ടുണ്ട്, 2018 ഐ. പി.എല്ലിന് മുൻപ് ധോണിയുടെ ബാറ്റിംഗ് പാടവത്തെ ചോദ്യം ചെയ്തവർക്ക് ടൂർണമെന്റിന് ശേഷം ഒരു പക്ഷെ ചോദ്യങ്ങൾ ഒന്നും ഉണ്ടാവാനിടയില്ല.

ഏകദിനത്തിലെ സമീപകാല പ്രകടനങ്ങളെ വെച്ച് ധോണിയെ വിമർശിക്കുന്നവർക്ക് ഒരു മറുപടിയെയുള്ളൂ, ക്രിക്കറ്റിൽ എക്കാലവും ആഘോഷിക്കപ്പെടുന്ന ഈ വാക്കുകൾ “Form is Temporary, but Class is permanent”, ഫോം നശ്വരമാണ്, ക്ലാസ് ശാശ്വതവും. മഹി വിൽ ബി ബാക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here