മുംബൈയ്ക്ക് ബുമ്രയുടെ ബൌളിംഗ് മികവിൽ വിജയം

ടോസ് നേടിയ അശ്വിൻ മുംബൈയെ ബാറ്റിങ്ങിനയച്ചു. 3 ഓവറിൽ 37 റണ്ണുമായി മുംബൈ കുതിച്ചുകൊണ്ടിരിക്കെ അശ്വിൻ ടീമിന്റെ വജ്രായുധം പ്രയോഗിച്ചു, ആൻഡ്രൂ ടൈ. എറിഞ്ഞ ആദ്യ ബോളിൽത്തന്നെ വിക്കറ്റ്. 6ആം ഓവറിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരെയും ആൻഡ്രൂ ടൈ പുറത്താക്കിയെങ്കിലും മറ്റ് പഞ്ചാബ് ബൗളേഴ്സിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. രോഹിത് ശർമ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. പൊള്ളാർഡും കൃണാൽ പാണ്ട്യയും ആക്രമിച്ചു കളിച്ചു. സീസണിലെ ആദ്യ അർധസെഞ്ചുറി (23 ബോളിൽ 50 റൺസ്) കണ്ടെത്തി  പൊള്ളാർഡ് ടീം മാനേജ്മെന്റിന്റെ വിശ്വാസം കാത്തു. വിക്കറ്റ് നഷ്ട്ടത്തിനിടയിലും മുംബൈയ്ക്ക്  186 റൺസ് നേടാനായി. 4 വിക്കറ്റുമായി ആൻഡ്രൂ ടൈ പർപ്പിൾ ക്യാപ് മത്സരത്തിൽ ബഹുദൂരം മുന്നിലെത്തി. 
പഞ്ചാബിന്റെയും തുടക്കം മോശമായില്ല. ഗെയ്ലിന്റെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ സ്കോർ 34. അടിക്കു തിരിച്ചടി എന്ന വിരേന്ദർ സെവാഗിന്റെ തന്ത്രമായിരുന്നു രാഹുലും ഫിഞ്ചും നടപ്പിലാക്കിയത്. 2ആം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് നേടിയത് 111 റൺസ്. 94 റൺസുമായി പൊരുതിയ  രാഹുലിന് പക്ഷേ ടീമിനെ വിജയതീരത്തെത്തിക്കാനായില്ല.
 
കരുണ് നായർക്കു പകരം അവസാന ഇലവനിൽ ഇടം നേടിയ യുവരാജിന് പക്ഷെ പൊള്ളാർഡിനെ പോലൊരു  പ്രകടനം നടത്താനായില്ല. അവസാന ഓവറിൽ ജയിക്കാൻ 17 റൺ വേണ്ടിയിരുന്നിടത് പഞ്ചാബിന് നേടാനായത്  14 റൺ മാത്രം. 4 ഓവറിൽ കേവലം 15 റൺസ് മാത്രം വിട്ടുകൊടുത്തു 3 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ ബൌളിംഗ് മികവാണ് കളിയിൽ വഴിത്തിരിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here